കോടി കടന്ന്‌ പെൺകരുത്ത്‌



തിരുവനന്തപുരം (എം സി ജോസഫൈൻ നഗർ) സമത്വത്തിനും സ്ത്രീവിമോചനത്തിനുമായുള്ള പോരാട്ടത്തിൽ മഹിളാ അസോസിയേഷന്‌ ‘കോടി’ക്കരുത്ത്‌. 1981ൽ മദ്രാസിൽ ആദ്യ സമ്മേളനം നടക്കുമ്പോൾ 12 ലക്ഷം അംഗങ്ങൾ മാത്രമുണ്ടായിരുന്ന സംഘടനയ്ക്ക്‌ നാല്‌ പതിറ്റാണ്ടിനിപ്പുറം പതിമൂന്നാം സമ്മേളനത്തിൽ എത്തിനിൽക്കുമ്പോൾ  അംഗസംഖ്യ കോടിയിൽപ്പരം. കശ്‌മീർമുതൽ കന്യാകുമാരിവരെയുള്ള പൊരുതുന്ന വനിതകളുടെ പ്രതിനിധികളായി  850 പേരാണ്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. 1981 മാർച്ച്‌ പത്തുമുതൽ 12വരെ ചെന്നൈയിൽ  നടന്ന സമ്മേളനത്തിൽ 14 സംസ്ഥാനത്തുനിന്നായി 398 പ്രതിനിധികളാണുണ്ടായിരുന്നത്‌. പശ്ചിമ ബംഗാളിൽനിന്നായിരുന്നു ഏറ്റവുമധികം –- 151. കേരളത്തിൽനിന്ന്‌ 111 പേരുണ്ടായിരുന്നു. 1986ൽ തിരുവനന്തപുരത്ത്‌ രണ്ടാം സമ്മേളനത്തിൽ 18 സംസ്ഥാനത്തുനിന്ന്‌ 728 പ്രതിനിധികൾ. അഞ്ചാം സമ്മേളനംവരെ 18 സംസ്ഥാനത്തുനിന്നായിരുന്നു പ്രതിനിധികൾ. 2019ലെ മുംബൈ സമ്മേളനത്തിൽ 23 സംസ്ഥാനത്തുനിന്നും ഒരു  കേന്ദ്രഭരണ പ്രദേശത്തുനിന്നും പ്രതിനിധ്യമുണ്ടായി. ജമ്മു കശ്‌മീരിൽനിന്ന്‌ മൂന്ന്‌ നിരീക്ഷകരുമെത്തി. തിരുവനന്തപുരത്ത്‌ വീണ്ടും സമ്മേളനം നടക്കുമ്പോൾ അംഗസംഖ്യ ഒരുകോടി കവിഞ്ഞു. 24 സംസ്ഥാനത്തുനിന്നും രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പ്രതിനിധ്യം. 688 പ്രതിനിധികൾ, 81 കേന്ദ്രകമ്മിറ്റിയംഗങ്ങൾ, 22 നിരീക്ഷകർ. ക്ഷണിതാക്കളും പങ്കെടുക്കുന്നു. ഇക്കുറി ജമ്മു കശ്‌മീരിൽനിന്ന്‌ നാലും പുതുച്ചേരിയിൽനിന്ന്‌ രണ്ടും പ്രതിനിധികളുണ്ട്‌.ഹിന്ദി സംസ്ഥാനങ്ങളിലെ അംഗത്വം ആറിൽനിന്ന്‌ 17 ശതമാനമായി. ഹിമാചൽ, ഹരിയാന, മധ്യപ്രദേശ്‌, യു പി, ബിഹാർ, ഡൽഹി, പഞ്ചാബ്‌, രാജസ്ഥാൻ എന്നിവിടങ്ങളിലെല്ലാം കാര്യമായ വളർച്ചയുണ്ടായി.     Read on deshabhimani.com

Related News