41 എംപിമാർ പിന്തുണ പിൻവലിച്ചു ; ഭൂരിപക്ഷം നഷ്ടപ്പെട്ട് ലങ്കന്‍ സർക്കാർ



ശ്രീലങ്കയിൽ അടിച്ചമർത്തലുകളെ വെല്ലുവിളിച്ച് ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ സർക്കാരിന്റെ നില കൂടുതൽ പരുങ്ങലിലാക്കി ഗോതബായ രജപക്സെ സർക്കാരിന് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടു. 41 പാർലമെന്റംഗങ്ങൾ പിന്തുണ പിൻവലിച്ചതോടെയാണിത്. 225 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന്‌ അഞ്ചു പേരുടെ പിന്തുണ കൂടി വേണം.  അതിനിടെ ധനമന്ത്രിയായി നിയോഗിച്ച ശ്രീലങ്ക പൊതുജന പെരമുന നേതാവ് അലി സാബ്രി 24 മണിക്കൂർ തികയുംമുമ്പ് രാജിവച്ചത് രജപക്‌സെമാർക്ക് കനത്ത തിരിച്ചടിയായി. പാർലമെന്റിലെ ഡെപ്യൂട്ടി സ്പീക്കർ  രഞ്ജിത് സിയാംപാലപിതിയയും രാജിവച്ചു. മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേന നയിക്കുന്ന ശ്രീലങ്കൻ ഫ്രീഡം പാർടിയുടെ നേതാവാണ് രഞ്ജിത് സിയാംപാലപിതിയ. അടിയന്തരാവസ്ഥ പിൻവലിച്ചു രാജ്യത്തെ അടിയന്തരാവസ്ഥ പിൻവലിച്ച്‌ പ്രസിഡന്റ് ഗോതബായ രജപക്‌സെ ഉത്തരവിറക്കി. ചൊവ്വ വൈകി പുറത്തിറക്കിയ ഗസറ്റിൽ, അടിയന്തര ഭരണ ഓർഡിനൻസ് പിൻവലിച്ചതായി പ്രഖ്യാപിച്ചു. സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്‌ പാർലമെന്റിന്റെ അംഗീകാരം ലഭിക്കാൻ സാധ്യതയില്ലായിരുന്നു. പാർലമെന്റിന്റെ അംഗീകാരമില്ലെങ്കിൽ അടിയന്തരാവസ്ഥാ പ്രഖ്യാപനം  അസാധുവാകും. മഴയും മുടക്കാത്ത പ്രക്ഷോഭം പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ കൊളംബോ വിജേരാമയിലെ വീടിനു മുന്നിൽ വിദ്യാർഥികൾ അടക്കമുള്ള ആയിരങ്ങൾ മഴയെ കൂസാതെ പ്രതിഷേധിച്ചു.  മിക്കവാറും നഗരങ്ങളിലും ഗ്രാമങ്ങളിലും ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ജീവൻരക്ഷാ മരുന്നുകൾക്കും ഇന്ധനത്തിനും ക്ഷാമം തുടരുകയാണ്. വിലക്കയറ്റം രൂക്ഷമാകുന്നു. അതിനിടെ, വിവിധ രാജ്യങ്ങളിൽ ശ്രീലങ്കൻ സ്ഥാനപതി കാര്യാലയങ്ങൾ അടച്ചുപൂട്ടി. Read on deshabhimani.com

Related News