അക്ഷരമുറ്റത്ത് 
‘വയലാറിന്റെ’ ചുവടുകൾ

ദേശാഭിമാനി മുദ്രാഗാനത്തിന്റെ നൃത്താവിഷ്കാരം ചിട്ടപ്പെടുത്തിയ രേവതി വയലാർ മകൻ സിദ്ധാർഥിനെ മോഹൻലാലിന് പരിചയപ്പെടുത്തുന്നു


തിരുവനന്തപുരം അക്ഷരമുറ്റത്ത് പീലിവിടർത്തിയാടിയ ചുവടുകളാവിഷ്കരിച്ച് വയലാറിന്റെ കൊച്ചുമകളും. അക്ഷരമുറ്റം മെഗാ ഇവന്റിന് തുടക്കമിട്ട്‌ ദേശാഭിമാനി മുദ്രാഗാനത്തിന് ദൃശ്യാവിഷ്കാരമൊരുക്കിയത് വയലാറിന്റെ കൊച്ചുമകൾ രേവതി വയലാറും സംഘവുമാണ്‌. ഒ എൻ വിയുടെ വരികളിൽ ചിട്ടപ്പെടുത്തിയ ‘ശബ്ദം ശബ്ദം ധീരമാം ശബ്ദ'മെന്ന് തുടങ്ങുന്ന മുദ്രാഗാനമാണ് വേദിയിൽ അവതരിപ്പിച്ചത്. കലാമണ്ഡലത്തിലെ എംഎ വിദ്യാർഥികളാണ് ചുവടുവച്ചത്. കഥകളി, കുച്ചുപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം എന്നീ കലാരൂപങ്ങളുടെ സമന്വയമായിരുന്നു ദൃശ്യാവിഷ്കാരം. ചെന്നൈ കലാക്ഷേത്രയിൽനിന്ന് ഭരതനാട്യ പഠനം പൂർത്തിയാക്കിയ രേവതി വയലാറും ഡോ. കലാമണ്ഡലം രജിത രവിയും നിള ക്യാമ്പസ് കോ–-ഓർഡിനേറ്റർ തുളസീദാസും ചേർന്നാണ് ജുഗുൽബന്ധി ചിട്ടപ്പെടുത്തിയത്. വയലാർ രാമവർമയുടെ മകൾ ഇന്ദുലേഖയുടെ മകളായ രേവതി മകൻ സിദ്ധാർഥിനൊപ്പമാണ് ചടങ്ങിനെത്തിയത്. മുത്തച്ഛന്റെ ഓർമകൾ കൂടിയാണ് ദേശാഭിമാനിയുടെ വേദിയിലെത്തുമ്പോൾ മനസ്സിലെത്തുന്നതെന്ന് രേവതി പറയുന്നു. ദേശാഭിമാനിക്കുവേണ്ടി ആദ്യമായാണ് ഇത്തരത്തിൽ ഒരു അവസരം. ജനകീയമായ അറിവുത്സവത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും രേവതി പറഞ്ഞു. Read on deshabhimani.com

Related News