"സുഖ'മായി തുടങ്ങി 
"അറബിക്‌ കുത്തി'ൽ അവസാനം



തിരുവനന്തപുരം "എന്ത്‌ സുഖമാണീ നിലാവി'ലൂടെ കേൾവിക്കാരെ മെലഡി സംഗീതത്തിൽ അലിയിച്ച്‌ "അറബിക്‌ കുത്തി'ലൂടെ ആവേശം തീർത്ത്‌ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌ ഫെസ്റ്റിവൽ മെഗാ ഇവന്റിലെ "മെഗാ മ്യൂസിക്‌ ഫെസ്റ്റിവ്‌'. തന്റെ എക്കാലത്തെയും സൂപ്പർഹിറ്റ്‌ മെലഡി ഗാനമായ "എന്ത്‌ സുഖമാണീ നിലാവി'ലൂടെയാണ്‌ യൂണിവേഴ്‌സിറ്റി സെനറ്റ്‌ ഹാളിൽ നിറഞ്ഞുകവിഞ്ഞ ആസ്വാദകരെ സംഗീതലോകത്തേക്ക്‌ ഗായിക ജ്യോത്സ്‌ന കൂട്ടിക്കൊണ്ടുപോയത്‌. അങ്ങനെ അക്ഷരമുറ്റം ക്വിസ്‌ ഫെസ്റ്റിവൽ മെഗാ ഇവന്റ്‌ കാഴ്ചക്കാർക്ക്‌ ആഘോഷവും തലസ്ഥാനത്തിന്‌ ആവേശവുമായി. ജ്യോത്സ്‌നയ്ക്ക്‌ ശേഷം വിധുപ്രതാപും ആര്യ ദയാലും അരവിന്ദ്‌ വേണുഗോപാലും നിത്യ മാമനും വേദിയിൽ സംഗീതവിസ്മയം തീർത്തു. അഭിനേത്രികളായ ഗായത്രി സുരേഷ്‌, ദിവ്യ പിള്ള എന്നിവർ ചടുലനൃത്തത്തിലൂടെ വേദിയിൽ ആഘോഷം തീർത്തു. പ്രിയ ലാലേട്ടനെ കാണാനെത്തിയ നൂറുകണക്കിന്‌ ആരാധകർ കൂടിയായതോടെ അക്ഷരമുറ്റം മെഗാ ഇവന്റ്‌ രാവ്‌ തലസ്ഥാന നഗരത്തിന്‌ പുത്തനുണർവായി. "ഉയിരിൻ ഉയിരെ', "നാടോടി പൂന്തിങ്കൾ' തുടങ്ങിയ ഹിറ്റ്‌ ഗാനങ്ങൾ വിധുപ്രതാപും വേദിയിലെത്തിച്ചു. "നീ ഹിമമഴയായി വരൂ', "വാതിൽക്കല്‌ വെള്ളരിപ്രാവ്‌' തുടങ്ങി തന്റെ സൂപ്പർഹിറ്റ്‌ പാട്ടുകൾ പാടി നിത്യയും കവർ സോങ്ങുകളിലൂടെ സംഗീതപ്രേമികളുടെ ഇഷ്‌ടതാരമായ ആര്യ ദയാലും കേൾവിക്കാരെ കൈയിലെടുത്തു. ഹൃദയത്തിലെ ഗാനങ്ങളിലൂടെ സിനിമാപ്രേമികളുടെയും സംഗീതാസ്വാദകരുടെയും മനം കവർന്ന അരവിന്ദ്‌ വേണുഗോപാൽ "നഗുമോ'എന്ന തന്റെ ഗാനം തന്നെ വേദിയിൽ ആദ്യം അവതരിപ്പിച്ചു. ഏകദേശം മൂന്നുമണിക്കൂർ നീണ്ട പരിപാടിയിൽ ഇരുപത്താറോളം ഗാനവും നാല്‌ നൃത്തവും അരങ്ങേറി. Read on deshabhimani.com

Related News