ആപ്പ് നിരോധനം: യുഎസിന്‌ തിരിച്ചടിയുണ്ടാകുമെന്ന്‌ ചൈന



ബീജിങ്‌ > ടിക്‌ടോക്‌, വീചാറ്റ്‌ ആപ്പുകൾ ഡൗൺലോഡ്‌ ചെയ്യുന്നത്‌ നിരോധിച്ച അമേരിക്കൻ നീക്കത്തെ ശക്തമായി എതിർക്കുന്നതായി ചൈന അറിയിച്ചു. ചൈനീസ്‌ കമ്പനികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ തിരിച്ചും നടപടികളുണ്ടാകുമെന്ന്‌ ചൈനയുടെ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. തെളിവൊന്നും ഇല്ലാതെ, ന്യായീകരിക്കാനാകാത്ത കാരണങ്ങൾ പറഞ്ഞാണ്‌ രണ്ട്‌ സ്ഥാപനങ്ങളെ അമേരിക്ക അടിച്ചമർത്തുന്നത്‌. ഇത്‌ സാധാരണ ബിസിനസ്‌ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും അമേരിക്കൻ നിക്ഷേപ അന്തരീഷത്തിൽ അന്താരാഷ്‌ട്ര നിക്ഷേപകരുടെ വിശ്വാസം തകർക്കുകയും ആഗോള സാമ്പത്തിക വ്യാപാര ക്രമത്തിന്‌ ദോഷമുണ്ടാക്കുകയും ചെയ്‌തതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. വിരട്ടൽ അമേരിക്ക ഉടൻ അവസാനിപ്പിക്കണം എന്നും അന്താരാഷ്‌ട്ര ചട്ടങ്ങളും ക്രമവും സംരക്ഷിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. അമേരിക്കയ്‌ക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിക്കും എന്ന്‌ പറഞ്ഞിട്ടില്ലെങ്കിലും ആശ്രയിക്കാനാകാത്ത സ്ഥാപനങ്ങളുടെ പട്ടികയുണ്ടാക്കാൻ ചട്ടങ്ങൾ പുറത്തിറക്കിയിട്ടുണ്ട്‌. ചൈനയുടെ ദേശീയ താൽപ്പര്യങ്ങളെ അപകടപ്പെടുത്തുന്ന വിദേശസ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ നടപടിക്കാണ്‌ നീക്കം. Read on deshabhimani.com

Related News