യുഎസ്‌–- യുഎൻ ബന്ധം ശക്തമാക്കും : ജോ ബൈഡൻ



ന്യൂയോർക്ക്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ അടുത്തമാസം സ്ഥാനമൊഴിയുന്നതോടെ ഐക്യരാഷ്‌ട്ര സംഘടനയുമായുള്ള അമേരിക്കൻ ബന്ധം ശക്തമാക്കാൻ നിയുക്ത പ്രസിഡന്റ്‌ ജോ ബൈഡൻ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി തിങ്കളാഴ്‌ച യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ബൈഡൻ ഫോണിൽ സംസാരിച്ചു. മഹാമാരി, കാലാവസ്ഥ, സുരക്ഷ തുടങ്ങിയ അടിയന്തര ആഗോള വിഷയങ്ങളിൽ അമേരിക്കയും യുഎന്നും തമ്മിൽ സഹകരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഇരുവരും ചർച്ച ചെയ്‌തു. ലോകത്ത്‌ ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതും വിഷയമായി. ഇത്യോപ്യയിൽ സംഘർഷം രൂക്ഷമാകുന്നതിൽ ബൈഡൻ ഉൽക്കണ്ഠ പ്രകടിപ്പിച്ചു. സംഭാഷണത്തിന്റെ വിവരങ്ങൾ ഗുട്ടെറസിന്റെ ഓഫീസും ബൈഡന്റെ പരിവർത്തന സംഘവും പുറത്തുവിട്ടു. ട്രംപ്‌ ഭരണത്തിൽ അമേരിക്ക നിരന്തരം യുഎന്നും മറ്റ്‌ രാജ്യങ്ങളുമായി ഏറ്റുമുട്ടുകയായിരുന്നു. യുഎൻ മുൻകൈയിൽ ലോകരാജ്യങ്ങൾ അംഗീകരിച്ച പാരീസ്‌ കാലാവസ്ഥാ ഉടമ്പടിയിൽനിന്നും ലോകാരോഗ്യ സംഘടന, യുഎൻ മനുഷ്യാവകാശസഭ, യുനെസ്‌കോ എന്നിവയടക്കം വിവിധ യുഎൻ ഏജൻസികളിൽനിന്നും ട്രംപ്‌ അമേരിക്കയെ പിൻവലിച്ചിരുന്നു. കൂടാതെ, പലസ്‌തീൻ അഭയാർഥികൾക്കുള്ള യുഎൻ ഏജൻസിക്ക്‌ ധനസഹായം നൽകുന്നതും നിർത്തിവച്ചു. ഈ തീരുമാനങ്ങളെല്ലാം ബൈഡൻ തിരുത്തും എന്നാണ്‌ പ്രതീക്ഷ. Read on deshabhimani.com

Related News