ശ്രീലങ്ക: സൈന്യത്തിന്‌ 
കൂടുതല്‍ അധികാരം



കൊളംബോ ശ്രീലങ്കയിൽ ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ  പ്രസിഡന്റ്‌ ഗോതബായ രജപക്‌സെ സൈന്യത്തിനും പൊലീസിനും കൂടുതൽ അധികാരം നൽകി. വാറന്റ്‌ ഇല്ലാതെ ആരെയും അറസ്റ്റ്‌ ചെയ്യാം."കലാപകാരികളെ' കണ്ടാലുടന്‍ വെടിവെയ്ക്കുമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി. രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയെ അറസ്റ്റ്‌ ചെയ്യണമെന്ന ആവശ്യം ശക്തമായതോടെ അദ്ദേഹം ട്രിങ്കോമാലി നാവിക താവളത്തിലേക്ക്‌ മാറി. രാജ്യത്ത് കർഫ്യൂ ബുധനാഴ്‌ച വരെ നീട്ടി.  രാജ്യത്തെ നിലവിലുള്ള സ്ഥിതി ചർച്ച ചെയ്യാൻ ഉടന്‍ പാർലമെന്റ്‌ വിളിക്കാൻ പ്രസിഡന്റ്‌ ഗോതബായയോട്‌ സ്‌പീക്കർ മഹിന്ദ യപ അബിവർധനെ അഭ്യർഥിച്ചു. പ്രധാനമന്ത്രിയും സർക്കാരും ഇല്ലാത്ത സ്ഥിതിയിൽ ഉടൻ സഭ വിളിക്കണമെന്ന്‌ പ്രതിപക്ഷ നേതാക്കളും ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടു. നിലവിൽ 17നാണ് സഭ ചേരേണ്ടത്.  ചൊവ്വാഴ്‌ചമുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന്‌ ശ്രീലങ്കയിലെ തൊഴിലാളി യൂണിയൻ അറിയിച്ചു. അക്രമങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 250ൽ അധികമായി. ഭരണപക്ഷ എംപിയുൾപ്പെടെ എട്ടു പേരാണ്‌ മരിച്ചത്‌. സമാധാനപരമായി പ്രതിഷേധിച്ചവരെ സര്‍ക്കാര്‍ അനുകൂലികള്‍ ബലംപ്രയോ​ഗിച്ച് നീക്കിയതാണ് രാജ്യത്തെ ആഭ്യന്തരകലാപത്തിലേക്ക് തള്ളിവിട്ടത്. Read on deshabhimani.com

Related News