ബൈഡന്റെ സ്ഥാനാരോഹണ പ്രസംഗത്തിന്‌ വൻ കൈയടി



വാഷിങ്‌ടൺ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡന്റെ സ്ഥാനരോഹണ പ്രസംഗം ശക്തമായ സന്ദേശം കൊണ്ട്‌ കൈയടി നേടിയപ്പോള്‍ ശ്രദ്ധേയനായത്‌ ഇന്ത്യൻ വംശജൻ. തെലങ്കാനയിൽനിന്നുള്ള ഇന്ത്യൻ അമേരിക്കൻ വിനയ്‌ റെഡ്ഡിയാണ്‌ പ്രസംഗം എഴുതിയത്‌. ട്രംപ്‌ ഭിന്നിപ്പിച്ച അമേരിക്കയെ ഒന്നിപ്പിക്കുകയെന്ന ബൈഡന്റെ ലക്ഷ്യം അവതരിപ്പിക്കുന്നതായി പ്രസംഗം. ‘ജനാധിപത്യത്തിന്റെ വിജയമാണ്‌ നമ്മൾ ആഘോഷിക്കുന്നത്‌. അമേരിക്ക ചരിത്രപരമായ പ്രതിസന്ധിയും വെല്ലുവിളിയും നേരിടുന്ന സമയമാണ്‌. ഐക്യമാണ്‌ മുമ്പോട്ടുള്ള വഴി. ജനങ്ങളുടെ തീരുമാനത്തെ ഹിംസയിലൂടെ ഇല്ലാതാക്കാൻ ചിലർ ശ്രമിച്ചു. അത്‌ സാധ്യമായില്ല. ഇന്നെന്നല്ല, ഇനിയൊരിക്കലും അതിന്‌ കഴിയുകയുമില്ല’ –- പ്രസംഗത്തിൽ പറഞ്ഞു. ‘വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങൾ തമ്മിലുള്ള അപരിഷ്കൃത യുദ്ധം അവസാനിപ്പിക്കേണ്ട സമയമായി’ എന്ന വാക്കുകൾ അമേരിക്കക്കാർ ആവേശത്തോടെ ഏറ്റെടുത്തു. രാജ്യത്തിന്റെ അന്തസ്സിനെയും ചരിത്രത്തിനെയും ഐക്യത്തെയുമാണ്‌ ബൈഡൻ അഭിസംബോധന ചെയ്തതെന്ന്‌ നിരീക്ഷകർ പറഞ്ഞു. കാലം ആവശ്യപ്പെടുന്ന പ്രസംഗമെന്നും നവമാധ്യമങ്ങളിൽ അഭിപ്രായമുയർന്നു. കഴിഞ്ഞ മാസമാണ്‌ ബൈഡൻ വിനയ്‌ റെഡ്ഡിയെ പ്രസിഡന്റിന്റെ പ്രസംഗ എഴുത്തുകാരനായി നിയമിച്ചത്‌. ബൈഡൻ–- കമല പ്രചാരണത്തിന്റെ മുതിർന്ന ഉപദേശകനായിരുന്നു.  ബൈഡൻ രണ്ടാം തവണ വൈസ്‌ പ്രസിഡന്റായപ്പോൾ  പ്രസംഗങ്ങൾ തയ്യാറാക്കിയതും വിനയ്‌ തന്നെ. ബൈഡന്റെ മുറിയിൽ സെസാർ ചാവെസ്‌ വാഷിങ്‌ടൺ അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക ഒാഫീസ്‌ മുറിയായ ഓവൽ ഓഫീസിൽ ചില്ലറ മാറ്റങ്ങൾ വരുത്തി ജോ ബൈഡൻ. വൈറ്റ്‌ ഹൗസ്‌ വെസ്‌റ്റ്‌ വിങ്ങിലുള്ള ഓവൽ ഓഫീസ്‌ മുറി കാഴ്‌ചയിൽ ചെറിയ നവീകരണമാണ്‌ വരുത്തിയത്‌. അധികാരമേറ്റശേഷം കുറെയേറെ എക്‌സിക്യൂട്ടീവ്‌ ഉത്തരവുകളിൽ ഒപ്പിടുന്ന വേളയിൽ സന്നിഹിതരായ മാധ്യമപ്രവർത്തകർക്ക്‌ മുമ്പിലാണ്‌ ബൈഡൻ പുതുമ വിശദീകരിച്ചത്‌. പ്രസിഡന്റിന്റെ കസേരയ്‌ക്ക്‌ പിന്നിലായി തൂക്കിയ ചിത്രമാണ്‌ എടുത്തുപറയാവുന്ന മാറ്റം. സോഷ്യലിസ്‌റ്റും തൊഴിലാളി നേതാവും പൗരാവകാശ പ്രവർത്തകനുമായിരുന്ന ലാറ്റിനോ വംശജൻ  സെസാർ എസ്‌ട്രാഡ ചാവെസിന്റെ ചിത്രമാണ്‌ ഇത്‌. കർഷക പ്രമാണിമാർ കമ്യൂണിസ്‌റ്റുകാരനായ അട്ടിമറിക്കാരൻ എന്ന്‌ മുദ്രകുത്തിയ സെസാർ ചാവെസ്‌ അറുപത്തിമൂന്നാം വയസ്സിൽ 1993ൽ ആണ്‌ മരിച്ചത്‌.  മുറിയിൽ ഗാന്ധിജിയുടെ ചിത്രം സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ ജന്മദിനം 2014ൽ ബറാക്‌ ഒബാമ ദേശീയ അവധിയായി പ്രഖ്യാപിച്ചിരുന്നു. പൗരാവകാശ പ്രവർത്തകരായിരുന്ന മാർട്ടിൻ ലൂഥർകിങ് ജൂനിയർ, റോസ പാർക്‌സ് ‌എന്നിവരുടെ ശിൽപങ്ങളും ബെഞ്ചമിൻ ഫ്രാങ്ക്‌ളിന്റെ ഛായാചിത്രവും  മുറിയിൽ ഉണ്ട്‌. Read on deshabhimani.com

Related News