അബുദാബിയിലും സൗദിയിലും മിസൈലാക്രമണം



മനാമ യുഎഇ തലസ്ഥാനമായ അബുദാബിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി മിസൈൽ. ലക്ഷ്യത്തിലെത്തും മുൻപ് രണ്ട് മിസൈലും തകര്‍ത്തെന്ന് യുഎഇ. എന്നാല്‍, സൗദിയിലെ ജിസാനിൽ ഹൂതി മിസൈൽ പതിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ജിസാനിലെ അഹദ് അൽ മുസാരിഹ വ്യാവസായികമേഖലയിലാണ് മിസൈൽ പതിച്ചത്. വാഹനങ്ങൾ തകര്‍ന്നു. ബംഗ്ലാദേശ്, സുഡാൻ പൗരൻമാർക്കാണ് പരിക്ക്. ദെഹ്‌റാനിലെ അൽ ജനൂബ് മേഖല ലക്ഷ്യമിട്ട് എത്തിയ മിസൈൽ തകര്‍ത്തെന്നും സൗദി സൈന്യം അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് യുഎഇയ്ക്കും സൗദിക്കും നേരെ മിസൈൽ ആക്രമണമുണ്ടായത്. ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങൾ അബുദാബിക്ക് ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിൽ പതിച്ചു. യമനില്‍ തിരിച്ചടി ആക്രമണത്തിന് പിന്നിൽ ഹൂതികളാണെന്നും രാജ്യത്തെ സംരക്ഷിക്കാന്‍ എല്ലാ നീക്കവും നടത്തുമെന്നും യുഎഇ പ്രതികരിച്ചു. യമനിലെ അൽ ജൗഫിൽ ഹൂതി മിസൈൽ വിക്ഷേപണ സംവിധാനം യുഎഇ വ്യോമസേന തകർത്തു.അബുദാബിയിൽ നിന്ന് 1,500 കിലോമീറ്റർ അകലെയാണ് അൽ ജൗഫ്. മറ്റ് ഹൂതി ശക്തികേന്ദ്രങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ സൗദിസഖ്യസേന ശക്തമായ വ്യോമാക്രമണം നടത്തി. 17ന് ഹൂതി ഡ്രോൺ പതിച്ച് അബുദാബി മുസഫയിൽ ടാങ്കർ ട്രക്കുകൾ പൊട്ടിത്തെറിച്ച് രണ്ട് പഞ്ചാബ് സ്വദേശികളടക്കം മൂന്നു പേർ മരിച്ചു. Read on deshabhimani.com

Related News