അവസാന നാളുകളിലും സംഗീതത്തിലലിഞ്ഞ്‌ ആലപ്പി രംഗനാഥ്‌

ശബരിമല സന്നിധാനത്തുവച്ച് 
ആലപ്പി രംഗനാഥും വീരമണിയും 
കണ്ടുമുട്ടിയപ്പോൾ


കോട്ടയം ജീവിതം സംഗീതത്തിനായി ഉഴിഞ്ഞുവച്ച ആലപ്പി രംഗനാഥ്‌ അവസാന നാളുകളിലും സംഗീതത്തിൽ തന്നെ വ്യാപൃതനായിരുന്നു. പതിനാലിന്‌ രാവിലെ ശബരിമല സന്നിധാനത്ത്‌ ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങി. "പള്ളിക്കെട്ട്‌ ശബരിമലക്ക്‌' എന്ന സുപ്രസിദ്ധ ഗാനമാലപിച്ച വീരമണിയുമായി ഏറെ നേരം സംഗീത ചർച്ച നടത്തിയ രംഗനാഥ്‌ ആ സമയത്ത്‌ വളരെ ഉല്ലാസവാനായിരുന്നു. രംഗനാഥിന്റെ "എൻ മനം പൊന്നമ്പലം' എന്ന ഗാനം വീരമണി പാടിയത്‌ അദ്ദേഹം കേട്ടാസ്വദിച്ചു. സന്നിധാനത്ത്‌ സംഗീത കച്ചേരിയും അവതരിപ്പിച്ചായിരുന്നു മടക്കം. പതിനഞ്ചിന്‌ കോട്ടയം സുവർണ ഓഡിറ്റോറിയത്തിൽ  കേരള മ്യൂസിക്‌ ക്ലബ്ബിന്റെ സ്വീകരണം ഏറ്റുവാങ്ങി. പതിനാറിന്‌ രാവിലെ അദ്ദേഹത്തിന്റെ ശിഷ്യൻ ബിനു ആനന്ദ്‌ വീട്ടിലെത്തി. ഇരുവരും ഒരുമിച്ചായിരുന്നു കോട്ടയത്ത്‌ റെക്കോഡിങ്‌ സ്‌റ്റുഡിയോയിലേക്ക്‌ പോയത്‌. രംഗനാഥ്‌ ചിട്ടപ്പെടുത്തിയ ഒരു ആശംസാ ഗാനത്തിന്റെ റെക്കോഡിങ്‌ നടത്താനുണ്ടായിരുന്നു. റെക്കോഡിങ്ങിനിടെയാണ്‌ രംഗനാഥിന്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്‌. ഉടൻ ആശുപത്രിയിൽ കൊണ്ടുപോയി. ഷുഗർ താഴ്‌ന്നു പോയിരുന്നു. പിന്നീട്‌ കോവിഡ്‌ പരിശോധനയിൽ പോസിറ്റീവായി. വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിയാനുള്ള ഏർപ്പാടുകൾ ചെയ്‌തു. വൈകിട്ടോടെ കലശലായ ശ്വാസം മുട്ടലിനെ തുടർന്നാണ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങൾ കോർത്തിണക്കി പന്ത്രണ്ട്‌ മണിക്കൂർ നീളുന്ന കർണാടക സംഗീതക്കച്ചേരി 30ന്‌ ചേർത്തല എൻഎസ്‌എസ്‌ ഓഡിറ്റോറിയത്തിൽ നടക്കാനിരിക്കുകയായിരുന്നു. ബിനു ആനന്ദാണ്‌ ഗായകൻ. ആലപ്പി രംഗനാഥിന്റെ വലിയ ആഗ്രഹമായിരുന്നു അത്‌ നേരിൽ കാണുകയെന്നത്‌. എഴുപത്തിരണ്ട്‌ മേളകർത്താ രാഗങ്ങളിൽ അദ്ദേഹം തയ്യാറാക്കിയ കീർത്തനങ്ങൾ സംഗീത കോളേജുകളിലെ സിലബസിൽ ഉൾപ്പെടുത്താൻ അദ്ദേഹമാഗ്രഹിച്ചിരുന്നു. കീർത്തനങ്ങൾ സർക്കാരിന്റെ പരിഗണനക്ക്‌ സമർപ്പിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News