ചൈനയെ തോൽപ്പിക്കാൻ 
നിയമങ്ങൾക്ക്‌ അമേരിക്ക ; ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കും



വാഷിങ്‌ടൺ ചൈനയെ തോൽപ്പിക്കാൻ ആവശ്യമായ നിയമങ്ങൾ കൊണ്ടുവരാൻ ഡെമോക്രാറ്റിക്‌ പാർടിക്കാരായ‌ സെനറ്റർമാർക്ക്‌ നിർദേശം നൽകി സെനറ്റ്‌ ഭൂരിപക്ഷ നേതാവ്‌ ചക്‌‌ ഷൂമർ. അമേരിക്കക്കാരുടെ തൊഴിൽസാധ്യത വർധിപ്പിക്കുകയും നിലവിലുള്ള തൊഴിലുകൾ സംരക്ഷിക്കുകയും ചെയ്യണം. മത്സരാധിഷ്ഠിത കമ്പോളത്തിൽ ചൈനയുടെ തോൽവി ഉറപ്പാക്കാൻ നിയമങ്ങൾ കൊണ്ടുവരാനാണ്‌ വിവിധ സെനറ്റ്‌ സമിതികൾക്ക്‌ നിർദേശം നൽകിയത്‌. വസന്തകാല സെഷനിൽ ബിൽ സെനറ്റിൽ വയ്ക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. അമേരിക്കൻ കണ്ടുപിടിത്തങ്ങൾ, സംരംഭങ്ങൾ, ഉൽപ്പാദന മേഖല, തൊഴിലുകൾ എന്നിവയിൽ കൂടുതൽ നിക്ഷേപം സാധ്യമാക്കുന്ന നിയമനിർമാണമാണ്‌ ലക്ഷ്യമിടുന്നത്‌. നാറ്റോ, തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യ എന്നിവയുമായുള്ള ബന്ധം ശക്തമാക്കും. അമേരിക്കൻ സാധ്യതകൾക്ക്‌ ഇടിവ്‌ വരുത്തുന്ന ചൈനയുടെ‌ വ്യാപാര രീതികളെ ചെറുക്കുമെന്നും ഷൂമർ പറഞ്ഞു. കഴിഞ്ഞ വർഷം ഷൂമർ സെനറ്റിൽ അവതരിപ്പിച്ച ‘എൻഡ്‌ലെസ്‌ ഫ്രൊണ്ടിയേഴ്‌സ്‌ ആക്ടി’ന്റെ ചുവടുപിടിച്ചായിരിക്കും പുതിയ നിയമം. ഫെബ്രുവരിയിൽമാത്രം സെനറ്റിൽ ഇരുപതോളം ചൈനാ വിരുദ്ധ ബില്ലുകളാണ്‌ മേശപ്പുറത്ത്‌ വച്ചത്‌. Read on deshabhimani.com

Related News