മരിയൂപോൾ വീണു ; 4000 ഉക്രയ്‌ൻ സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്



മോസ്‌കോ ഉക്രയ്‌നിലെ റഷ്യയുടെ പ്രത്യേക നടപടി 56 ദിവസം പിന്നിടുമ്പോൾ തീരനഗരമായ മരിയൂപോൾ പിടിച്ചെടുത്തതായി റഷ്യ. അസോവ്‌സ്തൽ ഉരുക്കുനിര്‍മാണശാല ഒഴികെയുള്ള പ്രദേശമാണ്‌ പിടിച്ചെടുത്തത്‌. രണ്ടുമാസത്തെ സൈനിക നടപടിക്കുശേഷം മരിയൂപോൾ "സ്വതന്ത്രമാക്കി'യെന്ന്‌ റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ പ്രതികരിച്ചു. അസോവ്‌സ്തലിൽ ബാക്കിയുള്ള ഉക്രയ്‌ൻ സൈന്യവുമായി ഉടൻ ഏറ്റുമുട്ടൽ വേണ്ടെന്നും അവർ പുറത്തിറങ്ങാതെ തടഞ്ഞാല്‍മതിയെന്നും റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷൈഗുവിന്‌ പുടിൻ നിർദേശം നൽകി. രണ്ടായിരത്തോളം ഉക്രയ്‌ൻ സൈനികരാണ്‌ ഇപ്പോള്‍ ഉരുക്കുനിലയത്തില്‍ ഉള്ളത്. ഇവരോട്‌ കീഴടങ്ങാന്‍ റഷ്യ നിര്‍ദേശിച്ചു. ഉക്രയ്‌ൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.  നാലുലക്ഷത്തിലധികം പേർ താമസിച്ചിരുന്ന തന്ത്രപ്രധാന ന​ഗരമായ മരിയൂപോളിൽ രണ്ടുമാസമായി  റഷ്യ ശക്തമായ നീക്കമാണ് നടത്തിയത്. മരിയൂപോളിൽ നിരവധി പേർ അഭയം തേടിയ പ്രസവാശുപത്രിക്കും തിയറ്ററിനും നേരെയുണ്ടായ ആക്രമണം യുദ്ധക്കുറ്റമാണെന്ന്‌ ഉക്രയ്‌ൻ ആരോപിച്ചിരുന്നു. ഏതാണ്ട്‌ എല്ലാ കെട്ടിടങ്ങളും തകർന്നു. വഴിയരികിലടക്കം ചിതറിക്കിടന്ന മൃതദേഹങ്ങൾ വലിയ കുഴിയെടത്ത് മൂടിയ ദൃശ്യം ലോകത്തെ കണ്ണീരിലാഴ്‌ത്തി. വൈദ്യുതിയും വെള്ളവും ഭക്ഷണവുമില്ലാതെ മരിയൂപോളിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാൻ നിരവധി തവണ മാനുഷിക ഇടനാഴികൾ വഴി ശ്രമിച്ചെങ്കിലും നടന്നില്ല. ആയിരത്തോളം പേർ മരിയൂപോളിൽ കൊല്ലപ്പെട്ടതായാണ്‌ ഉക്രയ്‌ന്റെ കണക്ക്‌. മരിയൂപോളിൽ 4000 ഉക്രയ്‌ൻ സൈന്യത്തെ വധിച്ചെന്ന്‌ റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷൈഗു പുടിനെ അറിയിച്ചതായാണ്‌ റിപ്പോർട്ട്‌. 1478 റഷ്യൻ സൈനികരും കൊല്ലപ്പെട്ടു. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 11 ചതുരശ്ര കിലോ മീറ്റർ ചുറ്റളവിൽ വലിയ കെട്ടിടങ്ങളും ബങ്കറുകളും ടണലുകളുമുള്ള സ്ഥലമാണ്‌ അസോവ്‌സ്തൽ. ഇവിടെ കുടുങ്ങിക്കിടക്കുന്ന 1000 സാധാരണ പൗരൻമാരെയും പരിക്കേറ്റ 500 സൈനികരെയും പുറത്തെത്തിക്കേണ്ടത്‌ അത്യാവശ്യമാണെന്ന്‌ ഉക്രയ്‌ൻ ഉപപ്രധാനമന്ത്രി ഐറിന വെരെഷ്‌ചുക്‌ പറഞ്ഞു.   Read on deshabhimani.com

Related News