ആരവമൊഴിഞ്ഞു ; പ്രതാപ്‌ പോത്തന്‌ യാത്രാമൊഴി



  ചെന്നൈ അലസമായ സൗന്ദര്യവും പ്രണയാർദ്രമായ കണ്ണുകളുമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച നിത്യകാമുകന്‌, പ്രതാപ്‌ പോത്തന്‌ യാത്രാമൊഴി. നടനും തിരക്കഥാകൃത്തും സംവിധായകനുമായി ചിരപ്രതിഷ്‌ഠ നേടിയ പ്രതാപ്‌ പോത്തനെ (70) ചെന്നൈയിലെ വസതിയിൽ വെള്ളിയാഴ്‌ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക്‌ മാറ്റി. ഭരതന്റെ ആരവത്തിലൂടെ(1978) സിനിമയിൽ അരങ്ങേറ്റംകുറിച്ച  പ്രതാപ്‌ പോത്തൻ മലയാളം, തമിഴ്, കന്നട, തെലുങ്ക്‌, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. 1979ൽ ഭരതന്റെ തന്നെ ‘തകര’യിലൂടെയായിരുന്നു ശ്രദ്ധിക്കപ്പെട്ടത്‌ . തൊട്ടടുത്ത വർഷം ചാമരത്തിലും വേഷമിട്ടു. പന്ത്രണ്ട് സിനിമ സം‌വിധാനംചെയ്‌തു. അവസാന സിനിമ സിബിഐ 5 ആണ്‌. തമിഴിൽ 1985-ൽ ‘മീണ്ടും ഒരു കാതൽ കഥൈ’ആണ് ആദ്യമായി സംവിധാനംചെയ്ത ചിത്രം. 1997ൽ മോഹൻലാലിനെയും ശിവാജിഗണേശനെയും നായകൻമാരാക്കി ‘ഒരു യാത്രാമൊഴി’യുമൊരുക്കി. ഒരു ഇടവേളയ്‌ക്കുശേഷം 2005-ൽ ‘തന്മാത്ര’യിലൂടെ മലയാളത്തിൽ വീണ്ടും ചായമണിഞ്ഞു. കോളേജ്‌ നാടകങ്ങളിൽ അഭിനയിച്ചിരുന്ന പ്രതാപ് പോത്തനെ ‘മദ്രാസ് പ്ലേയേഴ്സ്’ തിയറ്റർ ഗ്രൂപ്പിൽനിന്നാണ്‌ ഭരതൻ‌ കണ്ടെത്തിയത്‌. 1980കളിൽ നായകനായും ഉപനായകനായും സ്വഭാവ നടനായുമെല്ലാം തിളങ്ങിയ അദ്ദേഹം പിന്നീട്‌ ബിസിനസിലേക്ക്‌ മാറി. ‘ഗ്രീൻ ആപ്പിൾ’ പരസ്യക്കമ്പനി ആരംഭിച്ചു. ‘നിപ്പോ’പരസ്യത്തിലൂടെ സച്ചിൻതെണ്ടുൽക്കറെയും അഭിനേതാവാക്കി. പത്തനംതിട്ട തിരുവല്ലയിൽ  കമ്യൂണിസ്‌റ്റ്‌ പാർടിയുമായി അടുത്ത ബന്ധമുള്ള കുടുംബത്തിന്റെ കണ്ണിയും കമ്യൂണിസ്‌റ്റ്‌ സഹയാത്രികനുമായിരുന്നു പ്രതാപ്‌ പോത്തൻ. 2015 ൽ സിപിഐ എമ്മിന്റെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ ആദരിക്കപ്പെട്ട കലാകാരൻമാരിൽ ഒരാളായിരുന്നു. നിരവധി നേതാക്കൾക്ക്‌ ഒളിവ്‌ ജീവിതത്തിന്‌ സ്ഥലമൊരുക്കിയ കമ്യൂണിസ്‌റ്റുകാരനായ തിരുവല്ലയിലെ ബിസിനസുകാരൻ കുളത്തുങ്കൽ ജോസഫ് പോത്തന്റെയും പൊന്നമ്മയുടെയും മകനാണ്‌. ഊട്ടിയിലെ ലോറൻസ് സ്കൂളിലും തുടർന്ന്‌ ബിഎ സാമ്പത്തികശാസ്ത്രം മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്നും പൂർത്തിയാക്കി. ജസമ്മ (ഇറ്റലി), പരേതരായ മോഹൻ പോത്തൻ, ഹാരി പോത്തൻ, വിജയമ്മ എന്നിവർ സഹോദരങ്ങ
ളാണ്‌. 1985ൽ നടി രാധികയുമായിട്ടായിരുന്നു ആദ്യ വിവാഹം. താമസിയാതെ വേർപിരിഞ്ഞു. ഈ ബന്‌ധത്തിൽ മക്കളില്ല. അഞ്ചുവർഷത്തിനുശേഷം അമല സത്യനാഥിനെ വിവാഹംചെയ്‌തു. 2012ൽ വേർപിരിഞ്ഞു. ഏക മകൾ ഖേയ പോത്തൻ ഗായികയാണ്‌.   Read on deshabhimani.com

Related News