മഹിന്ദ രജപക്‌സെ പുറത്തേക്ക്‌ ; ഇടക്കാല സർക്കാർ രൂപീകരിക്കും



കൊളംബോ ശ്രീലങ്കയിൽ മഹിന്ദ രജപക്‌സെയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കാനുള്ള ആവശ്യം പ്രസിഡന്റും സഹോദരനുമായ  ഗോതബായ രജപക്‌സെ അംഗീകരിച്ചതായി റിപ്പോർട്ട്‌. എല്ലാ പാർടിക്കും പ്രാതിനിധ്യമുള്ള ഇടക്കാല സർക്കാർ രൂപീകരിക്കും. 20 അംഗ മന്ത്രിസഭ രൂപീകരിക്കുമെന്നും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ ദേശീയ കൗൺസില്‍ രൂപീകരിക്കുമെന്നും  പ്രസിഡന്റുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം മുന്‍പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു. കൗൺസിലില്‍ എല്ലാ പാർടി പ്രതിനിധികളും ഉണ്ടാകും. മഹിന്ദ രജപക്‌സെയ്‌ക്ക്‌ പ്രധാനമന്ത്രിയായി തുടരാൻ 117 എംപിമാരുടെ പിന്തുണയുണ്ടെന്ന്‌ ഗോതബായ അവകാശപ്പെട്ടതിന് പിന്നാലെയാണ് നാടകീയമായ പുതിയ നീക്കം. എന്നാൽ, പ്രസിഡന്റ്‌ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന്  മഹിന്ദയുടെ വക്താവ്‌ റോഹൻ വെലിവിറ്റ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട രജപക്‌സെ സർക്കാർ  രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ശ്രീലങ്കയിൽ പ്രതിഷേധം തുടരുകയാണ്‌. ഐക്യസർക്കാർ രൂപീകരിക്കാമെന്ന്‌ വാഗ്‌ദാനം ചെയ്തെങ്കിലും മഹിന്ദയുടെ നേതൃത്വത്തിലുള്ള സർക്കാരിനൊപ്പം ചേരാൻ പ്രതിപക്ഷം തയ്യാറായില്ല.   Read on deshabhimani.com

Related News