അബുദാബിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി മിസൈല്‍; സൗദിയില്‍ മിസൈല്‍ പതിച്ച് രണ്ട് പേര്‍ക്ക് പരിക്ക്



മനാമ > യുഎഇ തലസ്ഥാനമായ അബുദാബിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി വിമതർ. ലക്ഷ്യത്തിലെത്തുംമുമ്പ്‌ രണ്ട് മിസൈലുകളും യുഎഇ വ്യോമ പ്രതിരോധ സേന വെടിവെട്ടിച്ചിതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് ആക്രമണ ശ്രമമുണ്ടായത്. ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്‌ട‌ങ്ങള്‍ അബുദാബിക്ക് ചുറ്റുമുള്ള വിവിധ പ്രദേശങ്ങളില്‍ പതിച്ചു. ആക്രമണത്തില്‍ ആളപായമുണ്ടായിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.   ഏത് ഭീഷണികളെയും നേരിടാനുള്ള പൂര്‍ണ സന്നദ്ധത മന്ത്രാലയം പ്രസ്‌താവനയില്‍ ആവര്‍ത്തിച്ചു, ആക്രമണങ്ങളില്‍ നിന്ന് യുഎഇയെ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അറിയിച്ചു. ആക്രമണത്തിന് തിരിച്ചടിയായി യെമനിലെ അല്‍ ജൗഫില്‍ മിസൈല്‍ വിക്ഷേപണ ബാറ്ററികള്‍ യുഎഇ വ്യോമസേന തകര്‍ത്തു. തിങ്കളാ‌ഴ്‌ച പുലര്‍ച്ചെ 4.10 ഓടെയായിരുന്നു വ്യോമാക്രമണം. സൗദിയില്‍ ജിസാനില്‍ ഹൂതി മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മറ്റൊരു റോക്കറ്റ് സൗദി വ്യോമ സേന തകര്‍ത്തു. ജസാനിലെ ഒരു പട്ടണത്തിലെ ഒരു വ്യാവസായിക മേഖലയിലാണ് മിസൈല്‍ പതിച്ചത്. പ്രദേശത്തെ വര്‍ക്ക് ഷോപ്പുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ബംഗ്ലാദേശ്, സുഡാന്‍ പൗരന്‍മാര്‍ക്കാണ് പരിക്ക്. Read on deshabhimani.com

Related News