മാറ്റങ്ങളുണ്ടാകും; ട്വിറ്റർ ജീവനക്കാർക്ക്‌ വിമർശവുമായി മസ്‌ക്‌



കലിഫോർണിയ> ട്വിറ്റർ ഏറ്റെടുക്കുമെന്ന വാർത്തകൾക്ക്‌ പിന്നാലെ, കമ്പനിയുടെ പ്രവർത്തനത്തെയും ജീവനക്കാരെയും വിമർശിച്ച്‌ ഇലോൺ മസ്‌ക്‌. സാഗർ എഗ്ഗെറ്റി എന്നയാളുടെ ട്വീറ്റിനുള്ള മറുപടിയായി നിയമവിഭാഗ മേധാവി വിജയ്‌ ഹഡ്ഡെയെയാണ്‌ മസ്‌ക്‌ വിമർശിച്ചത്‌. പ്രധാനപ്പെട്ട മാധ്യമസ്ഥാപനത്തിന്റെ അക്കൗണ്ട്‌ സസ്‌‌പെൻഡ്‌ ചെയ്‌തത്‌ ശരിയായില്ലെന്നായിരുന്നു വിമർശം. അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡന്റെ മകൻ ഹണ്ടറുമായി ബന്ധപ്പെട്ട ലേഖനം ബ്ലോക്ക്‌ ചെയ്‌ത‌‌തുമായി ബന്ധപ്പെട്ടായിരുന്നു വിമർശം. മുൻ അമേരിക്കൻ പ്രസിഡന്റ്‌ ഡൊണൾഡ്‌ ട്രംപിന്റെ സമൂഹമാധ്യമ ആപ്‌ ട്വിറ്റിനെ കടത്തിവെട്ടിയതായും ട്വീറ്റ്‌ ചെയ്‌തു. 4400 കോടി ഡോളറിനാണ്‌ മസ്‌ക്‌ ട്വിറ്റർ വാങ്ങുന്നത്‌. കഴിഞ്ഞ ദിവസം ട്വിറ്റർ ബോർഡ്‌ പ്രപ്പോസൽ അംഗീകരിച്ചു. ഈ വർഷം തന്നെ ഏറ്റെടുക്കൽ പൂർത്തിയാക്കും. നടപടികൾ പൂർത്തിയാകുംവരെ ട്വിറ്ററിനെ വിമർശിച്ച്‌ ട്വീറ്റുകൾ ഇടില്ലെന്ന കരാർ വ്യവസ്ഥയാണ്‌ മസ്‌ക്‌‌‌ മണിക്കൂറുകൾക്കകം ലംഘിച്ചത്‌. ട്വിറ്ററിന്റെ അൽഗോരിതം ഓപ്പൺ സോഴ്‌സ്‌ ആക്കും, സ്‌കാം ബോട്ടുകൾ ഇല്ലാതാക്കും, എഡിറ്റ്‌ ബട്ടൺ അവതരിപ്പിക്കും, സ്വതന്ത്രമായ അഭിപ്രായപ്രകടനം അനുവദിക്കും, വെരിഫിക്കേഷൻ നടപടികൾ ലളിതമാക്കും തുടങ്ങിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മസ്‌ക്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.   Read on deshabhimani.com

Related News