‘അകം’ പെയ്‌തു, മഴയ്‌ക്കൊപ്പം... ഈറനണിഞ്ഞ്‌ ചരിത്രനഗരി

ദേശാഭിമാനി എൺപതാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ‘അകം’ ബാൻഡ്‌ അവതരിപ്പിച്ച 
സംഗീതനിശയിൽ ഹരീഷ്‌ ശിവരാമകൃഷ്‌ണൻ പാടുന്നു


കോഴിക്കോട്‌    ‘അകം’ നിറച്ച സംഗീതമഴയിൽ ഈറനണിഞ്ഞ്‌ ചരിത്രനഗരി. മനവ്യാളയും രംഗപുരയുമെല്ലാം ദ്രുതതാളത്തിൽ വേദിയിൽ ഉയർന്നപ്പോൾ പുറത്ത്‌ മഴയും താളമിട്ടു.  ഇടയ്‌ക്ക്‌ ബാബുരാജിന്റെയും ജോൺസൺമാഷുടെയുമെല്ലാം മധുരഗാനങ്ങളുമായി ‘അക’മൊഴുകി. ശാസ്ത്രീയസംഗീതത്തിന്റെ ഗരിമയും റോക്കിന്റെ ചടുലതയും ചേർത്ത്‌ ഹരീഷ് ശിവരാമകൃഷ്ണനും സംഘവും കോഴിക്കോടിന്റെ സായാഹ്നത്തിൽ തെളിയിച്ചത്‌ ഒരായിരം സംഗീത പൂത്തിരി. ദേശാഭിമാനി 80–-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ്‌ സരോവരം ട്രേഡ്‌ സെന്ററിൽ ‘അകം’ ബാൻഡ്‌ സംഗീതവിസ്‌മയം തീർത്തത്‌. റോക്ക്–-കർണാടക സംഗീതമിശ്രണത്തിൽ ലയിച്ച മണിക്കൂറുകൾ ആസ്വാദകർക്ക്‌ നൽകിയത്‌ നിസ്‌തുലമായ കലാവിരുന്ന്‌. യൂത്ത്‌ ഓവർ കോഫി, ദ ബോട്ട്‌ സോങ്, മിസ്‌റ്റ്‌ ഓഫ്‌ കാപ്രിക്കോൺ തുടങ്ങി ബാൻഡിന്റെ  ത്രസിപ്പിക്കുന്ന ഗാനങ്ങൾക്കൊപ്പം മലയാളി എന്നും കേൾക്കാനാഗ്രഹിക്കുന്ന പഴയ ഗാനങ്ങളും സായാഹ്നത്തെ സാന്ദ്രമാക്കി. ‘ഇന്നലെ മയങ്ങുമ്പോൾ...’, ‘ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ’, ‘പ്രമദവനം വീണ്ടും...’ തുടങ്ങിയ ഗാനങ്ങൾ ആലപിച്ചപ്പോൾ സദസ്സും താളത്തിനൊപ്പം ഒഴുകി. എ ആർ റഹ്‌മാന്റെ ‘ഉയിരേ’, ‘ദിൽസേ’  ഗാനങ്ങളുമായി ഹരീഷ്‌ ശിവരാമകൃഷ്‌ണൻ സംഗീത ലഹരി നിറച്ചു. ദേശാഭിമാനിയുടെ പിറന്നാൾ ദിനത്തിന്‌ ആദരമർപ്പിച്ച്‌ ‘പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളെ’ എന്ന ഗാനവും ആലപിച്ചു. പ്രവീൺ ത്യാഗരാജൻ (ഗിത്താർ), സ്വാമിനാഥൻ സീതാരാമൻ (കീബോർഡ്‌), ജഗദീഷ്‌ നടരാജൻ (റിഥം ഗിത്താർ), ശിവകുമാർ നാഗരാജൻ (പെർക്യൂഷനിസ്‌റ്റ്‌), യദുനന്ദൻ നാഗരാജ്‌ (ഡ്രംസ്‌), ആദിത്യ കശ്യപ്‌ (ബാസ്‌) എന്നിവർ പിന്നണിയിലുണ്ടായി. Read on deshabhimani.com

Related News