ജ. റൂത്‌ ഗിൻസ്‌ബർഗ്‌ അന്തരിച്ചു



വാഷിങ്‌ടൺ > അമേരിക്കൻ സുപ്രീംകോടതി ജഡ്‌ജി ജസ്‌റ്റിസ്‌ റൂത്‌ ബേഡർ ഗിൻസ്‌ബർഗ്‌ അന്തരിച്ചു. യുഎസ്‌ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്‌ജിയായിരുന്ന അവർക്ക്‌ 87 വയസ്സായിരുന്നു. സുപ്രീംകോടതിയിലെ പുരോഗമന പക്ഷത്തിന്റെ അനിഷേധ്യ നായികയായിരുന്ന റൂത് സ്‌ത്രീ സമത്വത്തിനും സാമൂഹ്യനീതിക്കും വേണ്ടി പോരാടുന്ന അമേരിക്കക്കാരുടെ ആശാകേന്ദ്രമായിരുന്നു. രണ്ട്‌ വർഷത്തോളമായി അർബുദത്തിന്‌ ചികിത്സയിലായിരുന്നു. ന്യൂയോർക്കിലെ ബ്രൂക്‌ലിനിൽ 1933 മാർച്ചിൽ ജനിച്ച അവർ അമേരിക്കൻ സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ട രണ്ടാമത്തെ സ്‌ത്രീയാണ്‌. 1993ൽ പ്രസിഡന്റ്‌ ബിൽ ക്ലിന്റൺ നിയമിച്ച റൂത്‌ 27 വർഷം സുപ്രീംകോടതി ജഡ്‌ജിയായി പ്രവർത്തിച്ചു. മരിക്കുന്നതുവരെയോ സ്വയം വിരമിക്കുന്നതുവരെയോ അമേരിക്കയിൽ സുപ്രീംകോടതി ജഡ്‌ജിമാർക്ക്‌ സ്ഥാനത്ത്‌ തുടരാം. ഗർഭച്ഛിദ്രത്തിന്‌ സ്‌ത്രീ‌ക്കുള്ള അവകാശം ദേശീയതലത്തിൽ സ്ഥാപിച്ചതടക്കം സുപ്രധാന വിധികൾ റൂത്തിന്റെതായുണ്ട്‌. ‘നൊട്ടോറിയസ്‌ ആർബിജി’ എന്നാണ്‌ ആരാധകർ ഇഷ്‌ടത്തോടെ വിളിച്ചത്‌. നൊട്ടോറിയസ്‌ എന്നാൽ അർഥം കുപ്രസിദ്ധ എന്നായതിനാൽ ആദ്യം ആ വിളി കേട്ടപ്പോൾ അവർ നടുങ്ങിയെങ്കിലും കറുത്തവംശക്കാരനായ റാപ്പർ ‘നൊട്ടോറിയസ്‌ ബിഐജി’ എന്ന പേരാണ്‌ ആ വിളിക്ക്‌ പ്രചോദനം എന്നറിഞ്ഞപ്പോൾ അവർക്കും ഇഷ്ടപ്പെട്ടു. ആരാധകർ ഒരു റോക്‌ താരത്തെ പോലെയാണ്‌ റൂത്തിനെ ഇഷ്ടപ്പെട്ടത്‌. വെള്ളിയാഴ്‌ച റൂത്തിന്റെ മരണമറിഞ്ഞ്‌ രാത്രി നൂറുകണക്കിനാളുകൾ സുപ്രീംകോടതിയുടെ പടവുകൾമുതൽ റോഡു‌വരെ തടിച്ചുകൂടി. മെഴുകുതിരികൾ കത്തിച്ച്‌ നീതിയുടെ പ്രിയ പോരാളിക്ക്‌ പ്രണാമം അർപ്പിച്ച ആളുകൾ ഇടയ്‌ക്ക്‌ പാട്ടുകൾ പാടി. പ്രസിഡന്റ്‌ ട്രംപ്‌, മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൻ, ബറാക്‌ ഒബാമ, ഡെമോക്രാറ്റിക്‌ പ്രസിഡൻഷ്യൽ സ്ഥാനാർഥി ജോ ബൈഡൻ തുടങ്ങിയ രാഷ്‌ട്രീയ നേതാക്കളും നിരവധി ഹോളിവുഡ്‌ താരങ്ങളും അനുശോചിച്ചു. ബോളിവുഡിൽനിന്ന്‌ ഹോളിവുഡിലെത്തിയ നടി പ്രിയങ്ക ചോപ്ര ജോനാസും ഇൻസ്‌റ്റാഗ്രാമിൽ റൂത്തിന്റെ ചിത്രം പങ്കുവച്ച്‌ അനുശോചന സന്ദേശം കുറിച്ചു. Read on deshabhimani.com

Related News