തയ്‌വാൻ തീരത്ത്‌ വീണ്ടും യുഎസ്‌ പടക്കപ്പൽ

videograbbed image


തയ്‌പെ > തയ്‌വാൻ ഉൾക്കടലിൽ വീണ്ടും അമേരിക്കൻ പടക്കപ്പൽ. മിസൈല്‍ പ്രതിരോധ സംവിധാനമുള്ള പടക്കപ്പല്‍ യുഎസ്‌എസ്‌ മിലിയസാണ്‌ ചൊവ്വാഴ്ച തയ്‌വാൻ തീരത്തുകൂടി കടന്നുപോയത്‌. അന്താരാഷ്ട്ര നിയമം പാലിച്ചുള്ള സാധാരണ യാത്ര മാത്രമായിരുന്നെന്ന്‌ അമേരിക്ക അവകാശപ്പെട്ടു. ഇൻഡോ പസഫിക്‌ മേഖല സ്വതന്ത്രമായി നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അമേരിക്കൻ നാവികസേന പ്രസ്താവനയിറക്കി. എന്നാൽ, മേഖലയുടെ സ്ഥിരത അട്ടിമറിക്കാനുള്ള മനഃപൂർവമായ ശ്രമമാണ്‌ അമേരിക്ക നടത്തുന്നതെന്ന്‌ ചൈന ചൂണ്ടിക്കാട്ടി. യാത്രാ സ്വാതന്ത്ര്യത്തിന്റെ പേരിൽ തയ്‌വാൻ തീരത്ത്‌ അമേരിക്ക അനാവശ്യ ശക്തിപ്രകടനം നടത്തുകയാണെന്ന്‌ ചൈനീസ്‌ വിദേശ മന്ത്രാലയ വക്താവ്‌ ഷാവോ ലിജിയൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസവും തയ്‌വാൻ തീരത്തേക്ക്‌ പടക്കപ്പലയച്ച അമേരിക്കൻ നടപടിയെ ചൈന നിശിതമായി വിമർശിച്ചിരുന്നു. തയ്‌വാൻ വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്നത്‌ തീക്കളിയാണെന്ന്‌ അടുത്തിടെ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനുമായി നടന്ന വെർച്വൽ ഉച്ചകോടിയിൽ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. Read on deshabhimani.com

Related News