നടവരമ്പ്‌ ചുവന്നു , ജന്മിമാർ മുട്ടുമടക്കി



തൃശൂർ നവോത്ഥാന പോരാട്ടങ്ങളുടെയും കർഷക സമരങ്ങളുടെയും തിളക്കമാർന്ന പൈതൃക ഭൂമിയായ തൃശൂരിൽ  കർഷകസമ്മേളനത്തിന്‌ കാഹളം. കിസാൻ സഭ അഖിലേന്ത്യാ സമ്മേളനത്തെ തൃശൂർ വീണ്ടും നെഞ്ചേറ്റുമ്പോൾ 1961ൽ എകെജിയുടെ നേതൃത്വത്തിൽ നടന്ന അഖിലേന്ത്യാസമ്മേളനവും നടവരമ്പ്‌  കർഷകസമര ചരിത്രത്താളുകളും ഇന്നും ജ്വാലയാണ്‌. കർഷകൻ വിയർപ്പൊഴുക്കിയ കൈവശഭൂമി തിരിച്ചുപിടിക്കാൻ പൊലീസും ഗുണ്ടകളുമായി ചേർന്ന്‌ ജന്മി നടത്തിയ നീക്കത്തെ ചെറുത്തുതോൽപ്പിച്ചതാണ്‌ നടവരമ്പ് കർഷകസമര ചരിത്രം. 1961 മാർച്ചിലായിരുന്നു കിസാൻ സഭയുടെ അഖിലേന്ത്യാ സമ്മേളനത്തിന്‌ തൃശൂർ വേദിയായത്‌. ആ സമ്മേളനം  1961 സെപ്തംബറിൽ  നടവരമ്പ് സമരത്തിന് ഊർജമായി മാറി.  ഇ എം എസ് സർക്കാർ 1959ൽ കാർഷിക അനുബന്ധബിൽ പാസാക്കി പ്രസിഡന്റിന്റെ അനുമതിക്ക് അയച്ചിരുന്നു. എന്നാൽ വിമോചനസമരത്തെത്തുടർന്ന്‌ സർക്കാരിനെ പിരിച്ചുവിട്ടു.  തുടർന്നുവന്ന സർക്കാർ നിയമം നടപ്പാക്കാൻ താൽപ്പര്യം കാണിച്ചില്ല  ബില്ല് അസ്ഥിരപ്പെടുത്താനും കർഷകരെ ഒഴിപ്പിക്കാനും ജന്മിമാർ നീക്കംനടത്തി.   നടവരമ്പത്ത് പരിയാടത്ത് നാരായണമേനോന്റെ ഭൂമി കൈവശംവച്ച്‌ കൃഷി ചെയ്തിരുന്ന ചാമിയോട്‌ നിലം ഒഴിയാൻ ആവശ്യപ്പെട്ടു.  ചാമി  കൈവശ ഭൂമിയിൽ കടക്കുന്നതു തടഞ്ഞ്‌ ജന്മി കോടതിവിധിയും സമ്പാദിച്ചു. ഇത്‌ ലംഘിച്ച്‌ കൃഷിയിറക്കാനായിരുന്നു കർഷകസംഘം തീരുമാനം. കർഷകസംഘം നേതാക്കളായ  കെ കെ കോപ്പക്കുട്ടിയും പി കെ കുമാരനും സമരകേന്ദ്രത്തിലെത്തി. ചെങ്കൊടിയുമായി നൂറുകണക്കിനു തൊഴിലാളികൾ വയൽവരമ്പിൽ. മറുവശത്ത്നിറതോക്കുകളുമായി പൊലീസും ജന്മിമാരുടെ ഗുണ്ടകളും.  കെ കെ കോപ്പക്കുട്ടിയും  കർഷകനായ ചാമിയും ഭാര്യ ചക്കിയും ഞാറുമായി  ആദ്യം വയലിലിറങ്ങി.  ഉടൻ അറസ്റ്റ്‌. നാടിന്റെ നാനാഭാഗങ്ങളിൽനിന്നും കർഷകരും കർഷകത്തൊഴിലാളികളും ഒഴുകിയെത്തി ഞാറു നടാൻ തുടങ്ങിയതോടെ പൊലീസ്‌   മർദനത്തിൽനിന്ന്‌ പിൻമാറി. സമരക്കാരെ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലാക്കി. സമരത്തിൽ പങ്കെടുത്ത തെക്കേടത്ത് കുഞ്ഞന്റെ ഭാര്യ കാർത്യായനിയെ 14 ദിവസം പ്രായമുള്ള കൈക്കുഞ്ഞുമായാണ്‌ ജയിലിലടച്ചത്.  സമരം വിജയം കാണുമ്പോൾ മൂവായിരത്തിലധികം പേർ അറസ്റ്റ്‌വരിച്ചിരുന്നു. പരിയാരവും കുമ്പിടിയിലുമുൾപ്പെടെ സമരഗാഥകൾ ഏറെ. Read on deshabhimani.com

Related News