ആശ്രിത വിസക്കാർക്ക്‌ കുടിയേറ്റ നിയന്ത്രണത്തിന് യുകെ



ലണ്ടൻ വിദ്യാർഥികളെ ലക്ഷ്യംവച്ച്‌ കുടിയേറ്റ നിയന്ത്രണത്തിനൊരുങ്ങി യുകെ. ബ്രിട്ടനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക്‌ വന്നവരുടെ ആശ്രിത വിസക്കാർക്കാണ്‌ നിയന്ത്രണം. ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ വിദ്യാർഥികളുടെ ആശ്രിത വിസയിൽ എത്തുന്ന കുടുംബാംഗങ്ങളെ പുതിയ നിയന്ത്രണം ബാധിക്കും. ഗവേഷണ പ്രോഗ്രാമുകളായി നിശ്ചയിച്ചിട്ടുള്ള ബിരുദാനന്തര കോഴ്‌സുകളിലെ വിദ്യാർഥികൾക്ക്‌ മാത്രമായിരിക്കും കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെയുള്ളവരെ ആശ്രിതരായി കൊണ്ടുവരാൻ അനുവാദമുണ്ടാവുകയെന്ന്‌ യുകെ ആഭ്യന്തര സെക്രട്ടറി അറിയിച്ചു. ഗവേഷണ പ്രോഗ്രാമുകൾ അല്ലാത്ത കോഴ്‌സുകളിലെ വിദ്യാർഥികൾക്ക്‌ ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ കഴിയില്ല. അന്താരാഷ്‌ട്ര വിദ്യാർഥികൾക്ക്‌ കോഴ്‌സ്‌ പൂർത്തിയാക്കുന്നതിനുമുമ്പ്‌ തൊഴിൽമേഖലയിലേക്ക്‌ മാറാനാകില്ല. വിദ്യാർഥികൾക്കും അവരുടെ ആശ്രിതർക്കുമായുള്ള നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ ആലോചിച്ചുവരികയാണ്‌. കുടിയേറ്റത്തിന്റെ എണ്ണം കുറച്ച്‌ കൂടുതൽ കഴിവുള്ളവരെ രാജ്യത്തേക്ക്‌ ആകർഷിക്കാനാണ്‌ തങ്ങളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തിൽ കുടിയേറ്റങ്ങളുടെ എണ്ണം കുറയ്‌ക്കുമെന്ന്‌ ഭരണപക്ഷമായ കൺസർവേറ്റീവ്‌ പാർടി പ്രഖ്യാപിച്ചിരുന്നു. 2020–- 21 വർഷത്തെ കണക്കനുസരിച്ച്‌ 87,045 ഇന്ത്യൻ വിദ്യാർഥികളാണ്‌ ഒന്നാംവർഷക്കാരായി യുകെയിലെത്തിയത്‌. Read on deshabhimani.com

Related News