"അദ്വാനിജി ചായ കുടിക്കാൻ അഞ്ച് മിനിറ്റ് മാറി നിന്നപ്പോളാണ് സംഭവം നടന്നത് എന്നും കോടതി കൂട്ടിച്ചേർത്തു'; പ്രതിഷേധ ട്രോളുമായി സമൂഹമാധ്യമങ്ങൾ



ബാബ്‌റി മസ്‌ജിദ് തകർത്തത് മുൻകൂട്ടി ആസൂത്രണം ചെയ്‌തിട്ടല്ലെന്നും ഗൂഢാലോചനയ്‌ക്കു തെളിവില്ലെന്നുമാണ്‌ സിബിഐ പ്രത്യേക കോടതി ജഡ്‌ജി എസ്‌കെ യാദവ് വിധി പറഞ്ഞത്‌. ബാബ്‌റി മസ്ജിദ് തകർത്തതിനു പിന്നിലെ ഗൂഢാലോചനക്കേസിൽ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി ഉൾപ്പെടെ 32 പ്രതികളെയും കോടതി വെറുതെവിട്ടു. കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. മസ്‌ജിദ് തകർത്തത് സമൂഹ വിരുദ്ധരാണ്. ഇവരെ തടയാനാണ് ബിജെപി നേതാക്കൾ ശ്രമിച്ചതെന്നുമാണ്‌ കോടതി പറയുന്നത്‌. ജനാധിപത്യ ഇന്ത്യയ്‌ക്കേറ്റ ഏറ്റവും വലിയ മുറിവിൽ വീണ്ടും കുത്തിനോവിക്കുന്ന ഒന്നായി കോടതിവിധി. വിധിക്കെതിരെ പരിഹാസ്യത്തോടെയാണ്‌ സമൂഹമാധ്യമങ്ങൾ പ്രതികരിക്കുന്നത്‌ ആരും തകർത്തില്ലെങ്കിൽ പിന്നെ എങ്ങനെ പള്ളി പൊളിഞ്ഞു എന്നുകൂടി കോടതി പ്രതികരിക്കണമെന്നാണ്‌ ട്രോളിലൂടെ ആളുകൾ ആവശ്യപ്പെടുന്നത്‌. പള്ളി തകർത്തത് പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ ആസത്രിതമല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. പള്ളി തകർത്തതിന്റെ ദൃശ്യങ്ങളുടെ ആധികാരികത തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു. എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ് തുടങ്ങിയ ബിജെപി നേതാക്കളായിരുന്നു പ്രതികൾ. 32ൽ 26 പേരും കോടതിയിൽ ഹാജരായിരുന്നു. മുരളി മനോഹർ ജോഷി, എൽ കെ അദ്വാനി, ഉമാഭാരതി, കല്യാൺസിങ്, മഹന്ത് നിത് ഗോപാൽ ദാസ് തുടങ്ങി അഞ്ച് പേർ അനാരോഗ്യം മൂലം എത്താൻ കഴിയില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. മൊത്തം 48 പ്രതികളിൽ 16 പേർ വിചാരണക്കാലയളവിൽ മരിച്ചു. Read on deshabhimani.com

Related News