കാലം തളർത്തിയില്ല, ഈ പ്രണയഗാനത്തെ



കൊച്ചി മലയാളികൾ നെഞ്ചേറ്റിയ സൂപ്പർഹിറ്റ്‌ തമിഴ്‌ ചിത്രം ‘96’ലെ മനോഹര പ്രണയഗാനം ‘കാതലേ കാതലേ’ കല്യാണിമേനോൻ പാടിയത്‌ 76–-ാംവയസ്സിലാണ്‌. ഗോവിന്ദ്‌ വസന്തയുടെ സംഗീതത്തിലുള്ള പ്രണയഗാനം ചിന്മയിക്കൊപ്പമാണ്‌ ആലപിച്ചത്‌.  ഋതുഭേദ കൽപ്പന ചാരുത നൽകിയ പ്രിയപാരിതോഷികംപോലെ... എന്ന പ്രണയഗാനവും കല്യാണിമേനോന്‌ രസമുള്ള പാട്ടോർമ. ‘രണ്ട്‌ സിംഹങ്ങൾക്കു നടുവിൽ നിന്ന്‌ പേടിച്ചുപാടിയ ഗാനം’ എന്നാണ്‌ ഇളയരാജയുടെ സംഗീതത്തിൽ യേശുദാസിനൊപ്പം പാടിയ പാട്ടിനെക്കുറിച്ചുള്ള ഓർമ.  ‘മംഗളം നേരുന്നു’ എന്ന ചിത്രത്തിനുവേണ്ടി പാടിയ ഈ ഗാനം അവസാന നാളുകളിലും കല്യാണിമേനോൻ പാടാറുണ്ട്‌. ‘അബല’യാണ്‌ മലയാളത്തിലെ ആദ്യചിത്രം. ചെന്നൈയിൽ എവിഎം സ്‌റ്റുഡിയോയിൽ ഓർക്കസ്‌ട്രയ്‌ക്കുമുന്നിൽ പകച്ചുനിന്ന തന്നെ ഗുരുനാഥൻ ദക്ഷിണാമൂർത്തി പി സുശീലയുടെ പാട്ടുകൾ പാടിച്ച്‌ ആത്മവിശ്വാസം പകർന്നു. തുടർന്നാണ്‌ ‘എന്നിനി ദർശനം...’ എന്നുതുടങ്ങുന്ന ഗാനം ആർ കെ ശേഖറിന്റെ മേൽനോട്ടത്തിൽ പാടിച്ചത്‌. ആദ്യം പാടിയ സിനിമ ഇറങ്ങിയില്ലെങ്കിലും ബാബുരാജിന്റെ സംഗീതസംവിധാനത്തിൽ ‘ദ്വീപ്‌’ എന്ന സിനിമയ്‌ക്ക്‌ പാടിയ ‘കണ്ണീരിൻ മഴയത്ത്‌ നെടുവീർപ്പിൻ കാറ്റത്ത്‌...’ എന്ന ഗാനമാണ്‌ മലയാളത്തിൽ ബ്രേക്കായത്‌. ‘വിയറ്റ്‌നാം കോളനി’യിലെ പവനരച്ചെഴുതുന്നു കോലങ്ങളെന്നും.., കാക്കക്കുയിലെ.. ഉണ്ണിക്കണ്ണാ വായോ, മിസ്‌റ്റർ ബട്‌ലറിലെ രാര വേണു, ടി ഡി ദാസൻ സ്‌റ്റാൻഡേർഡ്‌ സിക്‌സ്‌ത്‌ ബിയിലെ കണ്ണനാമുണ്ണിയെ കാണുമാറാകണം.., സ്വപാനത്തിലെ കാമിനീ മണി സഖീ... അരനൂറ്റാണ്ട്‌ നീണ്ട സംഗീതജീവിതത്തിൽ നൂറ്റമ്പതോളം പാട്ടുകൾ. ഓടിനടന്ന്‌ പാടിയില്ലെങ്കിലും പാടിയതൊക്കെ ഹിറ്റായി.   ഇളയരാജയുടെ സംഗീതത്തിൽ ‘നല്ലത്‌ ഒരു കുടുംബം’ എന്ന ചിത്രത്തിൽ ചൊവ്വാനമേ പൊൻമേഘമേ... എന്ന ഹിറ്റ്‌ ഗാനത്തോടെയായിരുന്നു തമിഴിൽ തുടക്കം. Read on deshabhimani.com

Related News