ലങ്കയിൽ ഭക്ഷ്യക്ഷാമം രൂക്ഷം ; സ്കൂളുകൾ അടച്ചു , സർക്കാർ ജീവനക്കാർക്ക്‌ അവധി



കൊളംബോ കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ ഉലയുന്ന ശ്രീലങ്ക ഭക്ഷ്യക്ഷാമത്തിലേക്ക്. രാജ്യം ഗുരുതരമായ ഭക്ഷ്യക്ഷാമം വരുംദിവസങ്ങളിൽ നേരിടുമെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ മുന്നറിയിപ്പ് നൽകി. ഇന്ധനക്ഷാമം നേരിടുന്നതിനിടെയാണ് ഭക്ഷ്യപ്രതിസന്ധി. അടുത്ത വിത്തിറക്കൽ സീസണിലേക്ക് രാജ്യം വളം ഇറക്കുമതി ചെയ്യുമെന്നും വിക്രമസിംഗെ പറഞ്ഞു. പ്രസിഡന്റ് ഗോതബായ രജപക്സെ ഏപ്രിലിൽ രാസവളം ഉപയോഗിക്കുന്നത്‌ ഒറ്റയടിക്ക്‌ നിരോധിച്ചത് ഭക്ഷ്യധാന്യ ഉൽപ്പാദനത്തെ ബാധിച്ചിരുന്നു. ഇന്ധനം ലഭ്യമല്ലാത്തതിനാൽ വെള്ളിയാഴ്‌ച സ്കൂളുകൾ അടച്ചു. അവശ്യമേഖലയിലല്ലാത്ത സർക്കാർ ജീവനക്കാരോട് ജോലിക്കെത്തേണ്ടതില്ലെന്നും അറിയിച്ചു. ഇന്ധനം ഇറക്കുമതി ചെയ്യാൻ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ സർക്കാർ. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമായി തുടരുകയാണ്‌. കൊളംബോയിൽ പൊലീസ്‌ സമരക്കാർക്കുനേരെ ടിയർഗ്യാസ്‌ പ്രയോഗിച്ചു. വിക്രമസിംഗെ മന്ത്രിസഭയിലേക്ക്‌ ഒമ്പത്‌ മന്ത്രിമാരെക്കൂടി പ്രസിഡന്റ്‌ ഗോതബായ രജപക്‌സെ നിയമിച്ചു.പ്രതിപക്ഷമായ എസ്‌ജെബിയിൽനിന്നുള്ള രണ്ടുപേരെ ഉൾപ്പെടെയാണ്‌ നിയമിച്ചത്‌. മറ്റുള്ളവർ ഭരണകക്ഷിയായ എസ്‌എൽപിപിയിൽനിന്നും നേരത്തേ രാജിവച്ച ഭരണമുന്നണിയിൽനിന്നുമുള്ളവരാണ്‌.   Read on deshabhimani.com

Related News