‘അവിടുത്തെ മുന്നിൽ ഞാനാര്‌’

ശിശുക്ഷേമ സമിതി തിരുവനന്തപുരം കേന്ദ്രത്തിലെ അന്തേവാസിയായ കുട്ടിയെ താലോലിക്കുന്ന ആയമാർ ഫോട്ടോ: ഷിബിൻ ചെറുകര


പപ്പമ്മ, മായമ്മ, ജയാമ്മ, സതിയമ്മ, അർച്ചാമ്മ. എത്ര സുന്ദരമാണ്‌ ഈ സ്‌നേഹവിളികൾ. ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരം കേന്ദ്രത്തിലെ അമ്മ വാത്സല്യങ്ങളാണ്‌ ഇവർ. അവിടത്തെ ഇടനാഴികളിൽ ഇടയ്‌ക്കിടെ ഈ വിളികൾ ഉയർന്നുകേൾക്കാം. പത്തുമാസം വയറ്റിൽ ചുമന്നിട്ടില്ല, നൊന്തുപെറ്റിട്ടില്ല. പക്ഷേ, ഇവിടെ സ്‌നേഹത്തിനും വാത്സല്യത്തിനും കുറവില്ല. വെള്ളത്തുണിയിൽ പൊതിഞ്ഞുകിട്ടുന്ന ഓരോ കുഞ്ഞും സ്വന്തമെന്നു കരുതി പോറ്റിവളർത്തുകയാണ്‌ ഈ അമ്മമാർ. പപ്പമ്മയെന്ന പത്മകുമാരി, മായമ്മ എന്ന മായ, ജയാമ്മയെന്ന ജയ, സതിയമ്മയെന്ന സതികുമാരി, അർച്ചാമ്മയെന്ന അർച്ചന ഇങ്ങനെ പോകുന്നു കുട്ടികളുടെ പ്രിയ അമ്മമാരുടെ പേരുകൾ... ഇങ്ങനെ 71 പേർ. "പ്രസവിച്ചാൽ അമ്മയാകില്ല, പോറ്റുന്നവരാണ്‌ അമ്മ'യെന്ന പൊതുവാദം വാസ്‌തവമെന്ന്‌ തെളിയിക്കുകയാണ്‌ ഇവർ. "പാലുകുടിക്കുന്ന പ്രായത്തിൽ കിട്ടുന്നതാണ്‌ ഞങ്ങൾക്ക്‌ ഇവരെ. അത്ര കരുതലോടെയാണ്‌ കുഞ്ഞുങ്ങളെ വളർത്തിയെടുക്കുന്നത്‌. ദത്ത്‌ നൽകുമ്പോൾ ചിലപ്പോൾ കണ്ണ്‌ നനയും. അവരുടെ ജീവിതം മികച്ചതാകുമല്ലോ എന്നോർക്കുമ്പോൾ അത്‌ സന്തോഷമായി മാറും. കണ്ണീരോടെ ഒരുപാട്‌ കുഞ്ഞുങ്ങളെ ഞങ്ങൾ പറഞ്ഞയച്ചിട്ടുണ്ട്‌. വർഷങ്ങൾക്കുശേഷം അവർ ഞങ്ങളെ കാണാൻ വരുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല', -23 വർഷമായി നൂറുകണക്കിന്‌ കുഞ്ഞുങ്ങളുടെ അമ്മയായി ജീവിക്കുന്ന പത്മകുമാരി നിറകണ്ണുകളോടെ പറയുന്നു. നവജാതശിശുക്കൾ ആറാം മാസത്തോടെ ദത്തെടുക്കപ്പെടുന്നതാണ്‌ രീതി. നിലവിൽ ഒമ്പതുവയസ്സുവരെയുള്ള കുഞ്ഞുങ്ങൾ  ഇവിടെയുണ്ട്‌. ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി കൈമാറുന്നതും കോടതി നിർദേശപ്രകാരം എത്തുന്നതുമായ കുട്ടികളും ഇക്കൂട്ടത്തിലുണ്ട്‌. കോവിഡ്‌ കാലത്ത്‌ ഒരുമാസത്തോളം വീട്ടിൽ പോകാതെ ജോലി ചെയ്‌തവർ കൂടിയാണ്‌ ഈ അമ്മക്കൂട്ടം. കുട്ടികൾക്ക്‌ രോഗം പകരരുതെന്ന ലക്ഷ്യത്തോടെ സ്വന്തം വീടിനെയും വീട്ടുകാരെയും കാണാതെ അവർ ശിശുക്ഷേമസമിതിയിലെ 64 കുഞ്ഞുങ്ങൾക്കൊപ്പം കഴിച്ചുകൂട്ടി. ഇടുക്കി, വയനാട്‌, കണ്ണൂർ, തൃശൂർ ജില്ലകളൊഴികെ മറ്റ്‌ 10 ജില്ലയിലും ശിശുക്ഷേമസമിതിയുടെ സംരക്ഷണകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌. ഇവിടെയെല്ലാമായി 200 കുരുന്നുകളുണ്ട്‌. ഇവർക്കെല്ലാം അമ്മമാരായി നൂറ്റമ്പതോളം പേരും. കുഞ്ഞുങ്ങളും ആയമാരും കൂടുതലുള്ളത്‌ തിരുവനന്തപുരത്തുതന്നെയാണ്‌. "പിറകിൽനിന്ന്‌ തെറിച്ച്‌ മുന്നിലേക്ക്‌ പോകുകയായിരുന്നു. നടുവൊടിഞ്ഞതുപോലെ തോന്നി. കുഞ്ഞ്‌ സുരക്ഷിതയാണെന്ന്‌ അറിഞ്ഞപ്പോഴാണ്‌ ജീവൻ വീണത്‌' –-കൊല്ലം സെന്ററിൽനിന്ന്‌ രോഗിയായ കുഞ്ഞുമായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്കുള്ള  ആംബുലൻസ്‌ യാത്രയിലുണ്ടായ അപകടം വിവരിക്കുമ്പോൾ മായമ്മയുടെ കണ്ണിലെ ഭയം വ്യക്തമായിരുന്നു. പിന്നീട്‌ ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞതും തിരുവനന്തപുരത്തേക്ക്‌ മാറിയതുമൊക്കെ  മറക്കാനാകാത്ത അനുഭവമാണ്‌. നൂറുകണക്കിന്‌ കുഞ്ഞുങ്ങൾക്ക്‌ അമ്മയായി ജീവിക്കുന്ന മായയുടെ 26–-ാം വർഷമാണ്‌ ഇത്‌. 28 വർഷം പൂർത്തിയാക്കിയ സതികുമാരിയാണ്‌ കൂട്ടത്തിൽ സീനിയർ. ഈ കൈകളിലൂടെ എത്ര കുഞ്ഞുങ്ങൾ വളർന്നുവെന്ന ചോദ്യത്തിന്‌ മനസ്സുതുറന്ന ചിരിയായിരുന്നു മറുപടി. "നൂറുകണക്കിന്‌ എന്നുപറഞ്ഞാൽ തെറ്റാകും. ശരിയായ എണ്ണം അറിയില്ല എന്നതാണ്‌ സത്യം'–- സതിയമ്മ പറയുന്നു. കുഞ്ഞുങ്ങൾ "അമ്മൂമ്മ'യെന്ന്‌ വിളിക്കുന്നില്ലെന്ന ഒറ്റ പരാതിയേ വിരമിക്കാറായ അമ്മമാർക്കുള്ളൂ. "എനിക്ക്‌ പ്രായമായില്ലേ. ഇപ്പോൾ അമ്മൂമ്മയാണ്‌. അങ്ങനെ വിളിക്കാൻ കുഞ്ഞുങ്ങളോട്‌ പറയും. പക്ഷേ, അവർക്ക്‌ ഞാനെന്നും അമ്മയാണ്‌', -അഭിമാനത്തോടെ പപ്പമ്മ പറഞ്ഞു. ദത്തെടുക്കപ്പെട്ടശേഷം വിദേശ രാജ്യങ്ങളിലടക്കം പോയവർ വർഷങ്ങൾക്കുശേഷം "പോറ്റമ്മ'മാരെ തേടി വരാറുണ്ട്‌. എടുത്തുകൊണ്ടുനടന്നവരും പാലുനൽകിയവരും കരച്ചിലൊതുക്കിയവരുമൊക്കെ അപ്പോൾ അഭിമാനത്തോടെ നെഞ്ചുയർത്തിനിൽക്കും.  "ചിലർ രഹസ്യമായി തങ്ങളുടെ യഥാർഥ മാതാപിതാക്കൾ ആരെന്ന്‌ അറിയുമോ എന്നും ചോദിക്കാറുണ്ട്‌. ചിരിക്കാനല്ലാതെ മറുപടി ഞങ്ങൾക്ക്‌ അറിയില്ലല്ലോ'–- പപ്പമ്മ പറയുന്നു. പോറ്റമ്മമാരെ തേടിയുള്ള മക്കളുടെ ഈ വരവുകൾ കോവിഡിനു ശേഷം കുറഞ്ഞെന്നും അവർ പറയുന്നു. ഒരേസമയം മുപ്പതോളം പേരാണ്‌ ജോലിയിൽ ഉണ്ടാകുക. രണ്ട്‌ പാചകക്കാർ ഉൾപ്പെടെയാണ്‌ ഇത്‌. കൂടുതൽ പേരും ദിവസവേതനക്കാരാണ്‌. 1250 രൂപയാണ്‌ വേതനം. Read on deshabhimani.com

Related News