സ്‌ത്രീകൾ കഥാപാത്രങ്ങളാകുന്ന ടെലിവിഷൻ പരിപാടികൾക്ക്‌ താലിബാന്റെ വിലക്ക്‌



കാബൂൾ > സ്‌ത്രീകൾ കഥാപാത്രങ്ങളാകുന്ന ടെലിവിഷൻ പരിപാടികളുടെ സംപ്രേഷണം നിർത്തിവെക്കാൻ അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ടെലിവിഷൻ ചാനലുകൾക്ക്‌ നിർദേശം നൽകി. ഞാറാഴ്‌ചയാണ്‌ താലിബാൻ സർക്കാരിന്‌ കീഴിലെ സദാചാര മന്ത്രാലയം മാധ്യമങ്ങൾക്ക്‌ ഈ നിർദേശം നൽകിയത്‌. ടെലിവിഷൻ വാർത്താ ചാനലുകളിൽ പരിപാടികൾ അവതരിപ്പിക്കുന്ന വനിതാ മാധ്യമപ്രവർത്തകർ നിർബന്ധമായും ഹിജാബ്‌ ധരിക്കണമെന്നും നിർദേശമുണ്ട്‌. നിര്‍ദ്ദേശപ്രകാരം സിനിമകളിലോ നാടകങ്ങളിലോ സ്‌ത്രീകള്‍ അഭിനയിക്കാന്‍ പാടില്ല. പുരുഷന്മാർ നെഞ്ച് മുതല്‍ കാല്‍മുട്ടുവരെ വ‌സ്‌ത്രം ധരിച്ച്‌ മാത്രമേ  ടെലിവിഷന്‍ ചാനലുകളില്‍ പരിപാടികൾ അവതരിപ്പിക്കാൻ പാടുള്ളു. മതവികാരം വൃണപ്പെടുത്ത തരത്തിലുള്ള ഹാസ്യപരിപാടികളോ വിനോദ പരിപാടികളോ പാടില്ല. ഇസ്‌ലാമിന്റെയോ അഫ്‌ഗാനിസ്ഥാന്റെയോ മൂല്യങ്ങൾക്ക്‌ നിരക്കാത്തതോ മുഹമ്മദ്‌ നബിയോ മറ്റ്‌ ആദരണീയ വ്യക്തിത്വങ്ങൾ കഥാപത്രങ്ങളോ ആകുന്ന പരിപാടികൾ സംപ്രേഷണം ചെയ്യുന്നതിനും വിലക്കുണ്ട്‌. ഇതൊരു നിയമമല്ല, മതപരമായ നിർദേശങ്ങളാണെന്ന്‌  മന്ത്രാലയ വക്താവ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. ആഗസ്റ്റിൽ താലിബാൻ അധികാരത്തിൽ എത്തിയതിന്‌ പിന്നാലെ സ്‌ത്രീകൾക്ക്‌ വസ്‌ത്രധാരണത്തിലടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും  സ്‌ത്രീകളുടെയും കുട്ടികളുടെയും മന്ത്രാലയത്തിനു പകരം ‘നന്മയുടെയും തിന്മയുടെയും’ മന്ത്രാലയവും  സ്ഥാപിച്ചിരുന്നു.   Read on deshabhimani.com

Related News