കോർപറേറ്റുകളുടെ ‘ചങ്ക്’ കോൺഗ്രസ്‌‌



ന്യൂഡൽഹി    കോർപറേറ്റ്‌ പ്രീണനനയങ്ങൾക്കെതിരെ വിട്ടുവീഴ്‌ചയില്ലാതെ പൊരുതുന്ന ഇടതുപക്ഷത്തെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആക്ഷേപിച്ചത്‌ രാഷ്ട്രീയ സത്യസന്ധതയില്ലാതെ. ആഴക്കടലിലെ മത്സ്യം‌ അരിച്ചുപെറുക്കിയെടുക്കാൻ  വിദേശ ട്രോളറുകൾക്ക്‌ അനുമതി നൽകിയത്‌ 1991ലെ നരസിംഹറാവു സർക്കാര്‍‌. തീരദേശ ജനതയെ വറുതിയിൽ തള്ളിയ തീരുമാനത്തിൽ കോൺഗ്രസ്‌ ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ല. കാർഷികമേഖലയെ കോർപറേറ്റുകൾക്ക്‌ തീറെഴുതാൻ മോഡിസർക്കാർ കൊണ്ടുവന്ന നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ ഇടതുപക്ഷത്തിന്റെ പങ്ക്‌ രാജ്യം അംഗീകരിച്ചതാണ്‌. പ്രക്ഷോഭത്തിൽ കാഴ്‌ചക്കാരുടെ റോളിൽപോലും കോൺഗ്രസില്ല. റിലയൻസ്‌ വൻ ശക്തിയായി വളർന്നതിന്‌ കോൺഗ്രസ്‌ സർക്കാരുകൾ നൽകിയ ഒത്താശ ‘ദി ഇന്ത്യൻ എക്‌സ്‌പ്രസ്‌’ പത്രം അന്വേഷണ റിപ്പോർട്ടുകൾ വഴി പുറത്തുകൊണ്ടുവന്നിരുന്നു. പെട്രോളിന്റെ വിലനിയന്ത്രണ അധികാരം എണ്ണക്കമ്പനികൾക്ക്‌ വിട്ടുകൊടുത്തത്‌ രണ്ടാം യുപിഎ സർക്കാര്‍.  പാചകവാതക സബ്‌സിഡി ബാങ്ക്‌‌ അക്കൗണ്ടിൽ നിക്ഷേപിക്കാൻ തുടക്കമിട്ടതുവഴി സബ്‌സിഡി ഇല്ലാതാക്കാൻ സാഹചര്യമൊരുക്കിയതും മൻമോഹൻസർക്കാര്‍. ഇടതുപക്ഷത്തിന്‌ സ്വാധീനമുണ്ടായിരുന്ന ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്‌ പൊതുമേഖലാ ഓഹരിവിൽപ്പന തീരെ കുറവായിരുന്നു; 2004–-2009ൽ ‌8500 കോടി രൂപയുടെ ഓഹരിവിൽപ്പന മാത്രമാണ്‌ നടന്നത്‌. എന്നാൽ രണ്ടാം യുപിഎ സർക്കാർ വിറ്റഴിച്ചതാകട്ടെ ലക്ഷം കോടിയോളം രൂപയുടെ ഓഹരി. ‌ഇടതുപക്ഷ പിന്തുണയിൽ ഭരിക്കുന്നതിനാൽ സാമ്പത്തിക പരിഷ്‌കാരം ആഗ്രഹിച്ച രീതിയിൽ നടപ്പാക്കാനായില്ലെന്ന് ഒന്നാം യുപിഎ സർക്കാരിൽ ധനമന്ത്രിയായിരുന്ന പി ചിദംബരം പരിതപിക്കുകയുണ്ടായി. Read on deshabhimani.com

Related News