തെക്കേ ഇന്ത്യ ബിജെപി മുക്തമായി; ജനഹിതം സംരക്ഷിക്കാൻ കോൺഗ്രസിനാവുമോ?



കൊച്ചി> കർണാടക തെരഞ്ഞെടുപ്പ്‌ ഫലങ്ങളുടെ അവസാന സൂചനകൾ അനുസരിച്ച്‌ ബിജെപിക്ക്‌ തെക്കേ ഇന്ത്യയിലെ അവസാന  താവളവും  നഷ്‌ടമാകുകയാണ്‌. ബിജെപിയുടെ  ഭരണത്തിലുണ്ടായിരുന്ന കർണാടകത്തിൽ നിന്നുകൂടി ജനങ്ങൾ അവരെ തുടച്ചുമാറ്റിയതോടെ ദക്ഷിണേന്ത്യയിൽ ബിജെപിക്ക്‌ ഇനി ഭരണമില്ല. വിഭജന രാഷ്‌ട്രീയം കന്നഡ നാട്ടിൽ വേണ്ടെന്ന്‌ ജനങ്ങൾ വ്യക്തമാക്കിക്കഴിഞ്ഞു. ജയിച്ചവരെ കൂറുമാറാതെ കാക്കാൻ കോൺഗ്രസിനു കഴിയുകയും മുപ്പതോളം സീറ്റുള്ള ജനതാദൾ എസ്‌ മതനിരപേക്ഷ നിലപാടിൽ നിൽക്കുകയും ചെയ്‌താൽ കർണാടകത്തിൽ ജനഹിതം വിജയിക്കും. കേരളം, തമിഴ്‌നാട്‌, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലൊന്നും ബിജെപിക്ക്‌ ഒറ്റയ്‌ക്കോ സഖ്യത്തിലൂടെയോ ഭരണസാന്നിധ്യമില്ല. കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിൽ കോൺഗ്രസ്‌ പിളർന്നുവന്ന്‌ ബിജെപിക്കൊപ്പം കൂടിയ എൻ രംഗസ്വാമിയുടെ ഭരണം മാത്രമാണ്‌ ബിജെപിക്ക്‌ ആശ്വസിക്കാവുന്നത്‌. 2018 ലെ തെരഞ്ഞെടുപ്പിനു 14 മാസത്തിനു ശേഷം കാലുമാറ്റത്തിലൂടെയാണ്‌ ബിജെപി കർണാടകത്തിൽ ഭരണം പിടിച്ചത്‌. തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ജനതാദൾ എസും സഖ്യമുണ്ടാക്കിയിരുന്നു. കോൺഗ്രസ്- 80 ഉം ജെ.ഡി.എസ് 37ഉം സീറ്റിൽ ജയിച്ചിരുന്നു. എന്നാൽ ഗവർണർ വാജുഭായി വാല 104 സീറ്റുകൾ നേടിയ ബി.ജെ.പിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു. മേയ് 17-ന് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 15 ദിവസത്തിനുള്ളിൽ സഭയിൽ ഭൂരിപക്ഷം തെളിയിച്ചാൽ മതിയെന്നും നിർദേശിച്ചു. ബിജെപി പണമെറിഞ്ഞ്‌ ആളെപ്പിടിക്കാൻ ശ്രമം തുടങ്ങി. ഇതിനെതിരേ കോൺഗ്രസ് സുപ്രിംകോടതിയെ സമീപിച്ചു. സുപ്രിംകോടതി സമയപരിധി 15 ദിവസത്തിൽനിന്ന് മൂന്നുദിവസമാക്കി. ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലെന്ന്‌ ഉറപ്പായതോടെ യെദ്യൂരപ്പ വിശ്വാസവോട്ടിന് മുമ്പായി മേയ് 19-ന് രാജിവെച്ചു. കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാർ അതോടെ അധികാരത്തിലേറി. ജെഡിഎസിന്റെ എച്ച്.ഡി. കുമാരസ്വാമി  മുഖ്യമന്ത്രിയായി. സഖ്യസർക്കാർ 14 മാസം ഭരിച്ചു. കോൺഗ്രസ്‌‐ജെഡിഎസ്‌ സഖ്യത്തിലെ 14 എം.എൽ.എമാർ മറുകണ്ടംചാടി. ഇവരിൽ 10 പേർ കോൺഗ്രസിന്റെ എംഎൽഎമാർ ആയിരുന്നു. ഇവർ പാർട്ടി അംഗത്വം രാജിവെച്ചു. സർക്കാർ പ്രതിസന്ധിയിലായി. രണ്ട് സ്വതന്ത്ര എം.എൽ.എമാരെ കൂടെ പാട്ടിലാക്കിയ  ബിജെപി സർക്കാരിനെ മറിച്ചിട്ടു.  2019 ജൂലൈ 23-ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ വീണു. ജൂലൈ 26-ന് ബി എസ് യെദ്യൂരപ്പ വീണ്ടും കർണാടക മുഖ്യമന്ത്രിയായി. ഉൾപ്പോരിനെ തുടർന്ന്‌ യെദ്യൂരപ്പയെ മാറ്റി 2021 ജൂലൈ 28 ന്‌ ബസവരാജ ബൊമ്മെയെ മുഖ്യമന്ത്രിയാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ഒരു വർഷംമാത്രം ശേഷിക്കെ ദേശീയ രാഷ്ട്രീയത്തിന്റെ വിധി നിർണയിക്കുന്നതാണ്‌ കർണാടകഫലം. കാലുമാറ്റത്തിലൂടെ ലഭിച്ച ഭരണം നിലനിർത്താമെന്ന പ്രതീക്ഷയോടെയായിരുന്നു ബിജെപി.  കർണാടകത്തിൽ ഇത്തവണ വൻപ്രചാരണ കോലാഹലമായിരുന്നു. നേതാക്കളുടെ വാക്‌പോരും വെല്ലുവിളികളും വർഗീയ പ്രചാരണവും മാറിമറിയുന്ന ജാതി സമുദായ പിന്തുണയും ന്യൂനപക്ഷ നിലപാടുകളും ഭരണവിരുദ്ധവികാരവുമാണ്‌ വിധി നിർണായകമായി. ഭരണവിരുദ്ധവികാരം മറികടക്കാൻ ബിജെപി വർഗീയ കാർഡ് ഇളക്കി കളിച്ചു.  ബജ്‌റംഗദളിനെ നിരോധിക്കുമെന്ന കോൺഗ്രസിന്റെ പ്രചാരണപത്രിക ഉയർത്തിക്കാട്ടി വോട്ടു ചെയ്യുമ്പോൾ മനസ്സിൽ ജയ് ഹനുമാൻ വിളി ഉയരണമെന്നുവരെ ബിജെപി ആഹ്വാനംചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്‌ഷായും ദിവസങ്ങളോളം സംസ്ഥാനത്ത്‌ കേന്ദ്രീകരിച്ച്‌ ബിജെപിയുടെ പ്രചാരണത്തിന്‌ നേതൃത്വം നൽകി. രാഹുൽ ഗാന്ധിയും പ്രിയങ്കയും മല്ലികാർജുൻ ഖാർഗെയും ഉടനീളം പ്രചാരണം നടത്തിയെങ്കിലും മുൻമുഖ്യമന്ത്രി സിദ്ദരാമയ്യയും പിസിസി പ്രസിഡന്റ്‌ ഡി കെ ശിവകുമാറുമാണ്‌ കോൺഗ്രസിനെ മുന്നിൽനിന്ന്‌നയിച്ചത്‌. ദേശീയ വിഷയങ്ങൾ മാറ്റി സംസ്ഥാന വിഷയത്തിലും ക്ഷേമപദ്ധതികളിലും ഊന്നിയായിരുന്നു കോൺഗ്രസ്‌പ്രചാരണം. ബസവരാജ് ബൊമ്മൈ സർക്കാരിന്റെ വീഴ്ചകളാണ് ഉയർത്തിക്കാട്ടിയത്‌. എന്നാൽ, കലാപാഹ്വാനത്തോടെയുള്ള അതിതീവ്ര വർഗീയ പ്രചാരണമാണ്‌ബിജെപി അഴിച്ചുവിട്ടത്‌. പ്രധാനമന്ത്രിമുതൽ എല്ലാ നേതാക്കളും റോഡ്‌ഷോയിലും പൊതുയോഗങ്ങളിലും കടുത്ത വർഗീയ പരമാർശങ്ങൾ ഉയർത്തി. ജയ്‌ഹനുമാൻ വിളികൾ മുഴക്കിയാണ്‌പ്രധാനമന്ത്രി പൊതുയോഗങ്ങളിലും റോഡ്‌ഷോയിലും പങ്കെടുത്തത്‌. കോൺഗ്രസ്‌വിജയിച്ചാൽ കർണാടകത്തിൽ കലാപമായിരിക്കും ഉണ്ടാകുകയെന്ന്‌മോദിയും അമിത്‌ഷായും ഭീഷണി മുഴക്കി. ഹിന്ദുധർമം അപകടത്തിലാണ്, ഹിന്ദു ഒരുമിച്ച് നിൽക്കേണ്ട സമയമാണ്, ഒരുമിച്ച് പ്രാർഥിക്കാം എന്ന ആഹ്വാനത്തോടെ ബജ്‌റംഗദൾ പ്രവർത്തകർ ക്ഷേത്രങ്ങളിൽ കേന്ദ്രീകരിച്ചു. വീരശൈവ ലിംഗായത്ത്‌ഫോറം അവസാന മണിക്കൂറിൽ കോൺഗ്രസിന്‌പിന്തുണ പ്രഖ്യാപിച്ചത്‌ ബിജെപിയെ ആശങ്കയിലാഴ്‌ത്തിയിരുന്നു. മൂന്ന്‌പതിറ്റാണ്ടായി തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ അനുകൂലമായ നിലപാടാണ്‌ ഇവർ സ്വീകരിച്ചിരുന്നത്‌. ലിംഗായത്ത്‌ സമുദായത്തിലെ പ്രമുഖരെ തഴഞ്ഞ്‌ തീവ്രഹിന്ദുത്വത്തിലൂടെ തലമുറമാറ്റത്തിലൂടെയും കർണാടകത്തിൽ ഭരണത്തുടർച്ച നേടാനുള്ള മോദി–- അമിത്‌സഖ്യത്തിന്റെ നീക്കത്തെ പരാജയപ്പെടുത്തുക എന്നതായിരുന്നു ലിംഗായത്ത്‌ നിലപാട്‌. ബിജെപിയുടെ തീവ്രഹിന്ദുത്വവുമായുള്ള  പോരാട്ടത്തിൽ കന്നഡികരുടെ മതനിരപേക്ഷ മനസ്സ്‌ വിജയിച്ചു. ആ വിജയം സംരക്ഷിക്കേണ്ടത്‌ കോൺഗ്രസിന്റെ ഉത്തരവാദിത്തമാണ്‌. അവർ ആ പ്രതീക്ഷയ്‌ക്കൊപ്പം ഉയരുമെന്ന്‌ കരുതാം. അതോ മുഖ്യമന്ത്രി പദത്തിനായി നേതാക്കൾ തമ്മിലടിച്ചും എംഎൽഎമാർ കൂറുമാറിയും ജനവിധി തകർക്കുമോ? കാത്തിരുന്നു കാണാം. ദക്ഷിണേന്ത്യയിൽ ബിജെപി മൂന്നു തവണ അധികാരത്തിലെത്തിയെങ്കിലും സംഘപരിവാറിന്റെ തീവ്രഹിന്ദുത്വത്തെ കർണാടകം ഉൾക്കൊണ്ടിട്ടില്ല. കന്നഡികരുടെ മനസ്സിൽ പ്രാദേശിക സാമുദായിക, ജാതി ആശയങ്ങൾക്കാണ്‌ പ്രാമുഖ്യം. മഠങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന പ്രാദേശിക സമുദായങ്ങളുടെ സ്വാധീനം തീവ്രഹിന്ദുത്വ ശക്തികളുടെ നുഴഞ്ഞുകയറ്റത്തിന്‌ തടസ്സമാണ്‌. ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങൾ രാഷ്ട്രീയ സ്വാധീനം ചെലുത്താൻ ആഗ്രഹിക്കുന്നെങ്കിലും അവർ ആർഎസ്‌എസിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നില്ലെന്ന് വീണ്ടും  തെളിയിച്ചിട്ടുണ്ട്.   Read on deshabhimani.com

Related News