ജീവനെടുക്കുന്ന "ടാർഗറ്റുകൾ‌'



തിരുവനന്തപുരം നിരന്തര ജോലി സമ്മർദ്ദവും  "ടാർഗറ്റും' ബാങ്ക്‌ ജീവനക്കാരെ ജീവിതം മടുത്ത്‌‌ ആത്മഹത്യയിലേക്ക്‌ നയിക്കുന്ന കുരുക്കുകളാകുന്നു‌. മുകളിൽനിന്ന്‌ നിരന്തരം അടിച്ചേൽപ്പിക്കുന്ന കൽപ്പനകൾ ജീവനക്കാരെ കടുത്ത സമ്മർദത്തിലാക്കുന്നു. ഇൻഷുറൻസും മ്യൂച്ച്വൽ ഫണ്ടും ഉൾപ്പെടെ ‘ബാങ്ക്‌ പ്രോഡക്ടുകൾ ’ വിൽക്കുന്നതിന്‌ റീജ്യണൽ തലത്തിൽ ടാർഗറ്റുണ്ട്‌. റിസർവ്‌ ബാങ്കാണ്‌ കേന്ദ്രസർക്കാർ നയപ്രകാരം വിൽപ്പന സമ്മർദം വിവിധ ബാങ്കുകൾക്ക്‌ നൽകുന്നത്‌. ബാങ്കുകളെ ‘വിൽപ്പന കേന്ദ്രം’ ആക്കിയത്‌ മോഡി സർക്കാരിന്റെ കാലത്താണ്‌. അതനുസരിച്ച്‌ സൗകര്യങ്ങളൊരുക്കാനോ  ജീവനക്കാരെ നൽകാനോ തയ്യാറായുമില്ല. നിക്ഷേപം, വായ്പ, കുടിശ്ശിക പിരിക്കൽ എന്നീ  പതിവ്‌ ജോലി തന്നെ കടുത്ത സമ്മർദം നൽകുന്നുണ്ട്‌. ഇൻഷുറൻസിന്റെയും മ്യൂച്ചൽ ഫണ്ടിന്റെയും ടാർഗറ്റ്‌ തികയ്‌ക്കൽ വേറെ. കൂടാതെ, കേന്ദ്ര നിർദേശ പ്രകാരം ജൻധൻ, അടൽപെൻഷൻ, ഫാസ്‌ടാഗ്‌, മുദ്ര, ലോട്ടറി, മൊബൈൽ ആപ് തുടങ്ങിയ ജോലികളുമുണ്ട്. ആധാർ ചേർക്കലും ബാങ്ക്‌ ജീവനക്കാരുടെ തലയിലായിരുന്നു.  ‘ ഒരു മാസം 35  ടാർഗറ്റ്‌ വരെ പൂർത്തിയാക്കേണ്ട ഘട്ടമുണ്ടായി ’ –- ഒരു ചെറുകിട ബാങ്കിന്റെ മാനേജർ പറഞ്ഞു. എന്നാൽ, 20വർഷം മുമ്പുണ്ടായിരുന്ന സൗകര്യം പോലുമില്ല. രണ്ട്‌ ലക്ഷത്തിലധികം ജീവനക്കാർ പിരിഞ്ഞു പോയെങ്കിലും നാലിലൊന്നു പോലും പുതിയ നിയമനമില്ല. ക്ലർക്ക്‌, പ്യൂൺ തുടങ്ങി വർക്‌മെൻ നിയമനം നടത്താതെ ഉള്ളവരെ ഓഫീസർമാരാക്കി. ഓഫീസർമാർ വേണ്ടവിധം സംഘടിതരുമല്ല. ജോലിക്ക്‌ നിശ്ചിത സമയമില്ല. ജോലിസമയം നിശ്‌ചയിക്കണമെന്ന്‌ ഈ മേഖലയിലെ സംഘടനകൾ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഫലമില്ലെന്ന്‌ ബെഫി നേതാവ്‌ ടി നരേന്ദ്രൻ പറഞ്ഞു. തൊക്കിലങ്ങാടിയിലെ കനറ ബാങ്ക്‌ മാനേജരുടെ ആത്മഹത്യ ഈ മേഖലയിലെ മാനസിക സമ്മർദം കൂടുതൽ ചർച്ചയ്‌ക്ക്‌ വഴിയൊരുക്കി. എങ്കിലും കണ്ണിൽ ചോരയില്ലാത്ത കൽപ്പന തുടരുകയാണെന്ന്‌ ബാങ്കിങ്‌ രംഗത്തെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ആറുകൊല്ലം മുമ്പ്‌ ട്രെയിനിന്‌ മുന്നിൽ ചാടി  മരിച്ച പഞ്ചാബ്‌ നാഷനൽ ബാങ്ക്‌ മാനേജർ അജയ്‌സെഗലിന്റെ ആത്മഹത്യാ കുറിപ്പാണ്‌ ബാങ്കിലെ സമ്മർദം പൊതുസമൂഹത്തെ അറിയിച്ചത്‌. തൊക്കിലങ്ങാടിയിലെ മാനേജരും കത്തെഴുതി; ‘‘രണ്ട്‌ ലോൺ പ്രൊപ്പോസൽ കൂടിയുണ്ട്‌, അത്‌ ശരിയാക്കിയേക്കണം ’’ എന്ന വാചകം ബാങ്കിങ്‌ രംഗത്തുള്ളവരെ ഞെട്ടിച്ചു.   Read on deshabhimani.com

Related News