കവിതയുടെ 
ചാരുത - സി രാധാകൃഷ്ണൻ എഴുതുന്നു



വാക്കിന്റെ ഗംഗയിൽ മുങ്ങിനിവർന്നവനാണ് വിഷ്ണു. എന്റെ ഇഷ്ടകവി, പ്രിയസുഹൃത്തും. മഹത്തായ  കാവ്യപാരമ്പര്യത്തിൽ ഉറച്ചുനിന്ന് യാഥാസ്ഥിതികത്വത്തിനെതിരെ എങ്ങനെ കലഹിക്കാമെന്നും എത്രത്തോളം സമകാലികമാകാമെന്നും കാണിച്ചുതന്നു അദ്ദേഹം.1967ൽ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതംമുതൽ 2009ൽ വന്ന ചാരുലതവരെ ഉൾപ്പെടുത്തി ബൃഹദ്സമാഹാരം‐ വൈഷ്ണവം‐ പുറത്തിറങ്ങുകയുണ്ടായി. എത്രയോ ചരിത്രവഴികളിലൂടെ കാവ്യബിംബങ്ങളുടെ രഥചക്രങ്ങളിലേറി സഞ്ചരിച്ചുവരുന്ന അനുഭവമാണ് വൈഷ്ണവം എന്നിലുണ്ടാക്കിയത്. ആധുനികതയുടെ അരുണോദയത്തിലാണ് വിഷ്ണു എഴുതിത്തുടങ്ങിയത്. പക്ഷേ, നഷ്ടങ്ങളിലും നിരാശകളിലുമല്ല ആ മനസ്സ് തൊട്ടത്. ശുഭപ്രതീക്ഷയുടെയും സഹാനുഭൂതിയുടെയും കവിതയായിരുന്നു അത്. പ്രസാദാത്മകതയാണ് മുഖമുദ്ര. വള്ളത്തോളും ആശാനുംപോലുള്ളവർക്കുശേഷം വന്ന ഏറ്റവും വലിയ കവികൾക്കിടയിലാണ് വിഷ്ണുവിന്റെ   സ്ഥാനം. ഞാൻ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ഫിസിക്സ് ബിരുദവിദ്യാർഥിയായിരിക്കെയാണ് വിഷ്ണുവുമായി പരിചയപ്പെടുന്നത്. അദ്ദേഹം ദേവഗിരി കോളേജിൽ ബിരുദാനന്തരബിരുദത്തിനാണ്. വിഷയം ഇംഗ്ലീഷ് ലിറ്ററേച്ചർ. ഞങ്ങൾക്ക് മറ്റൊരു ചങ്ങാതികൂടി. ഗുരുവായൂരപ്പനിലെ ഇക്കണോമിക്സ് വിദ്യാർഥി രബീന്ദ്രൻ‐ ചെറുകാടിന്റെ മകൻ. എൻ എൻ കക്കാട് അന്ന് ആകാശവാണിയിൽ. ഞങ്ങൾ വൈകുന്നേരം കക്കാടിനൊപ്പം കൂടും; സാഹിത്യത്തെപ്പറ്റി കൂടുതൽ അറിവ് ലഭിച്ചത് അദ്ദേഹത്തിൽനിന്ന്."കക്കാടിക്കൽ' എന്നാണ് ആ അനൗപചാരിക പഠനത്തെ വിളിച്ചത്. സാഹിത്യരചനയ്ക്എീ കരുത്തുകിട്ടാനാണ് വിഷ്ണു സാഹിത്യം കൂടുതൽ പഠിക്കാൻ തീരുമാനിച്ചത്.  അദ്ദേഹത്തിന്റെ വിവാഹം അന്നേ കഴിഞ്ഞു. പ്രണയഗീതങ്ങൾ എന്ന രണ്ടാം സമാഹാരത്തിലെ കവിതകൾ അക്കാലത്താണെഴുതുന്നത്. പ്രണയത്തിന്റെ പല ഭാവങ്ങൾ അതിൽ കാണാം. ഭാവപാരവശ്യങ്ങൾതന്നെ വിഷ്ണു ആവിഷ്കരിക്കുന്നുണ്ട്. പക്ഷേ, അതൊന്നും ചപലതയിലേക്ക് വഴുതിപ്പോയില്ല. "മേഘമാർഗങ്ങളിലേറി  നിൽക്കുന്നു നാം കേവലമൊറ്റ നൊടിയിടയെങ്കിലും! മെല്ലെ മെല്ലെ തലോടുമിരുവിരൽ  തുമ്പിങ്കൽ വന്നു തുടിക്കുമിരുഹൃദയങ്ങൾ നാം'.  (മേഘമാർഗങ്ങളിൽ) എന്ന് ഹരിതാഭമാകുകയും "പാഴിൽ മുഖം തിരി,ച്ചെൻ  നേർക്കരക്ഷണം ചായുന്ന കണ്ണുമായീ പകൽ പോകവേ ഹൃത്തിലൊരേകാകി മാഴ്കുന്നു; "ജീവനേ ഇത്രമേൽ സ്നേഹിച്ചിരുന്നുവോ    നിന്നെ ഞാൻ'?  (ദുസ്സഹം) എന്ന് ശ്യാമവദനനാവുകയും ചെയ്തപ്പോൾ വിഷ്ണു മനസ്സിൻ ഋതുഭേദങ്ങൾ സമർഥമായി കാട്ടിത്തരികയായിരുന്നില്ലേ? പിൽക്കാലത്ത് ദാർശനികമായ അഗാധതകൾ  തേടി. പക്ഷേ അവിടെയെങ്ങും പുരോഗമനകാരിയായല്ലാതെ കണ്ടില്ല. നവോത്ഥാനത്തിന്റെ ആ വേറിട്ടമുഖം തിരിച്ചറിഞ്ഞുവോ എന്നു സംശയിക്കുന്നു.നമ്മുടെ വിസ്തൃതികളെ പരിമിതപ്പെടുത്തിയപ്പോൾ ആത്മാർഥതയുള്ള പുരോഗമനകാരികളിൽ പലരും അടുത്ത വൃത്തങ്ങളിലുൾപ്പെട്ടില്ല. വിഷ്ണുവിന്റെ കവിതകൾ കൂടുതൽ പഠിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ശ്രീവല്ലഭ ക്ഷേത്രത്തിൽ ശാന്തിക്കാരനായ നാളുകളിലെഴുതിയ കവിതകൾ "ശ്രീവല്ലി'  സമാഹാരത്തിലുണ്ട്. അതിലെ ഒന്നിൽ പറയുമ്പോലെ, പച്ചമണ്ണിൽ  ചവിട്ടിയാണ് വിഷ്ണുവിന്റെ നിൽപ്പ്. മണ്ണിനും പാദത്തിനുമിടയിൽ തടസ്സമായ പാദുകങ്ങളെ, കുപ്പായത്തെ, തണലായ കുടയെ, മടിശ്ശീലയെ ‐ എല്ലാം കളഞ്ഞാണ്  നീങ്ങുന്നത്. കാളിദാസനൊപ്പം ഷേക്പിയെയറും അദ്ദേഹത്തിന് പ്രിയങ്കരൻ. മൂന്ന് ദശാബ്ദത്തിലേറെ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിച്ച വിഷ്ണുവിന്റെ ആ ഭാഷയിലുള്ള കവിതകളും,അധികമില്ലെങ്കിലും മനോഹരങ്ങൾ. Read on deshabhimani.com

Related News