ശ്രീലങ്കയിൽ പ്രതിഷേധം; റമ്പുക്കാനയിൽ കർഫ്യൂ

ലങ്കന്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കൊളംബോയില്‍ തുടരുന്ന പ്രതിഷേധം


കൊളംബോ> ശ്രീലങ്കയിൽ പ്രതിഷേധം ശക്തമായ റമ്പുക്കാനയിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്ധനവില വർധനയ്‌ക്കെതിരെ ചൊവ്വാഴ്‌ച നടന്ന പ്രതിഷേധത്തിനു നേരെ നടന്ന പൊലീസ്‌ വെടിവയ്‌പിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ്‌ ഇനിയൊരു അറിയിപ്പുണ്ടാകുംവരെ കർഫ്യൂ പ്രഖ്യാപിക്കുന്നതായി അധികൃതർ അറിയിച്ചത്‌. പരിക്കേറ്റ 13 പേരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്‌. 15 പൊലീസുകാർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്‌. സംഭവത്തിൽ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്‌. പ്രതിഷേധക്കാർ റെയിൽപാത തടയുകയും ഇന്ധന ടാങ്കിന്‌ തീയിടാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ്‌ വെടിവച്ചതെന്നാണ്‌ പൊലീസ്‌ ന്യായം.  പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കരുതെന്ന്‌ പ്രസിഡന്റ്‌ ഗോതബായ രജപക്‌സെയും പ്രധാനമന്ത്രി മഹിന്ദയും ട്വീറ്റ്‌ ചെയ്തു. ഐക്യരാഷ്‌ട്ര സംഘടനയും യൂറോപ്യൻ യൂണിയനും സംഭവത്തെ അപലപിച്ചിരുന്നു. കൊളംബോയിൽ പ്രസിഡന്റിന്റെ വസതിക്കു മുമ്പിൽ നടക്കുന്ന പ്രതിഷേധം ബുധനാഴ്‌ച 12 ദിവസം പിന്നിട്ടു. 3 എംപിമാർകൂടി രജപക്‌സെ സഖ്യം വിട്ടു ശ്രീലങ്കയിൽ രജപക്‌സെ സർക്കാരിനെ പ്രതിരോധത്തിലാക്കി മൂന്ന്‌ എംപിമാർകൂടി പിന്തുണ പിൻവലിച്ചു. ശ്രീലങ്ക മുസ്ലിം കൗൺസിൽ (സിഎൽഎംസി) ഫൈസൽ  കാസിം, ഇഷാക്‌ റഹുമാൻ, എം എസ്‌ തൗഫീഖ്‌ എന്നിവരാണ്‌ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന്‌ അറിയിച്ചത്‌. പാർലമെന്റിൽ 156 എംപിമാരിൽ 39 പേർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. Read on deshabhimani.com

Related News