അമരന്മാരിൽ അഭിമന്യുവും



വള്ളികുന്നം (ആലപ്പുഴ) ആർഎസ്എസ് കൊലക്കത്തിക്ക് ഇരയായ പത്താംക്ലാസുകാരൻ അഭിമന്യുവിന് നാടിന്റെ യാത്രാമൊഴി. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളിയാഴ്‌ച രാവിലെ ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ  നേതാക്കൾ ഏറ്റുവാങ്ങി എസ്എഫ്ഐയുടെ ശുഭ്രപതാക പുതപ്പിച്ചു. തുടർന്ന്‌ വിലാപയാത്രയായി വള്ളികുന്നം പുത്തൻചന്തയിലുള്ള സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിലെത്തിച്ച മൃതദേഹത്തിൽ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സജി ചെറിയാൻ എംഎൽഎ, സി എസ് സുജാത തുടങ്ങിയവർ ചേർന്ന് രക്തപതാക പുതപ്പിച്ചു. ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു എന്നിവർ അന്ത്യാഭിവാദ്യമേകി. ആർഎസ്‌എസ്‌ അക്രമികളിൽനിന്ന്‌ അഭിമന്യുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൈയ്‌‌ക്ക്‌ വെട്ടേറ്റ സഹപാഠി കാശിനാഥിന്റെ വിടചൊല്ലൽ വികാരനിർഭരമായി. ആയിരങ്ങളാണ്‌ ചേതനയറ്റ ശരീരം ഒരു നോക്കുകാണാൻ തടിച്ചുകൂടിയത്. വീട്ടിൽ ഒന്നേകാലോടെ എത്തിച്ച മൃതദേഹത്തിൽ അച്‌ഛൻ അമ്പിളികുമാർ, ജ്യേഷ്‌ഠൻ അനന്തു, മുത്തച്‌ഛൻ ദിവാകരൻ, മുത്തശി ഭവാനി, മാതൃസഹോദരി ശോഭ എന്നിവർ അന്ത്യചുംബനമേകി. കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ആദ്യകാല പ്രവർത്തകൻ കൂടിയായ മുത്തച്‌ഛൻ ദിവാകരൻ മുഷ്ടിചുരുട്ടി ഇൻക്വിലാബ് വിളിച്ചാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. അമ്പിളികുമാറിന്റെ സഹോദരന്റെ മകൻ അർജു ചിതയ്‌ക്കു തീകൊളുത്തി.   Read on deshabhimani.com

Related News