തരിശിനെ നിലംപരിശാക്കുന്ന യന്ത്രം



അഗ്രോ ഡ്രഡ്‌ജ്‌ ക്രാഫ്‌റ്റിലൂടെ ആയിരക്കണക്കിന്‌ ഏക്കർ തരിശുനിലം കൃഷിയോഗ്യമാക്കാൻ സംസ്ഥാന സർക്കാരും കൃഷി വകുപ്പും ലക്ഷ്യമിടുന്നു. നമ്മുടെ പാടങ്ങൾക്ക്‌ അനുയോജ്യമായി തദ്ദേശീയമായി, റീബിൽഡ്‌ കേരള പദ്ധതിയിലൂടെയാണ്‌ യന്ത്രം നിർമിച്ചത്‌. അറിയാം അഗ്രോ ഡ്രഡ്‌ജ്‌ ക്രാഫ്‌റ്റിനെയും അതിന്റെ നിർമാതാവ്‌ നിധിൻലാലിനെയും. ഹൈഡ്രോളിക്‌ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മണ്ണുമാന്തി യന്ത്രത്തിന്റെ ആദ്യരൂപം പുറത്തിറങ്ങി ഒന്നര നൂറ്റാണ്ടാകുന്നു. 1980കളിൽ മാസത്തിൽ വിറ്റുപോയത്‌ ഒന്നോ രണ്ടോ. രണ്ടായിരത്തിൽ എത്തിയപ്പോൾ ‘ജനപ്രീതി’ വർധിച്ചെന്ന്‌ ഡീലർമാർ. കാലാന്തരത്തിൽ മനുഷ്യാധ്വാനമെന്ന സങ്കൽപ്പത്തെ യന്ത്രക്കൈയ്യാൽ അത്‌ കോരിക്കളഞ്ഞിരിക്കുന്നു. വ്യവസായലോകം വിപ്ലവകരമായ കണ്ടുപിടുത്തമായി കാണുമ്പോഴും  പൊതുവിൽ നശീകരണത്തിന്റെ പ്രതീകമായി. കേരളത്തിൽ മാത്രം എത്രയെത്ര കുന്നും മലയുമാണ്‌ നഷ്ടമായത്‌.‘ കുന്നിടിച്ചു നിരത്തുന്ന യന്ത്രമേ/മണ്ണ്‌ മാന്തിയെടുക്കുന്ന കൈകളിൽ/പന്ത്‌ പോലൊന്ന്‌ കിട്ടിയാൽ നിർത്തണേ/ഒന്ന് കൂക്കി വിളിച്ചറിയിക്കണേ/പണ്ട്‌ ഞങ്ങൾ കുഴിച്ചിട്ടതാണെടോ/ പന്ത് കായ്‌ക്കും മരമായി വളർത്തുവാൻ...’ മോഹനകൃഷ്‌ണൻ കാലടി സമർഥമായി പകർത്തിയിട്ടതും ഇതാണ്. യന്ത്രക്കൈ ആണ്‌ ഇവിടെയും വിഷയം. കഥാപാത്രം അഗ്രോ ഡ്രഡ്‌ജ്‌ ക്രാഫ്റ്റ്‌. കോഴിക്കോട്‌ ജില്ലയിലെ പേരാമ്പ്ര കല്ലോട്‌ സ്വദേശി എം നിധിൻലാലിന്റെ സൃഷ്‌ടി. കൃഷിക്കായി ഭൂമിയുടെ ഞരമ്പുകൾ വൃത്തിയാക്കാൻ നിർമിച്ച യന്ത്രം! നശീകരണമല്ല, അവതാരലക്ഷ്യമെന്നർഥം. കളിവണ്ടിയിലെ ചെറുപരീക്ഷണം മുതൽ എണ്ണമറ്റ ഫീൽഡ് അനുഭവങ്ങൾവരെയുണ്ട്‌ നിധിൻലാലിന്‌.  വിദേശത്തുനിന്ന്‌ കനത്ത ശമ്പളത്തിൽ ഓഫർ വന്നിട്ടും ‘തന്റേതായ ഇടം’ തേടിയ നിധിൻ ഇതാ ‘അഗ്രോ ഡ്രഡ്‌ജ്‌ ക്രാഫ്‌റ്റു’മായി നിവർന്നു നിൽക്കുന്നു. റീബിൽഡ്‌ കേരള പദ്ധതി വഴി കൃഷിവകുപ്പിനുവേണ്ടിയാണ്‌  നിർമാണം. വില 82 ലക്ഷം. നമ്മുടെ പാടത്തിനും കാലാവസ്ഥയ്‌ക്കും അനുയോജ്യമായി തദ്ദേശീയമായി നിർമിച്ചത്‌. കരയിലും വെള്ളത്തിലും ഉപയോഗിക്കാം. വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോൾ  ഒന്നേകാൽ കോടിയോളം ലാഭം! വന്ന വഴി മറക്കരുതെന്നാണല്ലോ. ആ വഴി നിധിൻ പറയട്ടെ.   വന്ന വഴി 2005ലാണ്‌ മീനങ്ങാടി ഗവ. പോളിടെക്‌നിക്കിൽനിന്ന്‌ മെക്കാനിക്കൽ ട്രേഡിൽ ഡിപ്ലോമ പൂർത്തിയാക്കുന്നത്‌. തുടർന്ന്‌ ചെന്നൈയിൽ  കംപ്യൂട്ടർ ന്യൂമെറിക്കൽ കൺട്രോൾ കോഴ്‌സ്‌.  ചില കമ്പനികളിലും ജോലി ചെയ്‌തു. ഹൈഡ്രോളിക്‌ യന്ത്രങ്ങളോടുള്ള ഇഷ്ടംകൊണ്ട്‌ പിന്നീട് അത് ഉക്ഷേപിച്ചു. 2007ൽ കൊച്ചിയിൽ ഇന്ത്യാടെക്‌ കമ്പനിയിൽ സർവീസ്‌ എൻജീയറായി. അത്‌ പിന്നെ ചെറു പരീക്ഷണങ്ങളുടെ ഗ്യാരേജും യാർഡുമായി. യന്ത്രങ്ങൾക്കിടയിൽ രാപ്പകലുകൾ.   തകരാർ പരിഹരിക്കാനെത്തുന്നവ മൊത്തത്തിൽ അഴിച്ചുനോക്കും. തുടക്കത്തിൽ മറ്റുള്ളവർക്ക്‌ അലോസരമായി. ഭാവിയിൽ ഉണ്ടായേക്കാവുന്ന തകരാറുകൾകൂടി കണ്ടെത്തി പരിഹരിച്ചതിനാൽ കസ്റ്റമർക്ക്‌ പരാതിയില്ല. അതിനിടെ പേരാമ്പ്രയിൽ സിഡ്‌കോ മിനി ഇൻഡസ്‌ട്രിയൽ എസ്റ്റേറ്റിൽ സ്ഥലം വാങ്ങി. കടം വാങ്ങിയ  തുകയ്‌ക്കായിരുന്നു അത്‌. ഇന്ത്യാടെക്കിന്റെ എംഡി ജോർജ്‌ വിൻസി തോമസിന്റെ അറിവോടെതന്നെ. 2014 ആയപ്പോഴേക്കും കേരളത്തിൽ ആദ്യത്തെ ജെസിബി ഡീലർഷിപ്പുണ്ടായിരുന്ന ഇന്ത്യാടെക്‌ സാമ്പത്തികമായി തകർന്നു. ഡ്രഡ്‌ജർ ഉൾപ്പെടെ നിർമിച്ച സ്ഥാപനത്തിൽനിന്ന്‌ അവസാനം പിരിഞ്ഞ ജീവനക്കാരനായി. ഏഴുവർഷത്തെ അനുഭവപാഠം.  ഗൾഫിൽ പോകാൻ സമ്മർദമുണ്ടായെങ്കിലും വഴങ്ങിയില്ല. ഒരിക്കൽ സ്വന്തമായി എന്തെങ്കിലുമൊക്കെ നിർമിച്ചു കാണിക്കണമെന്നായിരുന്നു ആഗ്രഹം.     മലയിൽ ഇൻഡസ്‌ട്രീസ്‌ വ്യവസായ കേന്ദ്രം ഉദ്യോഗസ്ഥരുടെ ക്ലാസ്‌  കേൾക്കാൻ പോകുമായിരുന്നു. സംരംഭം തുടങ്ങാൻ അറിവ്‌ പ്രധാനമായതിനാൽ ശിൽപ്പശാലകളും സെമിനാറുകളും വിടില്ല. പണത്തിനായി പിന്നെ നെട്ടോട്ടം. 2013ൽ കോഴിക്കോട്‌ ജില്ലാവ്യവസായ വകുപ്പിനെ സമീപിച്ചു. കേന്ദ്രത്തിന്റെ പിഎംഇജിപി സ്‌കീമിൽ പ്രൊജക്ട്‌ അംഗീകരിച്ചു. ഐസിഐസിഐ ബാങ്കായിരുന്നു വായ്‌പ നൽകേണ്ടത്‌. പദ്ധതിയെക്കുറിച്ച്‌ കാര്യമായ അറിവില്ലെന്ന കാരണം പറഞ്ഞ്‌ ജീവനക്കാർ വായ്‌പ നീട്ടിക്കൊണ്ടുപോയി. ഒടുവിൽ ബാങ്ക്‌ സിഇഒ ചന്ദ കൊഛാറിന്‌ പരാതി നൽകി. വായ്‌പ കിട്ടി.  പതിനഞ്ച്‌ ലക്ഷത്തിന്‌ അപേക്ഷിച്ചെങ്കിലും ലഭിച്ചത്‌ ഒമ്പതര ലക്ഷം.  കടംവാങ്ങി.  ബാധ്യതയുമേറി.  തിരിച്ചടവ്‌ മുടങ്ങിയതോടെ സിബിൽ സ്‌കോർ ഇടിഞ്ഞു.  വായ്‌പയെടുക്കാൻ കഴിയാതെയായി.   ചിറക്‌ മുളയ്‌ക്കുന്നു 2015ൽ എറണാകുളത്തെ  കരാറുകാരൻ ഡ്രഡ്‌ജർ നിർമിച്ചു തരാമോയെന്ന ആവശ്യവുമായി സമീപിച്ചു. ഇന്ത്യാടെക്കിന്റെ പഴയൊരു കസ്റ്റമറായിരുന്നു അയാൾ. സ്വന്തമായി നിർമിച്ചു നൽകാൻ പാങ്ങില്ല. ഉപകരണങ്ങൾ വാങ്ങിച്ചു തന്നാൽ ശരിയാക്കാമെന്നു അറിയിച്ചു. ഇന്ത്യാടെക്കിൽ ഉണ്ടായിരുന്ന മെഷീന്റെ ചില ഭാഗങ്ങൾ പേരാമ്പ്രയിലെത്തിച്ചു. പണിക്കാരുടെ കൂലി മാത്രമെടുത്ത്‌ പൂർത്തിയാക്കി നൽകി. അത്‌ വിജയമായി.   കതിരിട്ട ആവള പാണ്ടി 2016ൽ എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയതിന്‌ പിന്നാലെ കോഴിക്കോടിന്റെ പഴയ നെല്ലറയായിരുന്ന  ആവളപാണ്ടിയിൽ കൃഷി പുനരാരംഭിക്കാൻ തീരുമാനിച്ചു. നെല്ല് നമ്മുടെ അന്നം, എല്ലാവരും പാടത്തേക്ക്‌ എന്ന മുദ്രാവാക്യവുമായായിരുന്നു അത്‌. പേരാമ്പ്ര മണ്ഡലം വികസനമിഷൻ, ചെറുവണ്ണൂർ പഞ്ചായത്ത്, കൃഷി വകുപ്പ്‌, പാടശേഖര സമിതികൾ തുടങ്ങിയവയൊക്കെ പങ്കാളികൾ. 950 ഏക്കറിൽ കൃഷി ആരംഭിക്കാനിരുന്നപ്പോഴാണ്‌ അടഞ്ഞ തോടുകൾ തടസ്സമായത്‌. സ്വീഡനിൽനിന്ന്‌ ഇറക്കുമതി ചെയ്‌ത ‘ട്രക്‌സർ’ ഉപയോഗിച്ചാണ്‌ പായലും കളയും നീക്കിയത്‌.  തുമ്പിയെ കൊണ്ട്‌ കല്ലെടുപ്പിക്കുംപോലെയായിരുന്നു അത്‌. വീട്ടിൽനിന്ന്‌ അകലെയല്ല പാടം. പുതിയ യന്ത്രം കാണാൻ പോയി. യമുനയും കോസിയും ശുചീകരിക്കാൻ ഇന്ത്യാടെക്കിൽനിന്ന്‌ നൽകിയ യന്ത്രങ്ങളുടെ സർവീസിങ്‌ മുന്പ്‌ നടത്തിയ അനുഭവമുണ്ട്‌. അടുത്തറിഞ്ഞപ്പോ ട്രക്‌സറിന്റെ പ്രശ്‌നങ്ങൾ മണ്ണൂത്തി കാർഷിക സർവലാശാലയിലെ പ്രൊഫ. ജയകുമാരനോട്‌ സംസാരിച്ചു. അങ്ങനെ അനൗദ്യോഗികമായി അവരുടെ ചില പ്രൊജക്ടുകളിൽ ഭാഗമായി. അതാണ്‌ പിന്നീട്‌ അഗ്രോ ഡ്രഡ്‌ജ്‌ ക്രാഫ്‌റ്റിന്റെ നിർമാണത്തിലേക്ക്‌ നയിച്ചത്‌.   ദാലിലെ പായൽ  ശ്രീനഗറിലെ ദാൽ തടാകത്തിലായിരുന്നു 2020ലെ കൊറോണകാലത്ത്‌ മൂന്നുമാസം. .വർഷങ്ങളായി കോടികൾ ചെലവിട്ടിട്ടും തടാക ശുചീകരണം പൂർത്തിയാകാത്ത പ്രശ്‌നത്തിൽ  2018ൽ  ജമ്മു കശ്‌മീർ ഹൈക്കോടതി ഇടപെട്ടു.  പ്രശ്‌നം പഠിക്കാനും പരിഹാരം നിർദേശിക്കാനും ഡിഎംആർസി മുൻ എംഡി ഇ ശ്രീധരൻ തലവനായി മൂന്നംഗ വിദഗ്‌ധകമ്മിറ്റിയെ ചുമതലപ്പെടുത്തി.  ഇതിൽ മുൻ അഡീഷണൽ ചീഫ്‌ സെക്രട്ടറി നിവേദിത പി ഹരനുമുണ്ടായിരുന്നു. സെപ്‌തംബർ 18നായിരുന്നു ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. തടാകം സംരക്ഷിക്കാൻ 2002 മുതൽ 759 കോടി രൂപ ചെലവഴിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പുതിയ പ്രവൃത്തിയുടെ കൺസൾട്ടൻസി ഡിഎംആർസിക്കായിരുന്നു. കൊച്ചിയിലെ എപിഎം മറൈൻ കമ്പനിയാണ്‌ വീഡ്‌ ഹാർവെസ്റ്ററിന്റെ നിർമാണം.അതിൽ എളിയരീതിയിൽ പങ്കാളിയാകാൻ കഴിഞ്ഞു. ഡ്രഡ്‌ജർ നിർമിക്കുകയും വർക്ക്‌ എടുക്കുകയും ചെയ്യുന്ന കമ്പനിയാണ്‌ എപിഎം. പരിചയത്തിൽ അതിന്റെ ഉടമ  എന്നെയും വിളിച്ചു. ഡിഎംആർസിയുടെ ഓഫീസിൽ ചേർന്ന  യോഗത്തിൽ കംപ്യൂട്ടർ ഗ്രാഫിക്‌സും ത്രീഡി അനിമേഷനും ഉപയോഗിച്ച്‌ യന്ത്രത്തിന്റെ പ്രവർത്തനം വിശദീകരിച്ചു. ടാറ്റ ഹിറ്റാച്ചിയുടെ ഭാഗം കൂടി കൂട്ടിയോജിപ്പിച്ചായിരുന്നു എപിഎം കമ്പനി വീഡ്‌ ഹാർവെസ്റ്റർ നിർമിച്ചത്‌. കൊടുങ്ങല്ലൂരിലെ നവ്‌ഗതിയുടെ യാർഡിലായിരുന്നു നിർമാണം. എളുപ്പത്തിലും വേഗത്തിലും പായൽ നീക്കാൻ യന്ത്രത്തിനായി. ഇംഗ്ലീഷ്‌ മാധ്യമങ്ങളിൽ അത്‌ വാർത്തയായി.    അഗ്രോ ഡ്രഡ്‌ജ്‌ ക്രാഫ്‌റ്റ്‌ കൃഷിയാവശ്യത്തിന്‌ ഉപയോഗിക്കാവുന്നതാണ്‌ പുതുതായി നിർമിച്ച ഡ്രഡ്‌ജർ, അഗ്രോ ഡ്രഡ്‌ജ്‌ ക്രാഫ്‌റ്റ്‌ എന്നാണ്‌ പേര്‌. മുമ്പ്‌ കൊച്ചിയിലെ കോൺട്രാക്ടർക്ക്‌ നിർമിച്ച്‌ നൽകിയതിനേക്കാൾ പുതുമ ഇതിനുണ്ട്‌. 76 എച്ച്‌പി കിർലോസ്‌കർ എൻജിനാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. മറ്റ്‌ യന്ത്രങ്ങളുമായി താരതമ്യംചെയ്യുമ്പോൾ ഇന്ധന ക്ഷമത കൂടും. കനമുള്ളതും കനമില്ലാത്തതുമായ വസ്‌തുകൾ നീക്കാൻ ഒരേ അളവിൽ ഇന്ധനത്തിന്റെ ആവശ്യമില്ല. ഇത്തരമൊരു ഇന്ധന മാനേജ്‌മെന്റ്‌ ഇടത്തരം യന്ത്രത്തിൽ പൊതുവെ ഉണ്ടാകാറില്ല. മൊത്തത്തിൽ ഡിസൈൻ ഭംഗിയാക്കിയിട്ടുണ്ട്‌. കാബിൻ സുതാര്യമാണ്‌. എട്ടോ പത്തോ മണിക്കൂർ തുടർച്ചയായി ഓപ്പറേറ്റ്‌ ചെയ്യാം.  വെള്ളത്തിലും കരയിലും യന്ത്രം പ്രവർത്തിപ്പിക്കാം. തോട്‌ വെട്ടാനും വരമ്പ്‌ ഉണ്ടാക്കാനും വെള്ളത്തിലെ പായലും കളകളും ഉൾപ്പെടെ നീക്കാനും സാധിക്കും. ചേനായി പുഴയിൽ ഇതിന്റെ സ്‌റ്റെബിലിറ്റി ചെക്കിങ്‌ കഴിഞ്ഞു. ഇക്കഴിഞ്ഞ ദിവസം കൈപ്രം വയലിൽ കുളമുണ്ടാക്കാനുള്ള പണി ട്രയലായി ആരംഭിച്ചു. പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്ത്‌ ഫിഷറീസ്‌ വകുപ്പുമായി ചേർന്ന്‌ നടത്തുന്ന നെല്ലിനൊപ്പം മീനും പദ്ധതിയുടെ ഭാഗമാണിത്‌. യന്ത്രത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനം ഈമാസമുണ്ടായേക്കും.   നെല്ലുൽപ്പാദനം കൂടും പി പ്രസാദ്‌ (കൃഷി മന്ത്രി) കാർഷികമേഖലയിൽ ആവശ്യമായ യന്ത്രങ്ങളുടെ അപര്യാപ്തത  നിലനിൽക്കുകയാണ്‌. നമ്മുടെ പാടങ്ങൾക്കും  ഭൂമിശാസ്‌ത്രപരമായ പ്രത്യേകതയ്‌ക്കും അനുയോജ്യമാംവിധം യന്ത്രങ്ങൾ സംവിധാനംചെയ്യുന്നതിൽ കാലതാമസമുണ്ട്‌. അതിന് മുൻകെെയെടുക്കുന്നതിനാണ് നിരവധിയായ സ്ഥാപനങ്ങൾ. അതിലൂടെ തദ്ദേശീയമായി ഉപകരണങ്ങൾ ഉണ്ടാക്കുന്നതിൽ നല്ല മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.  അതൊക്കെ ചേരുമ്പോൾ നെല്ലുൽപ്പാദനംവർധിക്കും. ചെലവ് കുറയും. കൃഷിക്കാരുടെ വരുമാനവും കൂടും.   വലിയ പ്രതീക്ഷ പ്രൊഫ. യു ജയകുമാരൻ (സിഇഒ, സംസ്ഥാന കാർഷികയന്ത്രവൽക്കരണ മിഷൻ) സംസ്ഥാനത്ത് അഞ്ചുലക്ഷം ഹെക്ടർ തണ്ണീർത്തട നെൽവയലുകളെങ്കിലും നഷ്ടപ്പെട്ടു കഴിഞ്ഞു. അതിൽ ഒന്നേകാൽ ലക്ഷത്തോളം ഹെക്ടർ തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ്‌ കരുതുന്നത്‌. കൃത്യമായ നീർവാർച്ച നടക്കാതെ തരിശായി മാറിയവയാണ് ഏറെയും. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശീയമായി നിർമിച്ച അഗ്രോ ഡ്രഡ്‌ജ്‌ ക്രാഫ്റ്റ് കാർഷിക മേഖലയ്‌ക്ക്‌ മുതൽകൂട്ടാവും. മലബാർ പ്രത്യേക ദൗത്യസേന പദ്ധതിക്ക്‌ ഈ യന്ത്രം നൽകും. തണ്ണീർത്തട നെൽവയലുകൾ തിരിച്ചുകൊണ്ടുവരാനുള്ള ആലോചന നടക്കുന്നതിനിടയിലാണ് റീബിൽഡ്‌ കേരള പദ്ധതി വരുന്നത്‌. അതിൽനിന്നാണ്‌ യന്ത്രമുണ്ടാക്കാൻ 82 ലക്ഷം രൂപ അനുവദിച്ചത്‌. അറ്റകുറ്റപ്പണിയും ദൈനംദിന സംരക്ഷണവും മൂന്നുവർഷം നിധിന്റെ ഉടമസ്ഥതയിലുള്ള മലയിൽ ഇൻഡസ്ട്രീസിനാണ്‌. വിപണിയിൽ ഏകദേശം രണ്ടുകോടിരൂപ വില വരുന്ന യന്ത്രം കുറഞ്ഞ തുകയിൽ തദ്ദേശീയമായി നിർമിക്കാൻ കഴിഞ്ഞത് നേട്ടമാണ്.   Read on deshabhimani.com

Related News