സഹകരണമേഖലയെന്ന തണൽ



മുൻ യുഡിഎഫ്‌ സർക്കാർകാലത്ത്‌  നാൽപ്പത്തിനാലായിരത്തിലധികം കെഎസ്‌ആർടിസി പെൻഷൻകാർക്ക്‌ മാസങ്ങളോളം പെൻഷൻ മുടങ്ങി. മരുന്നും നിത്യനിദാനവും മുടങ്ങിയ അവരിൽ ചിലർ ആത്മഹത്യയിൽ അഭയംതേടി. അവിടെ കൈപിടിക്കാനെത്തിയത്‌ സഹകരണമേഖലയായിരുന്നു. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച്‌ പെൻഷൻ നൽകാൻ സംവിധാനമുണ്ടാക്കി. അതോടെ മുടങ്ങാതെ  പെൻഷൻ എത്തി. ആപത്‌ഘട്ടത്തിൽ ജനങ്ങളെ ചേർത്തുപിടിച്ച സഹകരണമേഖലയുടെ ഇടപെടലുകളിൽ ഒന്നുമാത്രമാണിത്‌.ഒന്നിനു പുറകെ ഒന്നായി കേരളത്തെ ദുരിതങ്ങൾ വേട്ടയാടിയപ്പോഴും താങ്ങും തണലുമായി സഹകരണരംഗം ഒന്നാകെ മുന്നോട്ടുവന്നു. ‘കെയർ ഹോമി’ലൂടെ രണ്ടായിരത്തിലധികം പേർക്കാണ്‌ വീട്‌ കൈമാറിയത്‌. ദിനേശ്‌ബീഡി, ഇന്ത്യൻ കോഫിഹൗസ്‌, ഊരാളുങ്കൽ... നാടറിയുന്ന എത്രയെത്ര നന്മകൾ. ഒടുവിൽ കേരളബാങ്കെന്ന മഹാവിജയത്തിലേക്ക്‌ നാം നടന്നുകയറി. സഹകരണമേഖലയ്‌ക്ക്‌ കേരളീയരുടെ സാമ്പത്തിക–- സാമൂഹ്യ ജീവിതവുമായുള്ള ബന്ധത്തിന്‌ ആഴമേറെ. ഏതെങ്കിലും സഹകരണസ്ഥാപനത്തിൽ അംഗമല്ലാത്ത ഒരു കുടുംബംപോലും സംസ്ഥാനത്തുണ്ടാകില്ല. മൂന്നരക്കോടിയാണ്‌ കേരളത്തിലെ ജനസംഖ്യയെങ്കിൽ 5.88 കോടിയിലധികമാണ്‌ സഹകരണ സ്ഥാപനങ്ങളിലെ അംഗത്വം.  ബഹുഭൂരിപക്ഷവും രണ്ടോ അതിലേറെയോ സഹകരണ സംഘങ്ങളിൽ അംഗങ്ങളാണെന്നർഥം.  ഏകദേശം 17,500 സഹകരണ സംഘം പ്രവർത്തിക്കുന്നു.  1,40,705.77 കോടി രൂപയാണ്‌ സഹകരണമേഖലയിലെ നിക്ഷേപം. 1.16 ലക്ഷം കോടി രൂപ വായ്‌പയായി വിതരണം ചെയ്‌തിട്ടുണ്ട്‌. വാണിജ്യബാങ്കുകൾ കോർപറേറ്റുകൾക്കും വൻകിടക്കാർക്കും മാത്രമായി വായ്‌പ ഒതുക്കുമ്പോൾ സാധാരണക്കാർക്ക്‌ ആശ്രയം സഹകരണ സ്ഥാപനങ്ങളാണ്‌. വിവാഹം, ചികിത്സ; ആവശ്യം എന്തായാലും സാധാരണക്കാരൻ ഓടിയെത്തുക ഈ പൂമുഖത്തേക്കാണ്‌. നിക്ഷേപത്തിന്റെ 80 ശതമാനവും അതതു പ്രദേശങ്ങളിലാണ്‌ വായ്‌പയായി നൽകുന്നത്‌. സംസ്ഥാനത്താകെയുള്ള കാർഷികവായ്‌പയുടെ 15 ശതമാനവും നൽകുന്നതും സഹകരണ സ്ഥാപനങ്ങൾതന്നെ. കേരളത്തിൽ ദരിദ്രർ സാമ്പത്തിക ആവശ്യങ്ങൾക്ക് വാണിജ്യബാങ്കുകളേക്കാൾ ആശ്രയിക്കുന്നത് സഹകരണ സ്ഥാപനങ്ങളെയാണെന്ന് റിസർവ്‌ ബാങ്കിന്റെ പഠനം പറയുന്നു. സ്വാതന്ത്ര്യം ലഭിക്കുംമുമ്പുതന്നെ പിറവികൊണ്ട സഹകരണമേഖലയ്‌ക്ക്‌ കേരളത്തിന്റെ വളർച്ചയിൽ നിർണായക പങ്കുണ്ട്‌. ഭൂപരിഷ്‌കരണത്തിന്റെ ഫലമായി കുടിയാന്റെ കൈവശം ഭൂമി എത്തിയപ്പോൾ കൃഷിയിറക്കാൻ മൂലധനമുണ്ടായിരുന്നില്ല. ഈ നിസ്സഹായാവസ്ഥ ചൂഷണംചെയ്യാൻ ഒരുങ്ങിയവരുടെ കഴുത്തറുപ്പൻ ഇടപാടുകളിൽനിന്ന്‌ ജനങ്ങളെ രക്ഷിച്ച് ആവശ്യമായ വിഭവം ഒരുക്കിയത് സഹകരണമേഖലയായിരുന്നു.  അവിടെനിന്ന്‌ കേരളത്തിനാകെ തണലേകുന്ന വടവൃക്ഷമായി സഹകരണമേഖല വളർന്നുപന്തലിച്ചു. ഇതാകെ കൈപ്പിടിയിലൊതുക്കാൻ കേന്ദ്ര സർക്കാർ ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കാൻ തുടങ്ങിയിട്ട്‌ നാളേറെയായി. സഹകരണ സ്ഥാപനങ്ങളിലെ കോടികളുടെ നിക്ഷേപത്തിലാണ്‌ കണ്ണ്‌. നോട്ടുനിരോധന വേളയിലും തുടർന്നും ഈ മഹത്തായ പ്രസ്ഥാനത്തെ നോട്ടമിട്ടു. കൈക്കലാക്കാൻ കഴിഞ്ഞില്ലെങ്കിൽ തച്ചുതകർക്കുക എന്നതാണ്‌ പുതിയ അജൻഡ. വിരലിലെണ്ണാവുന്ന പുഴുക്കുത്തുകളെ ഊതിവീർപ്പിക്കുന്നവർ,  കേരളത്തിനാകെ തണലേകുന്ന വടവൃക്ഷത്തിനു നേർക്കാണ്‌ കോടാലിക്കൈകളാകുന്നത്‌.   Read on deshabhimani.com

Related News