നയതന്ത്രബന്ധം പുനഃസ്ഥാപിച്ച്‌ വെനസ്വേലയും കൊളംബിയയും



ബഗോട്ട>  മൂന്നുവർഷത്തിനുശേഷം നയതന്ത്രബന്ധം പുനഃസ്ഥാപിച്ച്‌ വെനസ്വേലയും കൊളംബിയയും. കൊളംബിയയുടെ പുതിയ ഇടതുപക്ഷ പ്രസിഡന്റ്‌ ഗുസ്താവോ പെത്രോയുടെയും വെനസ്വേലയുടെ സോഷ്യലിസ്‌റ്റ്‌ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡൂറോയുടെയും മുൻകൈയിലാണ്‌ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്‌. കൊളംബിയയിൽനിന്ന്‌ ഒരുവിഭാഗം ആളുകൾ 2019ൽ ട്രക്കുകൾ നിറയെ ഭക്ഷണവും മരുന്നുമായി അതിർത്തി കടക്കാൻ ശ്രമിച്ചിരുന്നു. ഇത്‌ അമേരിക്കൻ പിന്തുണയോടെയുള്ള അട്ടിമറി ശ്രമമാണെന്ന്‌ വെനസ്വേല ആരോപിച്ചിരുന്നു. തുടർന്നാണ്‌ അതിർത്തി അടയ്ക്കുകയും കൊളംബിയയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും ചെയ്തത്‌. കൊളംബിയയുടെ മുൻ പ്രസിഡന്റ്‌ ഇവാൻ ഡ്യൂക്കെ 2019ലെ മഡൂറോയുടെ തുടർവിജയം അംഗീകരിച്ചിരുന്നില്ല. ഇടക്കാല പ്രസിഡന്റായെന്ന പ്രതിപക്ഷ നേതാവ്‌ യുവാൻ ഗ്വെയ്‌ഡോയുടെ പ്രഖ്യാപനത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പെത്രോ അധികാരത്തിലെത്തിയശേഷം ഇരു രാജ്യവും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാകുകയായിരുന്നു. ഇരു രാജ്യത്തിനുമിടയിലുള്ള 2000 കിലോമീറ്റർ അതിർത്തി തുറക്കും. സൈനിക സഹകരണം പുനഃസ്ഥാപിക്കുമെന്നും ഇരു രാജ്യവും പ്രഖ്യാപിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News