അമേരിക്കയില്‍ നാശം വിതച്ച് ചുഴലിക്കാറ്റ് ; നൂറോളം പേർ മരിച്ചു

videograbbed image


കെന്റക്കി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റിൽ നൂറോളം പേർ മരിച്ചതായി റിപ്പോർട്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റുകളിലൊന്നാണിതെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. 55 ദശലക്ഷത്തിലേറെ പേരെ ചുഴലിക്കാറ്റ് ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അർക്കൻസസ്, ഇല്ലിനോയ്, കെന്റക്കി, ടെന്നസി, മിസൗറി എന്നീ അഞ്ചുസംസ്ഥാനത്തെയാണ് ​ഗുരുതരമായി ബാധിച്ചത്. തെക്കൻ സംസ്ഥാനമായ കെന്റക്കിയിലാണ് കൂടുതല്‍ നാശനഷ്ടം. ഇവിടെമാത്രം എൺപതിലേറെ പേർ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും കെന്റക്കി ഗവർണർ അൻഡേയ് ബെഷെർ അറിയിച്ചു. കെന്റക്കിയിലൂടെ 320 കിലോമീറ്ററിലധികമാണ് കാറ്റ് ആഞ്ഞുവീശിയത്. സംസ്ഥാനത്ത്  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാറ്റിൽ നിലംപൊത്തിയ മെയ്ഫീൽഡിലുള്ള മെഴുകുതിരി ഫാക്ടറിയിലുണ്ടായിരുന്നവരാണ് മരിച്ചവരില്‍ അധികവും. ഇവിടെ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.  കൊടുങ്കാറ്റില്‍ തകര്‍ന്ന ഇല്ലിനോയിലെ ആമസോൺ ഗോഡൗണിലും നൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുന്നു. ദുരന്തനിവാരണസേന വിവിധയിടങ്ങളില്‍ രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരന്തബാധിത മേഖലകളിൽ കൂടുതൽ സഹായം എത്തിക്കുന്നതിനാണ് പരിശ്രമിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. Read on deshabhimani.com

Related News