തുർക്കി - സിറിയ ഭൂകമ്പം : കുടുങ്ങി
കിടക്കുന്നത് ആയിരങ്ങള്‍ ; മരണസംഖ്യ 
ഉയരുമെന്ന് 
യുഎൻ



അങ്കാറ തെക്കൻ തുർക്കിയേയും വടക്കൻ സിറിയയേയും തകർത്തെറിഞ്ഞ ഭൂകമ്പങ്ങളിൽ യഥാർഥ ആള്‍നാശം 40,000 കടക്കുമെന്ന്  ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി. ആറായിരം മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതിന്റെ എട്ടുമടങ്ങുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരിക്കാമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്. യഥാർഥ കണക്ക്‌ പുറത്തുവരാൻ ദിവസങ്ങൾ എടുത്തേക്കും. ആയിരക്കണക്കിന്‌ കുട്ടികൾ മരിച്ചിട്ടുണ്ടാകുമെന്ന് യുനിസെഫ് റിപ്പോര്‍ട്ട് ചെയ്തു. തുർക്കിയിൽ 3549 മൃതദേഹം കണ്ടെടുത്തതായി പ്രസിഡന്റ്‌ റജെബ്‌ തയ്യിപ്‌ എർദോഗൻ പറഞ്ഞു. പരിക്കേറ്റ 21,000 പേർ ചികിത്സയിലാണ്‌. സിറിയയിൽ സ്ഥിരീകരിച്ചത് 1600 മരണം. ഇരു രാജ്യത്തുമായി തകർന്നടിഞ്ഞ ആയിരക്കണക്കിന്‌ കെട്ടിടങ്ങളിൽ പതിനായിരങ്ങള്‍ കുടുങ്ങികിടക്കുന്നു. പ്രതികൂല കാലാവസ്ഥയിലും തിരച്ചിൽ തുടരുന്നു. ദുരന്തമേഖലയിലേക്ക് ലോകരാജ്യങ്ങള്‍ സഹായം എത്തിച്ചുതുടങ്ങി.തുർക്കിയിലെ 10 പ്രവിശ്യ ദുരന്തബാധിതമേഖലയായി പ്രഖ്യാപിച്ചു. ആറായിരം കെട്ടിടം തകർന്നു. 7800 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ദുരന്ത മേഖലയിൽ മൂന്നുമാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.    കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്‌.  24,000 രക്ഷാപ്രവർത്തകരാണ്‌ വിവിധയിടങ്ങളിലായി തിരച്ചിൽ നടത്തുന്നത്‌. പൂജ്യം ഡിഗ്രിയിലും താഴെ താപനിലയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ സമയനഷ്ടമില്ലാതെ രക്ഷപ്പെടുത്തുകയെന്നത്‌ വെല്ലുവിളിയാണ്‌. പൊലീസ്‌ നായകളെ ഉൾപ്പെടെ ഉപയോഗിച്ചാണ്‌ തിരച്ചിൽ. പാതി ഇടിഞ്ഞ്‌ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ രക്ഷാപ്രവർത്തനത്തിനിടെ നിലംപൊത്തുന്ന അപകടവുമുണ്ട്‌. കുടുങ്ങിക്കിടക്കുന്നവരുടെ നിലവിളികൾ നഗരങ്ങളിൽ മുഴങ്ങുന്നു. കെട്ടിടങ്ങൾക്കടിയിലും മറ്റും പെട്ടവർ ശബ്ദസന്ദേശങ്ങളും ലൊക്കേഷനും പരിചയക്കാർക്ക്‌ അയക്കുന്നുണ്ട്‌. Read on deshabhimani.com

Related News