മാറ്റിയിടാൻ പിപിഇ കിറ്റില്ല; മാസങ്ങളോളം ഒരേ മാസ്ക്: യുഎസിൽ ഡോക്ടർ മരിച്ചു



ടെക്സസ്‌ > പിപിഇ കിറ്റ്‌ ലഭിക്കാതെ മാസങ്ങളോളം ഒരേ മാസ്ക്‌ ധരിച്ച്‌ കോവിഡ്‌ രോഗികളെ പരിചരിക്കേണ്ടിവന്ന ഇരുപത്തെട്ടുകാരിയായ ഡോക്ടർ‌ അമേരിക്കയിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. ന്യൂയോർക്കിൽനിന്നുള്ള ഡോ. ആഡലൈൻ ഫേഗനാ (28)ണ്‌ മരിച്ചത്‌. രോഗബാധിതയായി രണ്ടുമാസം ചികിത്സയിൽ കഴിഞ്ഞു. കഴിഞ്ഞദിവസമാണ്‌ മൃതദേഹം  സംസ്കരിച്ചത്‌. ആഡലൈൻ ജോലി ചെയ്ത എച്ച്‌സിഎ ഹൂസ്റ്റൺ ഹെൽത്ത്‌ കെയർ അധികൃതർ വേണ്ടത്ര സുരക്ഷാവസ്ത്രങ്ങൾ നൽകിയിരുന്നില്ലെന്ന്‌ ബന്ധുക്കളും സഹപ്രവർത്തകരും ആരോപിച്ചു. ആശുപത്രിയിൽ രണ്ടാംവർഷ റസിഡൻസി ചെയ്യുകയായിരുന്നു ആഡലൈൻ. ഗൈനക്കോളജിസ്റ്റാണെങ്കിലും അത്യാഹിതവിഭാഗത്തിൽ കോവിഡ്‌ രോഗികളെ പരിചരിക്കുന്ന ഡ്യൂട്ടിയിലായിരുന്നു. ‘ആസ്‌മ രോഗികൂടിയായിരുന്ന ആഡലൈന്‌ സ്വന്തം പേരെഴുതിയ ഒരേയൊരു എൻ95 മാസ്കാണ്‌ ഉണ്ടായിരുന്നത്‌. പരമാവധി അഞ്ചുപ്രാവശ്യം ഉപയോഗിക്കേണ്ട മാസ്ക്‌ മാസങ്ങളോളം തുടർച്ചയായി ഉപയോഗിക്കേണ്ടിവന്നു’–- സഹപ്രവർത്തക മൗറീൻ ‘ദി ഗാർഡിയ’നോട്‌ പറഞ്ഞു. ദിവസവും 12 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യേണ്ടി വന്ന ആഡലൈന്‌ ജൂലൈ എട്ടിന്‌ രോഗം സ്ഥിരീകരിച്ചു. മരുന്നുകളോട്‌ പ്രതികരിക്കാതായതോടെ ആഗസ്ത്‌ 23 മുതൽ‌ വെന്റിലേറ്റർ വേണ്ടിവന്നു. എക്മോ തെറാപ്പി ഉൾപ്പെടെ പരീക്ഷിച്ചെങ്കിലും രക്ഷിക്കാനായില്ല. സെപ്‌തംബർ 19ന്‌ മരിച്ചു. രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃംഖലയായ എച്ച്‌സിഎ ഹെൽത്ത്‌ കെയറിന്റെ ഭാഗമാണ്‌ ആശുപത്രി. അലംഭാവമുണ്ടായെന്ന ആരോപണം അധികൃതർ നിഷേധിച്ചു. എന്നാൽ, ആശുപത്രി അധികൃതർ മാനദണ്ഡങ്ങളെല്ലാം ലംഘിക്കുന്നെന്ന ആരോപണവുമായി അടുത്തിടെ നേഴ്‌സുമാരുടെ ദേശീയ സംഘടന രംഗത്തുവന്നിരുന്നു. കോവിഡ്‌ ബാധിതരായ ആരോഗ്യപ്രവർത്തകരെ ജോലിയിൽ തുടരാൻ നിർബന്ധിക്കുന്നതായും ആരോപിച്ചു. Read on deshabhimani.com

Related News