അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ട്രംപ്‌



വാഷിങ്‌ടൺ ജോ ബൈഡൻ 20ന്‌ അമേരിക്കയുടെ പ്രസിഡന്റായി അധികാരമേൽക്കാനിരിക്കെ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ 24 വരെ തലസ്ഥാനമായ വാഷിങ്‌ടൺ ഡിസിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആറിന്‌ ക്യാപിറ്റോളിൽ ട്രംപ്‌ അനുകൂലികൾ നടത്തിയതുപോലുള്ള കലാപം ആവർത്തിക്കുമെന്ന ആശങ്കയ്‌ക്കിടെയാണിത്‌.  കലാപത്തിൽ അഞ്ച്‌ പേർ കൊല്ലപ്പെട്ടിരുന്നു. അടിയന്തരാവസ്ഥമൂലം നഗരവാസികൾക്ക്‌ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ആശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആഭ്യന്തര സുരക്ഷാ വകുപ്പിനെയും(ഡിഎച്ച്‌എസ്‌) ഫെഡറൽ എമർജൻസി മാനേജ്‌മെന്റ്‌ ഏജൻസിയെയും അധികാരപ്പെടുത്തിയതായും വൈറ്റ്‌ഹൗസ്‌ അറിയിച്ചു. ഇതിനിടെ ആറിന്‌ ട്രംപിന്റെ പിന്തുണയോടെ നടന്ന കലാപത്തിനുശേഷം ആദ്യമായി അദ്ദേഹവും വൈസ്‌ പ്രസിഡന്റ്‌ മൈക്‌ പെൻസും ഓൽ ഓഫീസിൽ കൂടിക്കാഴ്‌ച നടത്തി. ബൈഡന്റെ വിജയം അട്ടിമറിക്കാനുള്ള ട്രംപിന്റെ ആഹ്വാനത്തെ തള്ളിയ പെൻസിനെ തൂക്കിലേറ്റണമെന്ന്‌ ട്രംപിന്റെ അനുയായികൾ മുറവിളി കൂട്ടിയിരുന്നു. ഭീഷണിയെത്തുടർന്ന്‌ ഒളിവിൽ പോകാൻ പെൻസും കുടുംബവും നിർബന്ധിതമായിരുന്നു. കലാപത്തെ തുടർന്ന്‌ കോടതിയുടെ വിമർശം നേരിട്ട ഡിഎച്ച്‌എസ്‌ ആക്ടിങ് സെക്രട്ടറി ചാഡ്‌ വുഹഫ്‌ രാജിവച്ചു. അഞ്ച്‌ ദിവസത്തിനിടെ ട്രംപിന്റെ മന്ത്രിസഭയിൽനിന്ന്‌ രാജിവയ്‌ക്കുന്ന മൂന്നാമത്തെയാളാണ്‌ വുൾഫ്‌. യുഎസ്‌ ക്യാപിറ്റോളിലെരണ്ട്‌ പൊലീസുകാരെ കലാപകാരികളോട്‌ അനുഭാവം കാണിച്ചതിന്‌ സസ്‌പെൻഡ്‌ ചെയ്‌തു. ട്രംപിന്റെ ബിരുദം റദ്ദാക്കി പെൻസിൽവേനിയയിലെ ബെത്‌ലഹേമിലുള്ള സ്വകാര്യ സർവകലാശാല മൂന്ന്‌ പതിറ്റാണ്ടുമുമ്പ്‌ ഡോണൾഡ്‌ ട്രംപിന്‌ നൽകിയ ഓണററി ബിരുദം പിൻവലിച്ചു. ട്രംപിന്റെ പ്രസംഗം കേട്ട്‌ അനുയായികൾ യുഎസ്‌ ക്യാപിറ്റോൾ മന്ദിരത്തിൽ  അഴിഞ്ഞാടിയ സംഭവത്തിന്റെ പ്രതികരണമായാണ്‌ ലീഹൈ സർവകലാശാലയുടെ നടപടി. 1988ൽ ട്രംപ്‌ ബിരുദദാന പ്രസംഗത്തിന്‌ ചെന്നപ്പോഴാണ്‌ സർവകലാശാല ബിരുദം സമ്മാനിച്ചത്‌. Read on deshabhimani.com

Related News