ദുരന്തഭൂമിയിൽനിന്നുമൊരു കുഞ്ഞുജീവൻ; പ്രാണനേകി അമ്മ പോയി



ദമാസ്ക്കസ്> ഭൂകമ്പം നാശംവിതച്ച ഭൂമിയിൽ തന്റെ പ്രാണൻ കുഞ്ഞിനേകി അമ്മ മരിച്ചു.  സിറിയയിലുണ്ടായ അതിശക്തമായ ഭൂചലനത്തിന്റെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവർത്തകർ ആ കുഞ്ഞിനെ കണ്ടെത്തുമ്പോൾ അമ്മയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോയിരുന്നില്ല.  ഭൂകമ്പം നടന്ന സ്ഥലത്തുനിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നാണ് യുവതി കുട്ടിക്ക് ജന്മം നല്‍കിയതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. കുട്ടിയെ അഫ്രിനിലെ ആരോഗ്യ കേന്ദ്രത്തിലെ ഇന്‍ക്യുബേറ്ററിലേക്ക് മാറ്റി. കുട്ടിയുടെ അമ്മക്കൊപ്പം അച്ഛനും സഹോദരങ്ങളും ഭൂകമ്പത്തിൽ മരിച്ചു.   ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. അമേരിക്കയും ഇന്ത്യയും അടക്കം 45 രാജ്യങ്ങള്‍ തെരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും സഹായം വാഗ്ദാനം ചെയ്തതായി തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട എന്‍ഡിആര്‍എഫ് സംഘം അദാനയില്‍ ക്യാമ്പ് ചെയ്യുകയാണ്. ഇവിടെ നിന്ന് മറ്റു പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പോകാനാണ് നൂറുപേര്‍ അടങ്ങിയ സംഘത്തിന്റെ തീരുമാനം. Read on deshabhimani.com

Related News