അറിവിൻ ആകാശമേ 
നാളെകൾ ഇതാ....



തിരുവനന്തപുരം    ക്ലാസ്‌ മുറികൾക്കപ്പുറം അറിവന്വേഷണങ്ങളിൽ മുഴുകുന്ന പുതുതലമുറയുടെ ആഘോഷമായി ‘സ്‌റ്റെയ്‌പ്‌– -ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌–-22’ന്റെ ജില്ലാ മത്സരങ്ങൾ. അറിവിന്റെ ആകാശത്തുനിന്ന്‌ പുത്തൻ ആശയങ്ങൾ സ്വായത്തമാക്കി ജില്ലാ മത്സരത്തിൽ മാറ്റുരയ്‌ക്കാനെത്തിയ കുട്ടികൾ എല്ലാ വിഭാഗത്തിലും ഒന്നിനൊന്ന്‌ മികവുപുലർത്തി. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ രണ്ടായിരത്തിലേറെ കുട്ടികളാണ്‌ ഞായറാഴ്‌ച ജില്ലാതലങ്ങളിൽ മത്സരിച്ചത്‌. ആദ്യമായി ഏർപ്പെടുത്തിയ കഥ, കവിത രചനാ മത്സരത്തിൽ ‘ഇനിയും ഇങ്ങനെ ഉരുകിത്തീരാൻ വയ്യ', ‘കാണാതെപോയ സ്വപ്‌നങ്ങൾ’ വിഷയങ്ങളിൽ കുട്ടികളുടെ രചനകൾ സർഗാത്മക സാഹിത്യത്തിന്റെ ഭാവി അടയാളപ്പെടുത്തി. കല, സാംസ്‌കാരിക, സാമൂഹ്യ മേഖലകളിലെ പ്രഗത്ഭരാണ്‌ ഉദ്‌ഘാടനത്തിനും സമ്മാനദാനത്തിനും സാഹിത്യരചനാ വിധികർത്താക്കളായും എത്തിയത്‌. ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ ടീമായി ഡിസംബർ 11ന്‌ തൃശൂരിൽ  സംസ്ഥാന  മത്സരത്തിൽ പങ്കെടുക്കും. സംസ്ഥാന ജേതാക്കൾക്ക്‌ രണ്ടുകോടി രൂപയുടെ സമ്മാനങ്ങൾ ലഭിക്കും. ടാൽ റോപ്പിന്റെ എഡ്–- ടെക് സ്ഥാപനമായ ‘സ്റ്റെയ്‌പ്‌’ ആണ് ടൈറ്റിൽ സ്പോൺസർ. ക്രേസ് ബിസ്‌കറ്റിന്റെ ആസ്കോ ഗ്ലോബൽ, ബാങ്കിതര ധന സ്ഥാപനമായ ഐസിഎൽ ഫിൻകോർപ് എന്നിവരാണ് സഹ സ്പോൺസർമാർ.കലൂർ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ, കവിയും ഗാനരചയിതാവുമായ രാജീവ്‌ ആലുങ്കൽ ഉദ്‌ഘാടനം ചെയ്‌തു. ചലച്ചിത്രതാരം അശ്വിൻ ജോസ്‌ മുഖ്യാതിഥിയായി. ദേശാഭിമാനി കൊച്ചി യൂണിറ്റ്‌ മാനേജർ ടി വി ശ്രീകുമാർ അധ്യക്ഷനായി. വിജയികൾക്ക്‌ കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ സമ്മാനങ്ങൾ വിതരണം ചെയ്‌തു. കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി ഏലിയാസ്‌ മാത്യു, പ്രസിഡന്റ്‌ ജി ആനന്ദകുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ എസ്‌ മാധുരീദേവി, കലൂർ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ പി സലീന, ദേശീയ അധ്യാപക അവാർഡ്‌ ജേതാവ്‌ മാത്യു ചെറിയാൻ എന്നിവർ സംസാരിച്ചു. ദേശാഭിമാനി ന്യൂസ്‌ എഡിറ്റർ ആർ സാംബൻ സ്വാഗതവും അക്ഷരമുറ്റം ജില്ലാ കോ–-ഓർഡിനേറ്റർ എബി എബ്രഹാം നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News