വീണ്ടും ചന്ദ്രനിലേക്ക്‌



മനുഷ്യനെ വീണ്ടും ചന്ദ്രോപരിതലത്തിൽ എത്തിക്കാൻ നാസ തയ്യാറെടുക്കുകയാണ്‌. 2025ൽ ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത്‌ മനുഷ്യനെ ഇറക്കുമെന്നാണ്‌ നാസ അവകാശപ്പെടുന്നത്‌. ആർട്ടമിസ്‌ –-3 ദൗത്യത്തിൽ ആദ്യമായി ഒരു വനിതയും മറ്റൊരാളും ചന്ദ്രനിൽ നടക്കും. അതിനു മുന്നോടിയായി പരീക്ഷണ ദൗത്യങ്ങൾ നടത്തും. ഈ യാത്രകളിൽ ബഹിരാകാശ സഞ്ചാരികളുടെ സാന്നിധ്യമുണ്ടാകില്ല. 1972ലെ അപ്പോളോ–-17 ദൗത്യത്തിനുശേഷം ആദ്യമായാണ്‌ മനുഷ്യന്റെ ചാന്ദ്രസന്ദർശനം. ഗ്രീക്ക്‌ പുരാണത്തിലെ സൂര്യദേവനാണ്‌ അപ്പോളോ. അപ്പോളോയുടെ സഹോദരിയാണ്‌ ആർട്ടമിസ്‌. ഒരു വനിത യാത്ര ചെയ്യുന്നുവെന്നതാണ്‌ ആർട്ടമിസ്‌ എന്ന പേര്‌ സ്വീകരിക്കാൻ കാരണം. ഏകദേശം 35 ബില്യൻ യുഎസ്‌ ഡോളറാണ്‌ പദ്ധതിയുടെ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. ആർട്ടമിസ്‌–-1 ഈമാസം 29നു വിക്ഷേപിക്കും. 2024 മെയിൽ ആയിരിക്കും ആർട്ടമിസ്‌ –-2ന്റെ വിക്ഷേപണം. നാസയുടെ സ്‌പേസ്‌ ലോഞ്ച്‌ സിസ്റ്റം ഉപയോഗിച്ചാകും എല്ലാ വിക്ഷേപണവും. ഒറിയൺ സ്‌പേസ്‌ ക്രാഫ്‌റ്റിലാണ്‌ യാത്രികരുടെ ചാന്ദ്രയാത്ര. 2025ലെ ആർട്ടമിസ്‌–-3 ദൗത്യത്തിൽ മനുഷ്യൻ ചന്ദ്രനിൽ വീണ്ടും കാലുകുത്തും. 2027 ആർട്ടമിസ്‌–- 4 ദൗത്യവും മനുഷ്യനെ വഹിച്ചുകൊണ്ടുള്ളതാണ്‌. ആദ്യയാത്രയിൽ മനുഷ്യർക്കു പകരം ഡമ്മികളെയാണ്‌ നാസ ചന്ദ്രനിലേക്ക്‌ അയക്കുന്നത്‌. ആദ്യ ദൗത്യം വിജയകരമായാൽ രണ്ടാമത്തെ ദൗത്യത്തിൽത്തന്നെ മനുഷ്യൻ ചന്ദ്രനിൽ എത്തും.  ഒരുപക്ഷേ, 2024ൽത്തന്നെ മനുഷ്യൻ വീണ്ടും ചന്ദ്രനിൽ എത്തും. ലോക്‌ ഹീഡ്‌ മാർട്ടിൻ കോർപറേഷനാണ്‌ ആർട്ടമിസ്‌ ദൗത്യങ്ങൾക്കുവേണ്ടിയുള്ള ഒറിയൺ സ്‌പേസ്‌ ക്രാഫ്‌റ്റ്‌ നിർമിച്ചത്‌. ആമസോണിന്റെ വെർച്വൽ അസിസ്റ്റന്റ്‌ സംവിധാനമായ അലക്‌സ, സിസ്‌കോ വെബെക്‌സ്‌, വീഡിയോ കൊളാബറേഷൻ എന്നീ സങ്കേതങ്ങളും ബഹിരാകാശപേടകത്തിൽ സജ്ജീകരിച്ചിട്ടുണ്ട്‌.  ബഹിരാകാശയാത്രയിൽ പേടകവുമായി ലളിതമായ ശബ്ദസന്ദേശങ്ങൾ കൈമാറാൻ ഇതിലൂടെ സാധിക്കും. ഗ്രൗണ്ട്‌ സ്‌റ്റേഷനിൽനിന്ന്‌ യാത്രികരുമായി ടാബ്‌ വഴി വീഡിയോ കോൺഫറൻസിങ്ങും സാധ്യമാകും. നാസയുടെ ഡീപ്‌ സ്‌പേസ്‌ നെറ്റ്‌വർക്കും പേടകത്തിലെ ഡാറ്റാബേസും ഉപയോഗിച്ചാകും ഈ സങ്കേതങ്ങൾ പ്രവർത്തിക്കുക. നാസയുടെ ശക്തമായ വിക്ഷേപണവാഹനമാണ്‌ സ്‌പേസ്‌ ലോഞ്ച്‌ സിസ്റ്റം അഥവാ എസ്‌എൽഎസ്‌. അപ്പോളോ യാത്രകൾക്ക്‌ ഉപയോഗിച്ച സാറ്റേൺ–- 5 റോക്കറ്റുമായി രൂപഘടനയിൽ സാദൃശ്യമുണ്ട്‌. നാല്‌ ആർഎസ്‌–-5 എൻജിനുകളും അഞ്ച്‌ ബൂസ്റ്ററുമാണ്‌ റോക്കറ്റിൽ ഉള്ളത്‌. വിക്ഷേപണത്തെത്തുടർന്ന്‌ ബൂസ്റ്ററുകളും മൊഡ്യൂൾ പാനലുകളും ലോഞ്ച്‌ അബോർട്ട്‌ സിസ്റ്റവും നീക്കംചെയ്യും. തുടർന്ന്‌ എൻജിനുകൾ ഷട്ട്‌ഡൗൺ ചെയ്‌തശേഷം കോർ സ്‌റ്റേജ്‌ പേടകത്തിൽനിന്ന്‌ വേർപെടുത്തും. ജിയോ സിൻക്രോണസ്‌ ഭ്രമണപഥത്തിൽ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന പേടകത്തിലെ സോളാർ പാനലുകൾ വിടർത്തും. തുടർന്ന്‌ ക്രയോജനിക്‌ പ്രൊപ്പൽഷൻ സ്‌റ്റേജ്‌ ആക്ടീവാകുകയും പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന്‌ തള്ളിനീക്കുകയും ചന്ദ്രനെ ലക്ഷ്യമാക്കി യാത്ര ആരംഭിക്കുകയും ചെയ്യും. ആർട്ടമിസ്‌–-1 ന്റെ ആദ്യയാത്രയ്‌ക്ക്‌ ആറു ദിവസമാണ്‌ വേണ്ടത്‌. ചന്ദ്രന്റെ ഉപരിതലത്തിൽനിന്ന്‌ 95 കിലോമീറ്റർവരെ ഉയരത്തിൽ എത്തി വിവരശേഖരണം നടത്തും. തുടർന്ന്‌ സർവീസ്‌ മൊഡ്യൂളിന്റെ എൻജിൻ ഫയർചെയ്‌ത്‌ ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കുകയും ചെയ്യും. 50 വർഷത്തിനുശേഷം മനുഷ്യന്റെ കാൽപ്പാടുകൾ ചന്ദ്രനിൽ പതിയാൻ പോകുകയാണ്‌. അതിന്റെ ആദ്യ ചുവടുവയ്‌പാണ്‌ ഈ ദൗത്യത്തിലൂടെ നാസ നടത്തുന്നത്‌. ചന്ദ്രനിൽ കൃഷിചെയ്യാൻ അനുകൂലമായ സാഹചര്യങ്ങൾ പരിശോധിക്കുക, ലൂണാർ ഔട്ട്‌പോസ്റ്റുകൾ നിർമിക്കുക, ഖനനം നടത്തുക, ലൂണാർ ബേസുകൾ നിർമിക്കുക , തുടങ്ങിയ വലിയ ലക്ഷ്യങ്ങളാണ്‌ ആർട്ടമിസ്‌ ദൗത്യങ്ങൾകൊണ്ട്‌ നാസ ഉദ്ദേശിക്കുന്നത്‌. ഭാവിയിൽ വിനോദസഞ്ചാരത്തിന്‌ തെരഞ്ഞെടുക്കാവുന്ന പ്രദേശമായിരിക്കും ചന്ദ്രൻ.   Read on deshabhimani.com

Related News