സുഡാനിൽ സൈനിക അട്ടിമറി ; പ്രധാനമന്ത്രിയും മന്ത്രിമാരും അറസ്‌റ്റിൽ

videograbbed image


കെയ്‌റോ ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ഇടക്കാല സർക്കാർ പിരിച്ചുവിട്ട്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ സൈന്യം. പ്രധാനമന്ത്രി അബ്ദല്ല ഹാംഡോക്കിനെ അറസ്റ്റ്‌ ചെയ്തു. വ്യവസായമന്ത്രി ഇബ്രാഹിം അൽ ഷെയ്‌ഖ്‌, വിവരമന്ത്രി ഹംസ ബലൗൾ എന്നിവരുൾപ്പെടെ അഞ്ച്‌ പ്രധാന നേതാക്കളും അറസ്റ്റിലായി. സർക്കാരിനെയും പരമോന്നത സമിതിയെയും പിരിച്ചുവിട്ടതായി ദേശീയ ടെലിവിഷനിലൂടെ ജനറൽ അബ്‌ദേൽ ഫത്താ ബുർഹാൻ പ്രഖ്യാപിച്ചു. രാജ്യത്തെ ഇന്റർനെറ്റ്‌ ബന്ധവും വിച്ഛേദിച്ചു. വിവിധ രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള പോരാണ്‌ സൈന്യത്തെ അധികാരം കൈക്കലാക്കാൻ പ്രേരിപ്പിച്ചതെന്ന്‌ ജനറൽ ബുർഹാൻ പറഞ്ഞു. രാജ്യത്ത്‌ ജനാധിപത്യം പുനഃസ്ഥാപിക്കുമെന്നും  അദ്ദേഹം പറഞ്ഞു. തലസ്ഥാനമായ ഖാർത്തൂമിലും ഇരട്ട നഗരം ഓംദർമാനിലും ജനങ്ങൾ സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധിച്ചു. പ്രതിഷേധക്കാർക്കുനേരെ സൈന്യം വെടിവച്ചതിൽ മൂന്ന് പേർ മരിച്ചു. 80 പേർക്ക്‌ പരിക്കേറ്റു. കമ്യൂണിസ്റ്റ്‌ പാർടി ഉൾപ്പെടെയുള്ള പ്രധാന രാഷ്ട്രീയ കക്ഷികൾ പ്രതിഷേധത്തിന്‌ ആഹ്വാനം ചെയ്തു. 2019ൽ ഒമർ അൽ ബാഷർ പുറത്താക്കപ്പെട്ടതിനുശേഷം ബുർഹാന്റെ നേതൃത്വത്തിൽ സൈന്യവും ജനപ്രതിനിധികളും ഉൾപ്പെട്ട പരമോന്നത സമിതിയാണ്‌ രാജ്യത്തെ നയിച്ചിരുന്നത്‌. 2023ൽ തെരഞ്ഞെടുപ്പ്‌ നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്‌. സെപ്തംബറിൽ ഒരു സംഘം സൈനികർ നടത്തിയ അട്ടിമറി ശ്രമം പരാജയപ്പെട്ടിരുന്നു. 1956ൽ ബ്രിട്ടനിൽനിന്നും ഈജിപ്തിൽനിന്നും സ്വാതന്ത്ര്യം നേടിയശേഷം രാജ്യം ഒട്ടനവധി അട്ടിമറിക്ക്‌ സാക്ഷ്യം വഹിച്ചു. 1989ൽ അൽ ബാഷർ ഭരണം കൈയടക്കിയതും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ചാണ്‌.   അപലപിച്ച്‌ ലോകം സുഡാനിൽ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ അട്ടിമറിച്ച സൈനിക നടപടിയെ ശക്തമായി അപലപിക്കുന്നതായി സുഡാനിലെ ഐക്യരാഷ്ട്ര സംഘടന പ്രതിനിധി പറഞ്ഞു. അറസ്‌റ്റിലായ പ്രധാനമന്ത്രിയെയും മറ്റ്‌ നേതാക്കളെയും ഉടൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. അട്ടിമറിയിൽ യൂറോപ്യൻ യൂണിയനും അമേരിക്കയും ആശങ്ക രേഖപ്പെടുത്തി. ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക്‌ തുരങ്കം വയ്‌ക്കുന്നതിൽനിന്ന്‌ പിന്മാറണമെന്ന്‌ സുഡാൻ സൈന്യത്തോട്‌ അമേരിക്ക ആവശ്യപ്പെട്ടു. പ്രശ്‌നങ്ങൾ ചർച്ച ചെയ്ത്‌ പരിഹരിക്കണമെന്ന്‌ ചൈന ആവശ്യപ്പെട്ടു. ജനാധിപത്യ പുനഃസ്ഥാപനം ഉറപ്പാക്കുമെന്ന 2019ൽ ഒപ്പിട്ട പ്രഖ്യാപനം ഇരുപക്ഷവും പാലിക്കണമെന്ന്‌ അറബ്‌ ലീഗും സൗദി ആസ്ഥാനമായ ഇസ്ലാമിക്‌ കോ–- ഓപ്പറേഷനും ആവശ്യപ്പെട്ടു. അട്ടിമറിയെ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ, ജർമൻ വിദേശമന്ത്രി ഹെയ്‌കോ മാസ്‌ എന്നിവർ അപലപിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന്‌ നോർവീജിയൻ അഭയാർഥി കൗൺസിൽ ആവശ്യപ്പെട്ടു. ആഭ്യന്തര സംഘർഷത്തിനൊടുവിൽ 2011ലെ റഫറണ്ടത്തെതുടർന്ന്‌ രാജ്യം സുഡാൻ, സൗത്ത്‌ സുഡാൻ എന്നിങ്ങനെ രണ്ടായി പിരിഞ്ഞിരുന്നു. Read on deshabhimani.com

Related News