ഡെൽറ്റ വകഭേദം 96 രാജ്യത്ത്‌ , കൂടുതൽ രാജ്യങ്ങളിൽ ഡെൽറ്റ എത്തിയിരിക്കാൻ സാധ്യത ; ലോകാരോഗ്യ സംഘടന



ജനീവ കോവിഡിന്‌ കാരണമാകുന്ന സാർസ്‌കോവ്‌ 2 വൈറസിന്റെ ഡെൽറ്റ വകഭേദം 96 രാജ്യത്ത്‌ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ഏതാനും മാസത്തിനുള്ളിൽ ഇത്‌ ലോകത്ത്‌ കോവിഡ്‌ ഏറ്റവും കൂടുതൽ പടർത്തുന്ന വകഭേദമായി മാറുമെന്നും ഡബ്ല്യുഎച്ച്‌ഒ പ്രതിവാര ബുള്ളറ്റിനിൽ വ്യക്തമാക്കി. കൂടുതൽ രാജ്യങ്ങളിൽ ഡെൽറ്റ എത്തിയിരിക്കാൻ സാധ്യതയുണ്ട്‌. വൈറസിന്റെ ജനിതക ശ്രേണീകരണം എല്ലാ രാജ്യത്തും സാധ്യമായിട്ടില്ല. പല രാജ്യത്തും അടുത്തിടെയുണ്ടായ അതിവ്യാപനം ഡെൽറ്റ കാരണമാണ്‌. പുതിയ വകഭേദങ്ങളുടെ വരവോടെ, മുഖാവരണം, സാമൂഹ്യ അകലം തുടങ്ങിയ കോവിഡ്‌ മാനദണ്ഡങ്ങൾ കൂടുതൽ കാലം പാലിക്കണമെന്ന്‌ വ്യക്തമായിരിക്കുന്നു. ആൽഫ വകഭേദം 172 രാജ്യത്തും ബീറ്റ, ഗാമ എന്നിവ യഥാക്രമം 120ഉം 72ഉം രാജ്യത്തും എത്തിയെന്നാണ്‌ കണക്ക്‌. അതിനിടെ, പ്രായപൂർത്തിയായവരിൽ 85 ശതമാനത്തിനും വാക്സിൻ നൽകിയ ഇസ്രയേലിൽ കോവിഡ്‌ വീണ്ടും രൂക്ഷമാകുന്നു. ബുധനാഴ്ച 307പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. മൂന്നുമാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്‌. ഡെൽറ്റയുടെ വരവോടെ ദിനംപ്രതി രോഗികളുടെ എണ്ണം കൂടുന്നത്‌ ആശങ്കയുളവാക്കുന്നു. കുട്ടികൾക്കും വാക്സിൻ നൽകാൻ ശ്രമം ആരംഭിച്ചു. രാജ്യത്തേക്ക്‌ വിദേശസഞ്ചാരികളെ അനുവദിക്കുന്നത്‌ ആഗസ്ത്‌ ഒന്നിനുശേഷം മതിയെന്നും സർക്കാർ തീരുമാനിച്ചു. Read on deshabhimani.com

Related News