ഉയ്‌ഗർ : യുഎൻ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്ന്‌ ഇന്ത്യ



ജനീവ ചൈനയിലെ സിൻജിയാങ്‌ മേഖലയിൽ മനുഷ്യാവകാശലംഘനം നടക്കുന്നതായുള്ള ആരോപണം യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ചർച്ച ചെയ്യണോയെന്ന വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്ന്‌ ഇന്ത്യ. വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ ഉയ്‌ഗർ മുസ്ലിങ്ങൾ പീഡിപ്പിക്കപ്പെടുന്നതായ ആരോപണം പാശ്ചാത്യ രാഷ്ട്രങ്ങൾ വർഷങ്ങളായി ഉയർത്തിവരികയാണ്‌. പത്തുലക്ഷത്തിലധികം പേരെ അനധികൃത തടങ്കൽപ്പാളയങ്ങളിൽ അടച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്‌. ഇത്‌ ചൈന നിഷേധിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തിലായിരുന്നു വിഷയം ചർച്ച ചെയ്യാനുള്ള നീക്കം. അമേരിക്ക, യുകെ, ക്യാനഡ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളാണ്‌ ചർച്ചയ്ക്കായി വാദിച്ചത്‌.  എന്നാൽ, 17 രാജ്യം മാത്രമാണ്‌ ചർച്ച നടത്തുന്നതിനെ അനുകൂലിച്ചത്‌. 19 രാജ്യം എതിർത്തതോടെ നീക്കം പരാജയപ്പെട്ടു. ഉക്രയ്‌ൻ, ബ്രസീൽ, മെക്സിക്കോ ഉൾപ്പെടെ 11 രാജ്യമാണ്‌ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്നത്‌. ഏതെങ്കിലും രാജ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വോട്ടുചെയ്യേണ്ടെന്ന നിലപാടാണ്‌ ഇന്ത്യ മുമ്പും സ്വീകരിച്ചിട്ടുള്ളതെന്ന്‌ വിദേശ മന്ത്രാലയ വക്താവ്‌ അരിന്ദം ബാഗ്‌ചി വ്യക്തമാക്കി. ശ്രീലങ്കയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ ചർച്ച ചെയ്യണോയെന്ന്‌ തീരുമാനിക്കാനുള്ള വോട്ടെടുപ്പിൽനിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു. Read on deshabhimani.com

Related News