വൈകി പുറപ്പെട്ടു, 
ദുരന്തത്തിലേക്ക്‌ 
അതിവേഗം

വടക്കഞ്ചേരിയിലുണ്ടായ 
വാഹനാപകടത്തിൽ മരിച്ച എറണാകുളം വെട്ടിക്കൽ ബസേലിയോസ് 
വിദ്യാനികേതനിലെ വിദ്യാർഥികളെയും അധ്യാപകനെയും വഹിച്ചുള്ള 
ആംബുലൻസുകൾ അപകടം നടന്ന അഞ്ചുമൂർത്തി മംഗലത്തിലൂടെ കടന്നുപോകുന്നു. അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസും 
കെഎസ്ആർടിസി ബസും പശ്ചാത്തലത്തിൽ


പാലക്കാട് കണ്ണുതുറക്കുമ്പോൾ ബസ്‌ കീഴ്മേൽ മറിയുകയാണ്‌. അതും പലതവണ. എന്താണെന്ന് മനസ്സിലായില്ല. ചില്ലുകൾ തകർന്ന് ശരീരത്തിലേക്ക് വീണു. ബോധം മറയുംപോലെ തോന്നി.  ആശുപത്രിയിലെത്തിയപ്പോഴാണ് അപകട തീവ്രത മനസ്സിലായത്–-ആഷ്‌ലിൻ പി ജെറിന്റെ  കണ്ണുകൾ നിറഞ്ഞു, വാക്കുകൾ മുറിഞ്ഞു.  മുളന്തുരുത്തി മാർ ബേസിലിലെ പത്താം ക്ലാസ് വിദ്യാർഥിയായ   ആഷ്‌ലിന്‌ സഹപാഠികളായ ദിയ രാജേഷ്, എൽന ജോസ്, ക്രിസ് വിന്റർ ബോൺ തോമസ് എന്നിവർ മരിച്ചത് ഉൾക്കൊള്ളാനായിട്ടില്ല. നാലുദിവസത്തെ വിനോദയാത്രയിൽ ക്ലാസിലെ 24പേർ കൂടെയുണ്ടായിരുന്നു.  രാത്രി ഭക്ഷണം കഴിച്ച്‌  മയങ്ങിയപ്പോഴായിരുന്നു അപകടം. അമിതവേഗത്തിൽ ഗട്ടറുകൾ ചാടുമ്പോൾ ഭയന്നിരുന്നതായും ആഷ്‌ലിൻ പറഞ്ഞു. ആഷ്‌ലിന് നടുവിന് നിസ്സാര പരിക്കുണ്ട്. വിനോദയാത്രകൾ 
സുരക്ഷിതമാക്കാൻ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും വാഹനങ്ങളുടെ അത്യാഡംബര സംവിധാനങ്ങളും ഉല്ലാസയാത്രകളെ ദുരന്തമാക്കി മാറ്റാതിരിക്കാൻ മോട്ടോർവാഹനവകുപ്പിന്‌ കർശന സംവിധാനമുണ്ട്‌. സമീപകാലത്ത്‌ പലയാത്രകളും അപകടം ക്ഷണിച്ചുവരുത്തിയപ്പോഴാണ്‌ മോട്ടോർവാഹന നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളുടെ അടിസ്ഥാനത്തിൽ മാർഗനിർദേശം പുറപ്പെടുവിച്ചത്‌. കോളേജുകളും സ്‌കൂളുകളും വിനോദയാത്രയ്‌ക്കുമുമ്പ്‌ ആർടി ഓഫീസുകളിലോ സബ്‌ ആർടി ഓഫീസുകളിലോ  അനുമതി തേടണമെന്നാണ്‌ നിബന്ധന. അപേക്ഷിച്ചാൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ വിനോദയാത്ര പോകുന്ന വാഹനം പരിശോധിക്കും. സ്‌പീഡ്‌ ഗവർണറും ജിപിഎസ്‌ സംവിധാനവും പ്രവർത്തിക്കുന്നുണ്ടോ? ബ്രേക്ക്‌ കാര്യക്ഷമമാണോ? വാഹനത്തിനകത്തും പുറത്തും അനുവദനീയമല്ലാത്ത നിറത്തിലും കണ്ണഞ്ചിപ്പിക്കുന്നതുമായ വെളിച്ചമാണോ? സംഗീത ശബ്‌ദസംവിധാനവും ഹോണും നിയന്ത്രണം ലംഘിക്കുന്നതാണോ? എന്നിവ പരിശോധിച്ചശേഷം സർട്ടിഫിക്കറ്റ്‌ നൽകും.  ഇനിമുതൽ ഡ്രൈവർമാരുടെ വിവരം ഉൾപ്പെടെ നൽകണമെന്ന നിബന്ധന കർശനമാക്കുന്നതോടെ അശ്രദ്ധമായ ഡ്രൈവിങ്ങിനെതിരെയും ജാഗ്രതയാകും.  അമിതവേഗവും അശ്രദ്ധയുള്ള ഡ്രൈവിങ്ങും കാരണം അടിക്കടി അപകടമുണ്ടാക്കുന്ന ഡ്രൈവർമാരല്ല വാഹനം ഓടിക്കുന്നത്‌ എന്ന്‌ ഉറപ്പുവരുത്താൻ ഇത്‌ സഹായിക്കും. Read on deshabhimani.com

Related News