ബ്രെക്‌സിറ്റ് എന്ന വാക്കിന്റെ ഉത്ഭവം, ബ്രെക്സിറ്റിന്റെയും...പരമ്പര തുടരുന്നു

Wiki Media Commons


‌2012 മെയ് മാസത്തിലാണ്  ബ്രെക്‌സിറ്റ് - BREXIT- എന്ന ഇംഗ്ലീഷ് വാക്ക് ആദ്യമായി പുറത്തുവരുന്നത്‌. യൂറോവിരുദ്ധ പ്രചാരണം ശക്തമാകാന്‍ തുടങ്ങിയപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ വേണ്ടി തുടങ്ങിയ ഒരു ബ്രിട്ടീഷ് തിങ്ക്‌ ടാങ്ക് സ്ഥാപനമാണ്‌ ബ്രിട്ടീഷ്‌ ഇന്‍ഫ്ലുവന്‍സ്. ഇതിന്റെ സ്ഥാപകന്‍ പീറ്റര്‍ വില്‍ടിംഗ് ആണ് ആ പദം ആദ്യമായി ഉപയോഗിച്ചത്. “ഒറ്റകമ്പോളത്തിന്റെ പൂർത്തീകരണത്തിനുവേണ്ടി  വ്യകതമായ രൂപരേഖയുമായി യൂറോപ്പിന്റെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ബ്രിട്ടന് കഴിയുന്നില്ലെങ്കില്‍,  ഗ്രെക്സിറ്റിന് ശേഷം -     ഗ്രീക്ക് യൂറോ എക്സിറ്റ് എന്ന വാക്കുകള്‍ കൂടിച്ചേര്‍ന്നുണ്ടായ വാക്ക് -  നമുക്ക് പിന്തുടരേണ്ടിവരുന്നത്  ദു:ഖരമായ ബ്രെക്‌സിറ്റ് എന്ന പദമായിരിക്കും"   ഗ്രീക്കില്‍ സാമ്പത്തിക രാഷ്ട്രീയ അനിശ്ചിതത്വം തുടരുമ്പോള്‍ ഗ്രീക്ക് യൂറോപ്പില്‍ നിന്നും വിട്ടുപോരും എന്നര്‍ത്ഥത്തില്‍ ( Greek Exit Europe= GREXIT) ഗ്രെക്സിറ്റ് എന്ന പദം വ്യാപകമായി ഉപയോഗത്തില്‍ ഉണ്ടായിരുന്നു. അതിനെ അനുസ്മരിച്ചുകൊണ്ടാണ് പീറ്റര്‍ വില്‍ടിംഗ് ബ്രെക്‌സിറ്റ് (Britain Exit - BREXIT) വാക്ക് ആദ്യമായി എഴുതിയത്.  ഓക്സ്ഫോർഡ്  ഡിക്ഷനറി ബ്രെക്സിറ്റ്  എന്നൊരു പുതിയ   വാക്ക്  അതിന്റെ വാല്യങ്ങളിൽ കൂട്ടിച്ചേര്‍ത്തപ്പോൾ  അതിന്റെ  ക്രെഡിറ്റ്‌   പീറ്റർ വൈൽഡിംഗിന്  നൽകി. ബ്രെക്‌സിറ്റ് നിയമനിര്‍മ്മാണത്തിന്റെ തുടക്കം ഒരു ദശാബ്ദത്തിലധികം നീണ്ട ഇടവേളയ്ക്കു ശേഷം 2010ല്‍  ഡേവിഡ്‌  കാമറൂണിന്റെ  നേതൃത്വത്തില്‍    ടോറി പാര്‍ടി ഭരണത്തിലേറിയ കാലഘട്ടത്തിലാണ് ബ്രെക്‌സിറ്റ് വിഷയം ഔപചാരികമായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടത്‌. ആ സമയത്ത് ഈ വിഷയത്തിന് ബ്രെക്‌സിറ്റ് എന്നൊരു രൂപമോ പേരോ കൈവന്നിരുന്നില്ല.  യൂറോപ്യന്‍ യൂണിയന്‍  കൈയ്യടക്കി വച്ചിട്ടുള്ള  അധികാരങ്ങള്‍ ബ്രിട്ടന്‍ തിരിച്ചുപിടിക്കണം എന്നൊരു ആവശ്യമായിരുന്നു പൊതുവേ ഉണ്ടായിരുന്നത്. ഭരണ പ്രതിപക്ഷഭേദമെന്യ ഏറെക്കുറെ എല്ലാവരും തന്നെ ഈ അഭിപ്രായത്തില്‍  സമാനചിന്താഗതിക്കാരുമായിരുന്നു. യൂറോപ്യന്‍ യൂണിയനെതിരെ തുടക്കം മുതലേ ശക്തമായ നിലപാട് എടുത്തിരുന്ന ടോറി പാര്‍ടി എം പി യാണ്  ജോണ്‍ ബാരന്‍.   2012 ജൂണിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഭരണപക്ഷത്തുള്ള 100 എം പി മാര്‍ ഒപ്പുവച്ച ഒരു കത്ത്  അന്നത്തെ പ്രധാനമന്ത്രിയായിരുന്ന  ഡേവിഡ് കാമറൂണിന്   നൽകി. ബ്രിട്ടന്‍ ഇ യു വില്‍ നിന്ന് വിട്ടുപോരണം എന്നല്ല മറിച്ച് ബ്രിട്ടന്‍ ഇ യു വില്‍ തുടരണമോ വേണ്ടയോ എന്നുള്ള   ഒരു ജനഹിതപരിശോധനക്കുള്ള  നിയമനിർമ്മാണം  പാർലമെൻറിൽ  നടത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.  സ്വന്തം പാര്‍ടിയില്‍ നിന്നുള്ളവര്‍ തന്നെ ഉന്നയിച്ച പ്രശ്നമായിട്ട്‌   പോലും    പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ  അവരുടെ ആവശ്യത്തെ  അംഗീകരിച്ചില്ല. എന്നിരുന്നാലും   ജനഹിത പരിശോധന എന്ന ആശയത്തെ   ഡേവിഡ് കാമറൂൺ എതിര്‍ത്തില്ല. അതിനായി പാര്‍ലമെന്റില്‍ എപ്പോള്‍ എങ്ങനെ  നിയമം കൊണ്ടുവരണം എന്നതില്‍ മാത്രമേ അദ്ദേഹത്തിനു അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുള്ളൂ.    യൂറോപ്യന്‍ യൂണിയനില്‍ കൂടുതല്‍  അധികാരവികേന്ദ്രീകരണം നടപ്പാക്കണം എന്ന് ശക്തമായി വാദിക്കുന്നവരില്‍ പ്രധാനി  ആയിരുന്നു  ഡേവിഡ് കാമറൂൺ. ജനഹിതപരിശോധനക്കുള്ള നിയമത്തെ തുടക്കത്തില്‍ അനുകൂലിച്ചില്ലെങ്കിലും അതെക്കുറിച്ചുള്ള ഒരു  റഫറണ്ടം പരിഗണിക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇദ്ദേഹം സണ്‍‌ഡേ ടെലഗ്രഫ് ന്യൂസ് പേപ്പറില്‍ ജൂണ്‍ 30ന് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് യൂറോവിരുദ്ധ എം പി മാര്‍ മുന്‍കൈ എടുത്തു   റഫറണ്ടത്തിനുള്ള   'ബില്‍'  പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.  പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന നിയമനിര്‍മ്മാണ രേഖയെ  ബില്‍ എന്നാണു പറയുന്നത്. ബ്രിട്ടനില്‍ ഒരു നിയമം പാസാകണമെങ്കില്‍ പാര്‍ലമെന്റിന്റെ രണ്ടു സഭകളില്‍ - ഹൗസ് ഓഫ് കോമണ്‍സും ഹൗസ് ഓഫ് ലോര്‍ഡ്‌സും-    ബില്‍  ചര്‍ച്ചചെയ്ത്  വോട്ടിനിട്ട് ഭൂരിപക്ഷം നേടണം.   2013 ജൂൺ 19 ന്  ബില്ലിന്റെ ആദ്യവായനയും ചര്‍ച്ചയും  ഹൗസ് ഓഫ് കോമൺസിൽ നടന്നു.    ഏറെക്കുറെ എല്ലാ   ലേബർ എം‌പിമാരും ലിബറൽ ഡെമോക്രാറ്റ് എം‌പിമാരും വിട്ടുനിന്നതിനാല്‍   ജൂലൈ 5 ന് 304 വോട്ടുകൾക്ക് അതിന്റെ രണ്ടാമത്തെ വായനയും   നവംബറിൽ ഹൗസ് ഓഫ്   കോമൺസില്‍   ഈ ബില്‍ പാസ്സാകുകയും ചെയ്തു.  ഡിസംബറിൽ ഹൗസ്   ഓഫ് ലോർഡ്‌സിൽ ഈ ബില്‍  അവതരിപ്പിക്കപ്പെടുകയും   അതിന്റെ രണ്ടാം വായന 2014 ജനുവരി 10 ന് നടത്തുകയും ചെയ്തു. പക്ഷെ  ബില്ലിന്റെ നടപടിക്രമങ്ങള്‍   പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ സമയം അനുവദിക്കുന്നതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുകയും കൂടുതല്‍ സമയം അനുവദിക്കാതെ   ബില്ലിന്റെ മുന്നോട്ടുള്ള നടപടിക്രമങ്ങള്‍ ഹൗസ്   ഓഫ് ലോർഡ്‌സ് തടയുകയും ചെയ്തു.  അങ്ങനെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ വേണ്ടി കൊണ്ടുവന്ന ആദ്യത്തെ  നിയമനിര്‍മ്മാണം  പാതിവഴിയില്‍ നിന്നുപോയി ! പാതിവഴിയില്‍ ജീവന്‍ നിലച്ചുപോയ ബ്രെക്സിറ്റിന് എങ്ങനെയാണ് വീണ്ടും ജീവവായു ലഭിച്ചത്? അത് വിരല്‍ ചൂണ്ടുന്നത്  ഭരണാധികാരം പിടിച്ചടക്കാനും അധികാരത്തില്‍ തുടരാനും വേണ്ടി വലതുപക്ഷ പാര്‍ടികള്‍  വളര്‍ത്തിക്കൊണ്ടുവന്ന  അപകടകരമായ അതിതീവ്ര ദേശീയവാദത്തിലേക്കാണ്. (തുടരും) Read on deshabhimani.com

Related News