യുഎസ്‌ സെനറ്റിലേക്ക്‌ നാളെ നിർണായക തെരഞ്ഞെടുപ്പ്‌



വാഷിങ്‌ടൺ നിയുക്ത അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡന്റെ ഭരണത്തിന്റെ ആദ്യ രണ്ട്‌ വർഷങ്ങളിൽ യുഎസ്‌ സെനറ്റിൽ ആധിപത്യം ആർക്കായിരിക്കും എന്ന്‌ ചൊവ്വാഴ്‌ച അറിയാം. ജോർജിയയിൽനിന്ന്‌ സെനറ്റിലേക്കുള്ള രണ്ട്‌ സീറ്റിലേക്കും അന്നാണ്‌ രണ്ടാംവട്ട തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. നവംബർ മൂന്നിന്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനൊപ്പം നടന്ന വോട്ടെടുപ്പിൽ സംസ്ഥാന നിയമമനുസരിച്ച്‌ വിജയത്തിനാവശ്യമായ 50 ശതമാനത്തിലധികം വോട്ട്‌ ആർക്കും ലഭിച്ചിരുന്നില്ല. നിലവിൽ 100 അംഗ സെനറ്റിൽ റിപ്പബ്ലിക്കന്മാർക്ക്‌ 50 സീറ്റുണ്ട്‌. ഡെമോക്രാറ്റുകൾക്ക്‌ അവരെ പിന്തുണയ്‌ക്കുന്ന രണ്ട്‌ സ്വതന്ത്രരുടെ അടക്കം 48 സീറ്റാണുള്ളത്‌. അതുകൊണ്ട്‌ വീണ്ടും പോളിങ്‌ നടക്കുന്ന രണ്ടും നേടേണ്ടത്‌ ഡെമോക്രാറ്റുകൾക്ക്‌ ആവശ്യമാണ്‌. ഒരു സീറ്റെങ്കിലും ജയിക്കാനായാൽ റിപ്പബ്ലിക്കന്മാർക്ക്‌ ബൈഡന്റെ അജൻഡകളെ തടസ്സപ്പെടുത്താനാവും. രണ്ട്‌ സീറ്റും ഡെമോക്രാറ്റുകൾക്ക്‌ ലഭിച്ചാൽ സെനറ്റിൽ തുല്യനിലയാവും. അപ്പോൾ ബൈഡന്റെ വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസിന്റെ വോട്ട്‌ നിർണായകമാവും. ഡിസംബർ 31 വരെ നടന്ന മുൻകൂർ വോട്ടിങ്ങിൽ 30 ലക്ഷത്തിലധികം പേർ വോട്ട്‌ ചെയ്‌തുകഴിഞ്ഞത്‌ ഡെമോക്രാറ്റുകൾക്ക്‌ പ്രതീക്ഷ നൽകുന്നുണ്ട്‌. ഇതിൽ കറുത്ത വംശജരുടെ പങ്കാളിത്തം മുൻതവണത്തേക്കാൾ കൂടുതലുണ്ടായിരുന്നു. നവംബറിൽ വോട്ട്‌ ചെയ്യാതിരുന്ന 110000 പേർ ഇത്തവണ വോട്ട്‌ ചെയ്‌ത്‌ കഴിഞ്ഞതും ഡെമോക്രാറ്റുകൾക്ക്‌ പ്രതീക്ഷ പകരുന്നുണ്ട്‌. നവംബർ തെരഞ്ഞെടുപ്പിൽ ബൈഡൻ 12500 വോട്ടിന്റെ ഭൂരിപക്ഷം ജോർജിയയിൽ നേടിയതും അവർക്ക്‌ ആവേശം പകർന്നിട്ടുണ്ട്‌. അതേസമയം ഇനിയും പരാജയം സമ്മതിക്കാത്ത പ്രസിഡന്റ്‌ ട്രംപ്‌ ജോർജിയ അടക്കമുള്ള സംസ്ഥാനങ്ങളിൽ ക്രമക്കേട്‌ ആരോപിക്കുന്നത്‌ റിപ്പബ്ലിക്കന്മാർക്ക്‌ തിരിച്ചടിയാവും എന്നും നിരീക്ഷകർ കരുതുന്നുണ്ട്‌. തന്റെ ആരോപണത്തെ പിന്തുണയ്‌ക്കാതിരുന്ന റിപ്പബ്ലിക്കൻ ഗവർണറും സംസ്ഥാനത്തെ സ്‌റ്റേറ്റ്‌ സെക്രട്ടറിയും രാജിവയ്‌ക്കണമെന്ന്‌ ട്രംപ്‌ ആവശ്യപ്പെട്ടിരുന്നു. നിലവിൽ സെനറ്റർമാരായ ഡേവിഡ്‌ പെർഡ്യൂവും കെല്ലി ലോഫ്ലറും ആണ്‌ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ. ഡോക്യുമെന്ററി സംവിധായകൻ ജോൺ ഒസോഫ്‌ പെർഡ്യൂവിനെതിരെയും പാസ്‌റ്റർ റവ. റാഫേൽ വാർണോക്‌ കെല്ലിക്കെതിരെയും മത്സരിക്കുന്നു. ബൈഡനും ട്രംപും തിങ്കളാഴ്‌ച പ്രചാരണത്തിനെത്തുന്നുണ്ട്‌. Read on deshabhimani.com

Related News