ഉക്രയ്ന്‍ യുദ്ധത്തിന് 100 നാള്‍ ; ആയുധം നല്‍കി യുഎസ്



കീവ്‌ ഉക്രയ്‌നിലെ റഷ്യയുടെ സൈനിക നടപടിക്ക്‌ വെള്ളിയാഴ്‌ച നൂറുദിവസം തികയവേ എരിതീയിൽ എണ്ണപകർന്ന്‌ അമേരിക്ക. ഉക്രയ്‌ന്‌ ദീർഘദൂര മിസൈലുകൾ നൽകുമെന്ന്‌ ബുധനാഴ്‌ച അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ പ്രഖ്യാപിച്ചു. 70 കോടി ഡോളറിന്റെ (ഏകദേശം 5421 കോടി രൂപ) സൈനികസഹായത്തിന്റെ ഭാഗമായാണ്‌ അത്യാധുനിക ഉപകരണങ്ങൾ കൈമാറുക. രൂക്ഷവിമർശവുമായി റഷ്യ രംഗത്തെത്തി. അമേരിക്ക മനപ്പൂർവം എരിതീയിൽ എണ്ണയൊഴിക്കുകയാണെന്നും സമാധാന നീക്കത്തിന് തിരിച്ചടിയാകുമെന്നും  റഷ്യൻ വക്താവ്‌ ദിമിത്രി പെസ്‌കോവ്‌ പറഞ്ഞു.   പിന്നാലെ മോസ്‌കോയുടെ വടക്കുകിഴക്കൻ പ്രവിശ്യയായ ഇവാനോവിൽ ആണവ അഭ്യാസം ആരംഭിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയവും പറഞ്ഞു. റഷ്യ അത്യാധുനിക ആയുധം പരീക്ഷിച്ചതായി മുതിർന്ന സൈനിക വക്താവും വെളിപ്പെടുത്തി. ലുഹാൻസ്കിലെ സീവിറോഡോണെറ്റ്സ്‌കിൽ റഷ്യ–- ഉക്രയ്‌ൻ പോരാട്ടം രൂക്ഷമായി തുടരുകയാണ്‌. നഗരത്തിന്റെ 60 ശതമാനവും റഷ്യ പിടിച്ചു. മറ്റ്‌ ഭാഗങ്ങളിൽ ഉക്രയ്‌ൻ പ്രതിരോധിക്കുകയാണ്‌. ഇതിനിടെ റഷ്യൻ പ്രതിരോധമന്ത്രി സെർജി ലാവ്‌റോവ്‌ റിയാദിൽ ഗൾഫ്‌ സഹകരണ കൗൺസിലിൽ (ജിസിസി) പങ്കെടുത്തു. ജിസിസി അംഗരാജ്യങ്ങളുമായി അദ്ദേഹം ചർച്ച നടത്തി. സൗദി വിദേശമന്ത്രി ഫൈസൽ ബിൻ ഫർഹാനുമായുള്ള ചർച്ചയിൽ ഹൈഡ്രോകാർബൺ മേഖലയിൽ ഉൾപ്പെടെ സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. യൂറോപ്യൻ യൂണിയൻ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ചതിനു പിന്നാലെയാണ്‌ ജിസിസി രാജ്യങ്ങളുമായുള്ള ചർച്ച. ഡെന്മാർക്കിനും 
റഷ്യയുടെ ഗ്യാസില്ല ഡെൻമാർക്കിനും റഷ്യ ഗ്യാസ്‌ വിതരണം നിർത്തിവച്ചു. റൂബിളിൽ പണം നൽകാൻ വിസമ്മതിച്ചതോടെയാണിത്‌. നേരത്തേ ഫിൻലൻഡ്‌, പോളണ്ട്‌, ബൾഗേറിയ, നെതർലൻഡ്‌സ്‌ രാജ്യങ്ങൾക്കും വിതരണം നിർത്തിയിരുന്നു. ഇതിനിടെ യൂറോപ്യൻ പൊതുസുരക്ഷാ നയത്തിൽനിന്ന്‌ പിന്മാറുന്നതിൽ ഡെന്മാർക്കിൽ വോട്ടെടുപ്പ്‌ ആരംഭിച്ചു. നാറ്റോയിൽ ചേരുന്നതിന്‌ മുന്നോടിയായാണ്‌ നടപടിയെ വിലയിരുത്തുന്നത്‌.  Read on deshabhimani.com

Related News