മുണ്ടശ്ശേരിയുടെയും എംആർബിയുടെയും വാക്കുകൾ പിറന്ന പേന



തൃശൂർ മുണ്ടശ്ശേരിയുടെ വാക്കുകൾ  പിറന്നതു ചൊവ്വല്ലൂരിന്റെ പേനയിലൂടെ.  എംആർബിയുടെ   ലേഖനങ്ങളും ചൊവ്വല്ലൂരിന്റെ പേനയിലൂടെ പിറന്നു.  കമ്യൂണിസ്‌റ്റ്‌ ചിന്താഗതിക്കാരനായ കൃഷ്ണൻകുട്ടി പത്രപ്രവർത്തന കാലത്ത്‌  മുണ്ടശ്ശേരിയുടെയും എംആർബിയുടെയും ലേഖനങ്ങൾ കേട്ടെഴുതി നൽകുമായിരുന്നു. മുണ്ടശ്ശേരി പത്രാധിപരായ  നവജീവനിൽ കുറേക്കാലം ജോലി ചെയ്തു.   പിന്നീടാണ്‌ ഗാനരചനാരംഗത്ത്‌ കടന്നത്‌.  ഉറൂബ്, പി ഭാസ്കരൻ, വയലാർ, തകഴി, ബഷീർ... അങ്ങനെ പലരും അതിഥികളായിരുന്നു. വളരെ ചെറുപ്പത്തിലേ ചൊവ്വല്ലൂർ അവരുടെയെല്ലാം സുഹൃത്തും സഹോദരനുമായി.   എൻ എൻ  കക്കാട്, യൂസഫലി കേച്ചേരി, തുടങ്ങിയ അതികായന്മാരുടെ സഹവാസം, ജോസഫ് മുണ്ടശ്ശേരിയുടെ കൂടെ പത്രപ്രവർത്തനം, കോഴിക്കോട് ആകാശവാണിയിൽ കെ  രാഘവൻമാഷിന്റെ ശിഷ്യൻ, സർഗം സിനിമയിൽ തിരക്കഥ വഴി എം  ടി യുടെ അനുഗ്രഹം എല്ലാം ചൊവ്വല്ലൂരിന്‌ അനുഗ്രഹമായി. മലയാള ഭക്തിഗാനശാഖയുടെ പേരായി പിന്നീട്‌ ചൊവ്വല്ലൂർ കൃഷ്‌ണൻകുട്ടി മാറി.  ടി എസ്‌  രാധാകൃഷ്ണൻ –-- ചൊവ്വല്ലൂർ കൂട്ടുകെട്ടിലുള്ള അയ്യപ്പഗാനങ്ങളും അനേകം. ഗുരുവായൂരപ്പ സ്തുതി ഗാനങ്ങളായിരുന്നു ഏറെയും.   കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാൾ, കീഴ്പ്പടം കുമാരൻ നായർ, കുടമാളൂർ കരുണാകരൻ നായർ, ചമ്പക്കുള്ളം പാച്ചുപിള്ള, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ തുടങ്ങി ധാരാളം ഡോക്യുമെന്ററികളുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. കഥ, കവിത, ചെറുകഥ, നോവൽ, വിവർത്തനം, നർമലേഖനങ്ങൾ എന്നീ വിഭാഗങ്ങളിൽ പതിനെട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പ്രൊഫഷണൽ നാടകരംഗത്ത് നല്ലൊരു അഭിനേതാവായിരുന്നു. ഏറ്റവും നല്ല ഗാനരചയിതാവിനുള്ള (നാടകം - അഗ്രഹാരം) സംസ്ഥാന ഗവൺമെന്റിന്റെ അവാർഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്രഗാനങ്ങൾ, റേഡിയോ നാടകങ്ങൾ എന്നിവയും 3500ൽപ്പരം ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. Read on deshabhimani.com

Related News